ഇനി മാലിന്യം വലിച്ചെറിയരുത്, കത്തിക്കരുത്; കാത്തിരിക്കുന്നത് കടുത്ത ശിക്ഷാ നടപടികൾ; സമ്പൂര്‍ണ ഹരിത പദവിയിലേക്ക് ഇടുക്കി ജില്ല
text_fieldsതൊടുപുഴ: ടൗണുകളെയും പൊതുയിടങ്ങളെയും ടൂറിസം കേന്ദ്രങ്ങളെയും ജലസ്രോതസ്സുകളെയും ഉള്‍പ്പെടെ പൂര്‍ണമായും മാലിന്യമുക്തമാക്കി ജില്ല സമ്പൂര്‍ണ ഹരിത പദവിയിലേക്ക് കടക്കുകയാണ്. ഒക്ടോബര്‍ രണ്ടു മുതല്‍ ആരംഭിച്ച കാമ്പയിന് മാര്‍ച്ച് 30ന് പൂര്‍ത്തിയാക്കി. ജില്ലയിലെ എല്ലാ പഞ്ചായത്തുകളെയും ബ്ലോക്ക് പഞ്ചായത്തുകളെയും സമ്പൂര്‍ണ മാലിന്യമുക്തമായി ഇതിനകം പ്രഖ്യാപിച്ചു. ചൊവ്വാഴ്ച ചേരുന്ന വിപുലമായ ചടങ്ങിലാണ് ജില്ലയെ ഹരിതമായി പ്രഖ്യാപിക്കും. ഇതോടൊപ്പം മാലിന്യമുക്തം നവകേരളം കാമ്പയിനിന്റെ ഭാഗമായി മാലിന്യം വലിച്ചെറിയുക, കത്തിക്കുക, മലിനജലം ഒഴുക്കിവിടുക തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ നടപടി കടുപ്പിച്ചിരിക്കുകയാണ് തദ്ദേശ സ്ഥാപനങ്ങൾ. പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കാനാണ് സർക്കാർ തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിരിക്കുന്നത്. മൂന്ന് വർഷത്തിനിടയിലെ കണക്കുകൾ പരിശോധിച്ചാൽ ലക്ഷങ്ങളാണ് മാലിന്യം തള്ളിയതുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപനങ്ങൾ ഈടാക്കിയത്.
മാലിന്യം തള്ളുന്നവർക്കെതിരെ മുഖം നോക്കാതെ നടപടി
ജില്ലയിലെ രണ്ടു നഗരസഭയിൽനിന്നായി 14 ലക്ഷം രൂപയാണ് മുൻ വർഷങ്ങളിൽ പിഴയീടാക്കിയത്. 2023 മാർച്ച് മുതൽ 2025 മാർച്ച് വരെ പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളിയ 209 കേസാണ് തൊടുപുഴ നഗരസഭയിൽ കണ്ടെത്തിയത്. ഇക്കാലയളവിൽ പിഴയിനത്തിൽ 6.49 ലക്ഷം രൂപ പിഴയീടാക്കി. ഇക്കൊല്ലം ജനുവരിയിൽ 29,000 രൂപയും ഫെബ്രുവരിയിൽ 16,000 രൂപയും മാർച്ചിൽ 29,500 രൂപയും പിഴയിനത്തിൽ ഈടാക്കിയതായാണ് കണക്ക്.
കട്ടപ്പന നഗരസഭയിൽ 2024-25 വർഷത്തിൽ മാലിന്യം തള്ളിയ 200 കേസാണ് കണ്ടെത്തിയത്. ഇതിൽനിന്ന് ഏഴ് ലക്ഷം രൂപ പിഴയീടാക്കി. ഇരട്ടയാർ പഞ്ചായത്തിൽ 35 കേസിലായി 1.70 ലക്ഷവും വണ്ടിപ്പെരിയാർ പഞ്ചായത്തിൽ ഒരു വർഷത്തിനിടെ 63 പരിശോധനയിലായി 32 കേസും എടുത്തു. ഇതിൽ 67,000 രൂപ പിഴ ചുമത്തി. ചക്കുപള്ളം പഞ്ചായത്തിൽ കഴിഞ്ഞ വർഷം 45 കേസിൽനിന്നായി 1.75 ലക്ഷം രൂപ പിഴയീടാക്കി. അയ്യപ്പൻകോവിൽ പഞ്ചായത്തിൽ പൊതുസ്ഥലത്ത് മാലിന്യം തള്ളിയ 64 സംഭവങ്ങൾ കണ്ടെത്തി. 1.5 ലക്ഷം രൂപ പിഴ നിശ്ചയിച്ചു. ഇതിൽ നോട്ടീസ് നൽകി 75,000 രൂപ പിഴ അടപ്പിച്ചു. നോട്ടീസ് നൽകിയിട്ടും 14 പേർ പിഴയടച്ചില്ല. 75,000 രൂപ പിഴയടപ്പിക്കുന്നതിന് ഇവർക്കെതിരെ കേസെടുത്തു. ഉപ്പുതറ പഞ്ചായത്തിൽ 42 നിയമ ലംഘനങ്ങളിൽനിന്ന് 85,000 രൂപ പിഴയടപ്പിച്ചു. പാമ്പാടുംപാറ പഞ്ചായത്തിൽ 2023 മാർച്ച് മുതൽ 2025 മാർച്ചുവരെ 52 നിയമ ലംഘനങ്ങൾ കണ്ടെത്തി. 2.07 ലക്ഷം പിഴയീടാക്കി. അറക്കുളം പഞ്ചായത്തിൽ രണ്ട് വർഷത്തിനുള്ളിൽ മാലിന്യം തള്ളിയ 54 കേസുകൾ കണ്ടെത്തി നടപടിയെടുത്തു. 1.68 ലക്ഷം പിഴ ചുമത്തി. 33,500 മാത്രമാണ് പിഴ ലഭിച്ചത്. വെള്ളിയാമറ്റം പഞ്ചായത്തിൽ കഴിഞ്ഞ ഒരുവർഷത്തിനിടെ എട്ട് നിയമലംഘനം കണ്ടെത്തി. 29,000 രൂപ പിഴയടപ്പിച്ചു.
മറയൂരിൽ പൊതുസ്ഥലത്തും കൃഷിയിടത്തിലും മാലിന്യം തള്ളിയ നാല് കേസുകൾ മറയൂർ പഞ്ചായത്ത് അധികൃതർ കണ്ടെത്തി. മറയൂരിലെ ഒരു റിസോർട്ടിൽനിന്നും മലിനജലം കൃഷിയിടത്തിലേക്ക് തുറന്നുവിട്ടതിനും പ്ലാസ്റ്റിക് മാലിന്യം കത്തിച്ചതിനുമാണ് 10,000 രൂപ വീതം 20,000 രൂപ ഈടാക്കി. മലിനജലം പൊതുസ്ഥലത്ത് തുറന്നു വിട്ടതിന് രണ്ട് ഹോട്ടലുകൾക്ക് 10,000 രൂപ വീതം പിഴയടക്കാൻ നോട്ടീസ് നൽകിയിട്ടുണ്ട്. നെടുങ്കണ്ടം പഞ്ചായത്തിൽ 2024 മാർച്ച് 23 മുതൽ 2025 മാർച്ച് 20 വരെ വ്യക്തികളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും 17 കേസുകളെടുക്കുകയും 1.61 ലക്ഷം രൂപ പിഴ ഈടാക്കി. മൂന്നാർ പഞ്ചായത്തിൽ ഒരു വർഷത്തിനിടെ മാലിന്യം തള്ളിയ 56 കേസുകൾ കണ്ടെത്തി. മൂന്ന് ലക്ഷം രൂപ പിഴയീടാക്കി. മൂന്നാറിലെ സ്വകാര്യ റിസോർട്ടിൽനിന്ന് 50,000 രൂപ പിഴ ഈടാക്കിയിരുന്നു. ഉടുമ്പന്നൂരിൽ ഒരു വർഷത്തിനിടെ 14 നിയമലംഘനങ്ങളാണ് പഞ്ചായത്ത് കണ്ടെത്തി നടപടിയെടുത്തത്. 98,500 രൂപ പിഴയീടാക്കി വണ്ണപ്പുറം പഞ്ചായത്തിൽ 2024 മാർച്ച് മുതൽ 2025 മാർച്ചുവരെ പൊതുയിടത്ത് മാലിന്യം തള്ളിയ 10 കേസുകൾ കണ്ടെത്തി. 50,000 രൂപ പിഴയീടാക്കി. മാലിന്യം തള്ളിയത് സംബന്ധിച്ച് വിവരങ്ങൾ നൽകിയ രണ്ടുപേർക്ക് പരിതോഷികവും നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.