Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 May 2022 12:07 AM GMT Updated On
date_range 9 May 2022 12:07 AM GMTറോഡ് പുഴയെടുക്കുന്നു; നടപടിയെടുക്കാതെ അധികൃതർ
text_fieldsbookmark_border
ശ്രീകണ്ഠപുരം: മടമ്പം- അലക്സ് നഗർ റോഡ് പുഴയെടുക്കുമ്പോഴും സംരക്ഷണ നടപടികൾക്ക് മുതിരാതെ അധികൃതർ. റോഡിന്റെ പലഭാഗത്തും വിള്ളലുണ്ടായിട്ടും സംരക്ഷണഭിത്തി കെട്ടാനോ പുഴയിലേക്കിടിഞ്ഞ റോഡിനോട് ചേർന്ന് താൽക്കാലിക വേലി കെട്ടി വാഹനങ്ങൾക്ക് സംരക്ഷണം നൽകാനോ അധികൃതർ തയാറായിട്ടില്ല. 2020ലെ പ്രളയസമയത്താണ് പൊടിക്കളം-മടമ്പം- അലക്സ് നഗർ റോഡിൽ അലക്സ് നഗർ കുരിശുപള്ളിക്ക് സമീപത്തെ റോഡിന്റെ പകുതിയോളം പുഴയിലേക്കിടിഞ്ഞത്. നിലവിൽ 50 മീറ്ററോളം ദൂരത്തിൽ റോഡ് പുഴയെടുത്തനിലയിലാണ്. റോഡരികിലെ തെങ്ങുകളും മരങ്ങളും ഉൾപ്പെടെ പുഴയിലേക്ക് പതിച്ചിട്ടുണ്ട്. ചെറിയ വാഹനങ്ങൾക്ക് പോകാനുള്ള സൗകര്യമേയുള്ളൂവെങ്കിലും അപകടാവസ്ഥ മനസ്സിലാക്കാതെ മറ്റു വാഹനങ്ങളും ഇതുവഴി പോകുന്നുണ്ട്. നിലവിൽ ഇടിഞ്ഞഭാഗത്തെ റോഡിനോട് ചേർന്ന് അപകടം സൂചിപ്പിക്കാനുള്ള ബോർഡുപോലും സ്ഥാപിച്ചിട്ടില്ല. കരയിടിഞ്ഞ ഭാഗത്ത് കാടുകയറിയിട്ടുണ്ട്. അതുകൊണ്ടുതന്നെ പുഴയിടിഞ്ഞ ഭാഗം പെട്ടെന്ന് യാത്രക്കാരുടെ ശ്രദ്ധയിൽപെടാനും സാധ്യതയില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. 2019ലെ പ്രളയ സമയത്തും ഇതിന് സമീപത്ത് കരിയിടിഞ്ഞ് ഗതാഗതം മുടങ്ങിയിരുന്നു. രാത്രികാലങ്ങളിൽ കരയിടിയുന്നതറിയാതെ ഈ മേഖലകളിലെ പുഴയോരത്തുകൂടി പലരും നടന്നുപോകാറുണ്ട്. ഇത് കൂടുതൽ അപകടമുണ്ടാകുമോയെന്ന ആശങ്കയിലാണ് പ്രദേശവാസികൾ. ഇടിയുന്നഭാഗത്ത് താൽക്കാലികമായി മുളവേലിയെങ്കിലും കെട്ടി സംരക്ഷണം ഉറപ്പാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. ഇതിനു സമീപത്തുള്ള ഭാഗവും പുഴയിലേക്കിടിഞ്ഞ് തുടങ്ങിയിട്ടുണ്ട്. മഴക്കാലമായാൽ മുഴുവൻ പുഴയിലേക്കിടിയാനുള്ള സാധ്യതയുണ്ട്. മടമ്പത്തുനിന്ന് അലക്സ് നഗർ, ഐച്ചേരി ഭാഗത്തേക്ക് പോകുന്ന ഈ റോഡിലൂടെ നിരവധി വാഹനങ്ങളാണ് ദിവസേന പോകുന്നത്. കാഞ്ഞിലേരി -അലക്സ് നഗർ പാലത്തിന്റെ നിർമാണം പൂർത്തിയായാൽ ഇതുവഴിയുള്ള വാഹനങ്ങളുടെ എണ്ണവും വർധിക്കും. റോഡ് പുഴയിലേക്കിടിഞ്ഞ് രണ്ടു വർഷത്തിലധികമായിട്ടും പുനർനിർമിക്കാൻ തയാറാകാത്ത അധികൃതരുടെ നടപടിക്കെതിരെ പ്രതിഷേധമുയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story