ആഫ്രിക്കൻ പന്നിപ്പനി; 110 പന്നികളെ കൊന്നൊടുക്കി
text_fieldsഇരിട്ടി: പായം പഞ്ചായത്തിലെ നാട്ടേലിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച ഫാമിലേതടക്കം മൂന്ന് ഫാമുകളിൽ നിന്നായി 110 പന്നികളെ കൊന്നൊടുക്കി. തിങ്കളാഴ്ച രാവിലെ മൃഗസംരക്ഷണ വകുപ്പ് ജില്ല ഓഫിസറുടെ നേതൃത്വത്തിൽ പ്രത്യേക പരിശീലനം കിട്ടിയ ആർ.ആർ.ടി വിഭാഗമാണ് പന്നികൾക്ക് ദയാവധം നടത്തിയത്. മൂന്നാഴ്ച മുമ്പാണ് നെല്ലിക്കുന്നിൽ സുനിൽ മാത്യുവിന്റെ ഫാമിൽ പന്നികൾ കൂട്ടത്തോടെ ചാകുന്ന സാഹചര്യം ഉണ്ടായത്. ബാംഗ്ലൂരിലെ ലാബിൽ നടത്തിയ പരിശോധനയിൽ പന്നിപ്പനിയാണെന്ന് സ്ഥിരീകരിച്ചതോടെ ഇവയെ കൊന്നൊടുക്കുന്നതിനായി കഴിഞ്ഞദിവസം ദയാവധത്തിന് തീരുമാനിക്കുകയായിരുന്നു. രോഗപ്രതിരോധ നടപടിക്രമങ്ങളുടെ ഭാഗമായി രോഗം സ്ഥിരീകരിച്ച ഫാമിലേയും പ്രഭവ കേന്ദ്രത്തിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള മറ്റ് രണ്ട് പന്നിഫാമുകളിലേയും പന്നികളെയാണ് കൊന്നത്.
തിങ്കളാഴ്ച രാവിലെ സുരക്ഷാ വസ്ത്രങ്ങൾ അണിഞ്ഞെത്തിയ സംഘം ആദ്യം ഇലക്ട്രിക് ഉപകരണം ഉപയോഗിച്ച് ഓരോ പന്നികളേയും അബോധാവസ്ഥയിലാക്കി. രക്തം കളഞ്ഞ ശേഷം ഭൂനിരപ്പിൽ നിന്ന് ആറടിത്താഴ്ചയിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിയെടുത്ത് ഇവയെ മറവ് ചെയ്ത് അണു നശീകരണം നടത്തി.
ആന്റണിയുടെ ഫാമിൽ നിന്ന് 67 പന്നികളെയും സുനിൽ മാത്യുവിന്റെ ഫാമിൽ നിന്ന് 37 പന്നികളെയും കുര്യന്റെ ഫാമിൽ നിന്ന് 6 പന്നികളെുമാണ് കൊന്നത്. പന്നികൾക്ക് വലിപ്പം അനുസരിച്ച് 2200 മുതൽ 15,000 രൂപ വരെ നഷ്ടപരിഹാരം നൽകുന്നതിനുള്ള റിപ്പോർട്ടും പ്രത്യേകസംഘം തയാറാക്കി. തിങ്കളാഴ്ച സ്ഥലത്ത് തുടരുന്ന സംഘം ചൊവ്വാഴ്ച അഗ്നിരക്ഷാ സംഘത്തിന്റെ നേതൃത്വത്തിലുള്ള അണുനശീകരണവും കഴിഞ്ഞ ശേഷമേ മടങ്ങുകയുള്ളൂ.
ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചാൽ ഇവയെ കൊന്നൊടുക്കി അണുനശീകരണം നടത്തിയ ശേഷം മൂന്നുമാസത്തിനു ശേഷമേ പരിശോധനകൾക്ക് വിധേയമായി ഫാം പുനരാരംഭിക്കാൻ അനുവദിക്കുകയുള്ളൂ. രോഗം സ്ഥിരീകരിക്കാത്ത ഫാമുകളിൽ ദയാവധം നടത്തിയ സ്ഥലത്ത് 40 ദിവസത്തിന് ശേഷം പരിശോധനകൾക്ക് വിധേയമായി പുനരാരംഭിക്കുവാൻ അനുമതി നൽകുമെന്ന് ജില്ല മൃഗസംരക്ഷണ ഓഫിസർ എസ്.ജെ. ലേഖ അറിയിച്ചു.
ജില്ലയിൽ തുടർച്ചയായി ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ കേരള മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ആവശ്യപ്പെട്ടതനുസരിച്ച് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വെറ്റിനറി എപ്പിഡോളമി ആൻഡ് ഡിസീസ് ഇൻഫർമാറ്റിക് ബംഗളുരു ഓഫിസിൽ നിന്നുള്ള ശാസ്ത്രജ്ഞരായ ഡോ. ജഗദീഷ് ഹിരമത്ത്, ഡോ. ശിവ ശരണപ്പ, ഡോ. എച്ച്.ബി. ചേതൻകുമാർ, ഡോ. സതീഷ് ഗൗഡ എന്നിവർ സന്ദർശനത്തിന് എത്തി. രണ്ടുദിവസം ഇവർ ഈ മേഖലയിലെ കർഷകരുൾപ്പെടെ കാണും. പഞ്ചായത്ത് പ്രസിഡന്റുമാരായ പി. രജനി, കുര്യാച്ചൻ ബൈമ്പിള്ളിക്കുന്നേൽ, മെംബർമാരായ സജി മച്ചിത്താനിയിൽ, പി. സാജിദ്, വി. പ്രമീള എന്നിവരും സ്ഥലത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.