പുതുപാതകൾ തുറന്ന് കൃത്രിമ അവയവ നിർമാണ യൂനിറ്റ്
text_fieldsകണ്ണൂർ: അപകടംമൂലമോ ജന്മനാലോ നേരിട്ട ശാരീരിക വൈകല്യംകൊണ്ട് ജീവിതത്തോട് പൊരുതുന്നവർക്ക് മുന്നിൽ അതിജീവനത്തിന്റെ വഴിതുറന്ന് ജില്ല ഗവ. ആശുപത്രിയിലെ കൃത്രിമ അവയവ നിർമാണ യൂനിറ്റ്. വിപണിയിൽ ഒരു ലക്ഷത്തിലധികം രൂപ വിലയുള്ള ആധുനിക കാലുകൾ സൗജന്യമായി നൽകുന്ന ഈ യൂനിറ്റ് ഇതുവരെ ആയിരത്തിലധികം പേർക്കാണ് ആശ്വാസമേകിയത്. 1993ലാണ് ജില്ല ആശുപത്രിയിൽ കൃത്രിമ അവയവ നിർമാണ യൂനിറ്റ് ആരംഭിച്ചത്. വർഷങ്ങളോളം പരമ്പരാഗതരീതിയിലുള്ള കാലുകൾ നിർമിച്ചുനൽകി. ഇവ സുഗമമായ ചലനത്തിന് പലപ്പോഴും തടസ്സമായിരുന്നു.
ഇതോടെ ജൂണിൽ മോഡുലാർ പ്രൊസ്തസിസ് എന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് ആധുനിക രീതിയിൽ കൃത്രിമ അവയവ നിർമാണം തുടങ്ങി. ഇവ ബി.പി.എൽ കുടുംബങ്ങൾക്ക് സൗജന്യമായാണ് നൽകുന്നത്. ജില്ല പഞ്ചായത്ത് അനുവദിച്ച ഫണ്ട് ഉപയോഗിച്ച് മറ്റുള്ളവർക്കും നിലവിൽ സൗജന്യമാണ്.
രോഗിക്ക് പരിശീലനം നൽകുന്നതിലൂടെ അനായാസം കൈകാര്യം ചെയ്യാൻ കഴിയുമെന്നതാണ് ആധുനിക നിർമാണ രീതിയുടെ പ്രത്യേകത. സുഗമമായി ചലിപ്പിക്കാനും സാധിക്കും. വ്യക്തിയുടെ കൃത്യമായ അളവെടുത്ത് അലൂമിനിയം, ഫൈബർ എന്നിവ കൊണ്ടാണ് നിർമിക്കുന്നത്.
ഏഴ് ദിവസത്തെ പരിശീലനം കഴിഞ്ഞാൽ പ്രയാസമില്ലാതെ നടക്കാം. കണ്ണൂർ, കാസർകോട് ജില്ലകൾക്കായി കണ്ണൂരിൽ മാത്രമാണ് ഇത്തരമൊരു യൂനിറ്റ് പ്രവർത്തിക്കുന്നത്.
നട്ടെല്ലിന് ബലക്കുറവ് ഉള്ളവർക്കുള്ള സ്പൈനൽ ജാക്കറ്റ്, നടുവിന് വളവുള്ളവർക്കുള്ള സഹായ ഉപകരണങ്ങൾ, കാൽ പാദത്തിന് വളവ് ഉള്ളവർക്കുള്ള ചെരിപ്പുകൾ, കഴുത്തിനുള്ള കോളറുകൾ, മൈക്രോ സെല്ലുലാർ റബറുകൾ കൊണ്ട് നിർമിക്കുന്ന ചെരിപ്പുകൾ, കൃത്രിമ കൈകൾ എന്നിവയും ഇവിടെയുണ്ട്. ആവശ്യക്കാർ ജില്ല ആശുപത്രിയിലെ യൂനിറ്റിൽ എത്തി രജിസ്റ്റർ ചെയ്യണം.
തുടർന്ന് മോഡലുകൾ നിർമിച്ച് ഘടിപ്പിച്ച് പരിശോധിക്കും. ആധുനിക കാലുകൾക്ക് ആവശ്യക്കാർ എത്തിയാൽ രണ്ടാഴ്ചക്കകം നൽകും. കൃത്രിമ അവയവ നിർമാണ യൂനിറ്റ് മേധാവി ഡോ. മായ ഗോപാലകൃഷ്ണന്റെ നേതൃത്വത്തിൽ ഒമ്പത് ജീവനക്കാരാണ് നിർമാണ പ്രവർത്തനങ്ങളിൽ പങ്കാളിയാവുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.