പഞ്ചായത്ത് ജീവനക്കാരുടെ മനോഭാവത്തിൽ മാറ്റം വേണം: സർക്കുലർ വിവാദത്തിലേക്ക്
text_fieldsചെറുവത്തൂർ: പഞ്ചായത്ത് വകുപ്പിലെ ജീവനക്കാരുടെ മനോഭാവത്തിൽ മാറ്റം ആവശ്യപ്പെട്ട് അഡീഷനൽ ഡയറക്ടർ പുറത്തിറക്കിയ സർക്കുലർ വിവാദത്തിലേക്ക്. ജീവനക്കാർക്കിടയിലാണ് സർക്കുലർ മുറുമുറുപ്പിനിടയാക്കിയത്. പഞ്ചായത്ത് കാര്യാലയത്തിലേക്ക് ഫോൺ വിളിച്ചാൽ മൂന്നു റിങ്ങിനുള്ളിൽ എടുക്കണമെന്നതാണ് ആദ്യ നിർദേശം. ഫോൺ എടുക്കുന്നയാളും വിളിക്കുന്നയാളും പരസ്പരം പരിചയപ്പെടണം. സംസാരിക്കുമ്പോൾ ജീവനക്കാർ വ്യക്തമായും ഉച്ചത്തിലും സംസാരിക്കണം. ഒച്ച പോരെന്ന് തോന്നുന്നവർ ലൗഡ് സ്പീക്കർ ഉപയോഗിക്കണം.
ഫോൺ സംഭാഷണത്തിനിടെ ആവശ്യമായ വിവരങ്ങൾ കുറിച്ചെടുക്കണം. ഏറ്റവും സൗമ്യമായ ഭാഷയിലായിരിക്കണം ജീവനക്കാരുടെ സംസാരം. ഫോൺ കട്ട് ചെയ്യുന്നതിനുമുമ്പ് മറ്റാർക്കെങ്കിലും ഫോൺ കൊടുക്കണോ എന്ന് അന്വേഷിക്കുകയും വേണം. ശബ്ദസന്ദേശം വന്നിട്ടുണ്ടെങ്കിൽ കൃത്യമായ മറുപടി നൽകണം. ഓഫിസിലുള്ളപ്പോൾ മൊബൈൽ ഫോൺ റിങ്ങിങ് ഒഴിവാക്കുകയോ ശബ്ദം താഴ്ത്തിവെക്കുകയോ വൈബ്രേഷൻ മോഡ് ഉപയോഗിക്കുകയോ വേണം. സംഭാഷണം അവസാനിപ്പിച്ചാൽ പരസ്പരം നന്ദി പറയുകയും വേണം.
ഇവയാണ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ സർക്കുലറിൽ പറയുന്നത്. എന്നാൽ, ഇത്തരത്തിൽ തന്നെയാണ് ഓഫിസുകളിൽ നടന്നുവരുന്നതെന്നും ഉത്തരവിറക്കിയത് ഉദ്യോഗസ്ഥരെ കുറിച്ച് പൊതുജനത്തിന് തെറ്റായ ധാരണ നൽകുമെന്നുമാണ് പൊതുവേ ഉയർന്നിട്ടുള്ള ആക്ഷേപം. പഞ്ചായത്ത് വകുപ്പിലെ ഓഫിസുകളുടെ സുഗമമായ പ്രവർത്തനത്തിനും കാര്യക്ഷമതക്കും നൽകുന്ന സേവനങ്ങളുടെ വേഗത വർധിപ്പിക്കുന്നതിനും നടപടിക്രമങ്ങളിലെ ലഘൂകരണത്തിനും വേണ്ടിയാണെന്നാണ് സർക്കുലറിൽ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.