പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമം; പഴശ്ശി മെയിൻ കനാൽ തുറന്ന് വെള്ളമൊഴുക്കി
text_fieldsഇരിട്ടി: പഴശ്ശി പദ്ധതിയുടെ മെയിൻ കനാലിന്റെ മൂന്ന് ഷട്ടറുകളും തുറന്നതോടെ ഒരു പതിറ്റാണ്ടിന് ശേഷം പഴശ്ശി മെയിൻ കനാൽ വഴി വെള്ളം കുതിച്ചൊഴുകി. പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ വെള്ളമൊഴുക്കൽ കരുതിയതിലും വേഗം കൈവരിച്ചത് അധികൃതരിലും പ്രതീക്ഷ പകർന്നു.
ബുധനാഴ്ച രാവിലെ 10നാണ് പഴശ്ശി ജലാശയത്തിൽ നിന്നും കനാലിലേക്ക് തുറക്കുന്ന ഷട്ടറുകൾ അധികൃതർ ഉയർത്തിയത്. 2012ലെ പ്രളയത്തിൽ തകർന്ന 46.5 കിലോമീറ്റർ ദൂരം വരുന്ന കനാൽ കോടികൾ മുടക്കി നവീകരിച്ച ശേഷമുള്ള ആദ്യ പരീക്ഷണമാണ് ഇന്നലെ നടന്നത്. രാവിലെ 9.45ന് കനാലിലേക്കുള്ള മൂന്ന് ഷട്ടറുകളും 10 സെന്റീമീറ്റർ വീതമാണ് തുറന്നത്. ഒന്നര മണിക്കൂർ കൊണ്ട് അധികൃതർ പ്രതീക്ഷിച്ചതിലും വളരെ വേഗത്തിൽ രണ്ട് കിലോമീറ്റർ വെളളം ഒഴുകിയെത്തി. പദ്ധതിയിൽ നിന്നും ഒന്നര കിലോമീറ്റർ അകലെയുള്ള വെളിയമ്പ്ര ടണലിലേക്ക് വെള്ളം കുതിച്ചെത്തിയതോടെ നേരത്തേ പത്ത് സെന്റീമീറ്റർ ഉയർത്തിയ മൂന്ന് ഷട്ടറുകളും 20 സെന്റീമീറ്റർ കൂടി ഉയർത്തിയതോടെ ഒഴുക്കിന് ഏറെ ശക്തി കൂടി.
കഴിഞ്ഞ തവണ പരീക്ഷണാടിസ്ഥാനത്തിൽ കനാലിലേക്ക് വെള്ളമൊഴുക്കിയപ്പോൾ 13 .5 കിലോമീറ്റർ വെള്ളം എത്താൻ ഒരാഴ്ചയോളം എടുത്തിരുന്ന സ്ഥാനത്ത് ഇത്തവണ ആദ്യ ദിനം തന്നെ 24 മണിക്കൂർ കൊണ്ട് 15 കിലോമീറ്റർ എങ്കിലും വെള്ളമെത്തിക്കാൻ കഴിയും എന്ന പ്രതീക്ഷയിലായിരുന്നു അധികൃതർ.എന്നാൽ എല്ലാ പ്രതീക്ഷകളും മറികടന്നുകൊണ്ടുള്ള ജലപ്രവാഹമാണ് ഇപ്പോൾ ആദ്യ ദിനത്തിൽ ഉണ്ടായിരിക്കുന്നത്.
ആദ്യ ആറു മണിക്കൂറിൽ തന്നെ ജലമൊഴുക്ക് പത്ത് കിലോമീറ്റർ പിന്നിട്ടുകഴിഞ്ഞു. പഴശ്ശി പദ്ധതി മുതൽ പറശ്ശിനിക്കടവ് നീർപ്പാലം വരെയുള്ള 46.5 കിലോമീറ്റർ വെള്ളം എത്തുന്നതിന് കുറഞ്ഞത് ഏഴ് ദിവസമെങ്കിലും എടുക്കുമെന്ന കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ട് വ്യാഴാഴ്ച രാവിലെയോടെ 25 കിലോമീറ്ററെങ്കിലും പിന്നിടുകയും മൂന്ന് ദിവസം കൊണ്ട് പറശ്ശിനിക്കടവ് നീർപ്പാലം എന്ന ലക്ഷ്യസ്ഥാനത്ത് എത്തും എന്നതാണ് കണക്കാക്കുന്നത്.
ഏറ്റവും ഒടുവിലായി 16 വർഷം മുമ്പ് 2008ൽ മെയിൻ കനാൽ വഴി വെളളം ഒഴുക്കിയപ്പോൾ പറശ്ശിനിക്കടവ് നിർപ്പാലം വരെ എത്താൻ ഏഴ് ദിവസം വേണ്ടി വന്നിരുന്നു. ഇതോടൊപ്പം മാഹി ഉപ കനാൽ വഴി പാത്തിപ്പാലം വരെയുള്ള 16 കിലോമീറ്ററും വ്യാഴാഴ്ചയോടെ പിന്നിടും എന്നാണ് കണക്കാക്കുന്നത്.
പഴശ്ശി ജലസേചന വിഭാഗം സൂപ്രണ്ടിങ് എൻജിനീയർ എസ്.കെ. രമേശൻ, എക്സിക്യൂട്ടിവ് എൻജിനീയർ ജയരാജൻ കാണിയേരി, അസി. എക്സിക്യൂട്ടിവ് എൻജിനീയർ കെ. സന്തോഷ്, അസി. എൻജിനീയർമാരായ എസ്. സിയാദ്, പി.വി. മഞ്ജുള, പ്രൊജക്റ്റ് ഡിവിഷൻ കണ്ണൂർ, സബ് ഡിവിഷൻ, സെക്ഷൻ ഓഫീസുകളിൽ നിന്നുള്ള മുഴുവൻ ജീവനക്കാരും ഇരിട്ടി നഗരസഭ അംഗം എം. ബഷീർ എന്നിവരും ജലമൊഴുക്കൽ പരിപാടിയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.