പുന്നാട് അപകടം തുടർക്കഥ; ടിപ്പർ ലോറികൾ കൂട്ടിയിടിച്ച് ഡ്രൈവർക്ക് പരിക്ക്
text_fieldsഇരിട്ടി: പുന്നാട് ടൗണിൽ ടിപ്പർ ലോറിക്ക് പിന്നിൽ ടിപ്പർ ലോറിയിടിച്ച് ഡ്രൈവർക്ക് പരിക്കേറ്റു. ബുധനാഴ്ച ഉച്ചക്ക് ഒരുമണിക്ക് മട്ടന്നൂർ ഭാഗത്തു നിന്നും ഇരിട്ടി ഭാഗത്തേക്ക് വരികയായിരുന്ന വലിയ ടിപ്പർ ലോറിക്ക് പിന്നിൽ അതേ ദിശയിൽ വരുകയായിരുന്ന ചെറിയ ടിപ്പർ ലോറി ഇടിക്കുകയായിരുന്നു. ചെറിയ ടിപ്പർ ലോറിയിലെ ഡ്രൈവർ ഷിനോജിനാണ്(34) പരിക്കേറ്റത്. കാൽ പുറത്തെടുക്കാൻ കഴിയാതെ ലോറിക്കുള്ളിൽ കുടുങ്ങിയ ഡ്രൈവറെ നാട്ടുകാരും പൊലീസും ചേർന്ന് സാഹസപ്പെട്ടാണ് പുറത്തെടുത്തത്. പരിക്കേറ്റ ഷിനോജിനെ ഇരിട്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റോഡിന്റെ മധ്യഭാഗത്ത് കുടുങ്ങിയ ലോറി ക്രെയിൻ ഉപയോഗിച്ചാണ് നീക്കിയത്. ഇരിട്ടി അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി.
തലശ്ശേരി - വളവുപാറ കെ.എസ്.ടി.പി റോഡ് പുനർനിർമാണത്തിന് ശേഷം നിരന്തരം അപകടം നടക്കുന്ന മേഖലയായി പുന്നാട് മാറി. രണ്ടു വർഷത്തിനുള്ളിൽ മൂന്ന് മരണങ്ങളാണ് ഇവിടെ നടന്നത്. അപകടങ്ങളിൽ പരിക്കേറ്റവരും നിരവധിയാണ്. കീഴൂർകുന്ന് എം.ജി കോളജ് മുതൽ കൂരൻമുക്ക് വരെ മൂന്നുകിലോമീറ്ററോളം വരുന്ന ഭാഗങ്ങളാണ് പ്രധാന അപകട മേഖല. വളവു തിരിവും നികത്തിയാണ് പുതിയ റോഡ് നിർമിച്ചത്.
കീഴൂർ കുന്ന് ഇറങ്ങിവരുന്ന വാഹനങ്ങൾ അമിതവേഗത്തിലാണ് ഏറെ തിരക്കുള്ള ടൗൺ ഭാഗത്തേക്ക് എത്തുന്നത്. നഗരസഭ ആസ്ഥാന മന്ദിരം കൂടി സ്ഥിതിചെയ്യുന്ന തിരക്കേറിയ മേഖലയാണിത്.
ഇരിട്ടി-പേരാവൂർ റോഡിൽനിന്നും തലശ്ശേരി-വളവുപാറ റോഡിനെ ബന്ധിപ്പിക്കുന്ന കാക്കയങ്ങാട് മീത്തലെ പുന്നാട് റോഡും കൂടിച്ചേരുന്നത് പുന്നാട് ടൗൺ മധ്യത്തിലാണ്. മെയിൻ റോഡിൽ പുന്നാട് - മീത്തലെ പുന്നാട് കവലയിൽ വാഹനങ്ങൾ നിർത്തിയിടുന്നത് മൂലം ദൂരെ നിന്നും വരുന്ന വാഹനങ്ങൾ ശ്രദ്ധയിൽപ്പെടാതെ പോകുന്നു.
മുമ്പ് അപകടം പതിവായപ്പോൾ പരിഹാരമെന്ന നിലയിൽ കീഴൂർ കുന്ന് ഇറക്കത്തിൽ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിരുന്നു. ഒരു സ്വകാര്യ സ്ഥാപനത്തിന്റെ പരസ്യ ബോർഡ് കാരണം മുന്നറിയിപ്പ് ബോർഡ് ശ്രദ്ധയിൽ പെടുന്നില്ല. അപകടം പതിവായ ഈ മേഖലയിൽ റോഡ് മുറിച്ചു കടക്കുന്നത് പോലും സാഹസമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.