കരുത്തായി ഷുഹൈബ് അനുസ്മരണ റാലി
text_fieldsഇരിട്ടി: എടയന്നൂർ ഷുഹൈബിന്റെ ആറാം രക്തസാക്ഷിത്വ ദിനത്തിൽ യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റി ഇരിട്ടിയിൽ സംഘടിപ്പിച്ച അനുസമരണ റാലിയും സമ്മേളനവും യുവജന പങ്കാളിത്തംകൊണ്ട് കരുത്തുറ്റതായി.
യൂത്ത് കോൺഗ്രസ് അഖിലേന്ത്യ പ്രസിഡന്റ് ബി.വി. ശ്രീനിവാസ്, സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കുട്ടത്തിൽ, മുൻ സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം.എൽ.എ, ജില്ല പ്രസിഡന്റ് വിജിൽ മോഹൻ ഉൾപ്പെടെ സംസ്ഥാന, ജില്ല നേതൃത്വങ്ങൾ പങ്കെടുത്തു. ഇരിട്ടി കൂളിചെമ്പ്ര പഴയ റോഡ് കവലയിൽനിന്ന് ആരംഭിച്ച റാലി നഗരം ചുറ്റി സമ്മേളന നഗരിയായ ഇരിട്ടി ഓപൺ ഓഡിറ്റേറിയത്തിൽ സമാപിച്ചു. ഷുഹൈബിന്റെ പിതാവ് മുഹമ്മദും റാലിയുടെ മുൻനിരയിൽ ഉണ്ടായിരുന്നു. യൂത്ത് ലീഗ് പ്രവർത്തകർ റാലിക്ക് അഭിവാദ്യം അർപ്പിച്ചു.
ഷുഹൈബിനെ ഇപ്പോഴും ഭയം -ബി.വി. ശ്രീനിവാസ്
ഇരിട്ടി: ജനകീയ സമരങ്ങളെ ഫാഷിസ്റ്റ് രീതിയിൽ അടിച്ചൊതുക്കുന്നവരാണ് കേന്ദ്രം ഭരിക്കുന്ന മോദി സർക്കാറെങ്കിൽ അതിന്റെ കേരള മോഡലാണ് പിണറായിയെന്ന് യൂത്ത്കോൺഗ്രസ് അഖിലേന്ത്യ പ്രസിഡന്റ് ബി.വി. ശ്രീനിവാസ്. അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനാധിപത്യ ആശയങ്ങളിലും ഇരുവർക്കും വിശ്വാസമില്ല. പ്രതിഷേധിക്കുന്നവരെയെല്ലാം ജയിലിലാക്കി ഒരു ഭരണാധികാരിക്കും കൂടുതൽ കാലം മുന്നോട്ട് പോകാൻ കഴിയില്ല. ഷുഹൈബ് എന്ന് കേൾക്കുമ്പോൾ ഇപ്പോഴും ഭയമാണ് സി.പി.എമ്മുകാർക്കെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ മുഖ്യപ്രഭാഷണം നടത്തി. ജില്ല പ്രസിഡന്റ് വിജിൽ മോഹൻ അധ്യക്ഷത വഹിച്ചു. ഷാഫി പറമ്പിൽ എം.എൽ.എ, സണ്ണി ജോസഫ് എം.എൽ.എ, സോണി സെബാസ്റ്റ്യൻ, യു.ഡി.എഫ് ജില്ല ചെയർമാൻ പി.ടി. മാത്യു, ചന്ദ്രൻ തില്ലങ്കേരി, മുഹമ്മദ് ബ്ലാത്തൂർ, ഡോ. ഷമ മുഹമ്മദ്, റിജിൽമാക്കുറ്റി, അനുരാജ്, എബിൻ വർക്കി, നിധിൻ നടുവനാട്, അക്ഷയ് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.