വട്ട്യറ പാലം യാഥാർഥ്യമായില്ല; മുറവിളിയുയരുന്നു
text_fieldsഇരിട്ടി: വട്ട്യറ പുഴക്ക് കുറുകെ പാലമെന്ന പ്രദേശവാസികളുടെ കാത്തിരിപ്പിന് ഇനിയും അറുതിയായില്ല. തങ്ങളുടെ ചിരകാല സ്വപ്നം പൂവണിയുന്നതിനായി മുറവിളിയുമായി നാട്ടുകാർ രംഗത്തെത്തി. പായം പഞ്ചായത്തിലെ വട്ട്യറ കടവിനും കല്ലുമുട്ടിക്കും ഇടയിൽ പാലം നിർമിക്കണമെന്നത് മലയോര നിവാസികളുടെ ഏറെ നാളത്തെ ആഗ്രഹമാണ്. കോളിക്കടവിലും, ആറളത്തും, ജബ്ബാർ കടവിലും പാലം വരുന്നതിനു മുമ്പേ അന്നത്തെ പ്രധാന കടവായ വട്ട്യറക്കടവിൽ പാലം വേണമെന്ന ആവശ്യം ഉയർന്നിരുന്നു. എന്നാൽ വട്ട്യറ കടവിൽ മാത്രം പാലം വന്നില്ല. പാലം യാഥാർഥ്യമായാൽ വട്ട്യറ, പായം, ആറളം, കോളിക്കടവ്, എടൂർ തുടങ്ങിയ പ്രദേശങ്ങളിലേക്ക് ഇരിട്ടിയിൽനിന്ന് എളുപ്പത്തിൽ എത്താം.
14 വർഷം മുമ്പ് വരെ നാട്ടുകാരുടെ യാത്ര തോണിയിലായിരുന്നു. ജോലിക്ക് പോകുന്നവരും സ്കൂൾ കുട്ടികളും ഉൾപ്പെടെയുള്ളവർ തോണി യാത്രയെയാണ് ആശ്രയിച്ചിരുന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പ്രകടനപത്രികയിൽ ഇവിടെ നടപ്പാലം നിർമിക്കുമെന്നൊക്കെ വാഗ്ദാനങ്ങൾ നൽകിയിരുന്നു. ഒന്നും നടപ്പായില്ല. നാട്ടുകാർ പാലത്തിനായി നിവേദനങ്ങൾ നൽകി മടുത്തു. നവകേരള സദസ്സിൽ പുതിയ പാലത്തിനായി വായനശാലയുടെയും സന്നദ്ധ പ്രവർത്തകരുടെയും നേതൃത്വത്തിൽ നിവേദനം നൽകിയിട്ടുണ്ട്. വട്ട്യറ കടവിൽ പുതിയ പാലം യാഥാർഥ്യമായാൽ ഗതാഗതക്കുരുക്ക് മൂലം വീർപ്പുമുട്ടുന്ന ഇരിട്ടി ടൗണിന് വലിയ ആശ്വാസമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.