ആ ഉരുൾപൊട്ടലിന് നൂറുദിനം
text_fieldsകേളകം: ഉരുൾപൊട്ടലിന്റെ ദുരന്തപ്പെരുമഴയിൽ സർവതും നശിച്ച ഒരു ജനവിഭാഗമുണ്ട് കണിച്ചാർ പഞ്ചായത്തിൽ. ആഗസ്റ്റ് ഒന്നിന് ഉരുൾപൊട്ടലിൽ സർവതും തകർന്നടിഞ്ഞ പഞ്ചായത്തിലെ പൂളക്കുറ്റി, വെള്ളറ, നെടുംപുറംചാൽ എന്നിവിടങ്ങളിൽ നൂറുകണക്കിന് കുടുംബങ്ങൾ വീടും കാർഷിക വിളകളും ഭൂമിയും ഒലിച്ചുപോയതുമൂലം കണ്ണീർക്കടലിലാണ് കഴിയുന്നത്. അന്ന് ഉരുൾപൊട്ടലിൽ പിഞ്ചുകുഞ്ഞടക്കം മൂന്നുപേർ മരിച്ചിരുന്നു.
കഴിഞ്ഞമാസം വരെ പത്തുതവണ ഉരുൾപൊട്ടൽ പരമ്പരകളുണ്ടായ പ്രദേശത്തെ കർഷകർക്ക് കാലണപോലും സഹായമെത്തിക്കാത്ത സർക്കാർ സംവിധാനങ്ങൾക്കെതിരെ പ്രതിഷേധാഗ്നി പുകയുകയാണ്. ഉരുൾപൊട്ടലിൽ മരിച്ച വെള്ളറ കോളനിയിലെ അരുവിക്കൽ ഹൗസിൽ രാജേഷ് (45), പൂളക്കുറ്റി ആരോഗ്യ കേന്ദ്രം ജീവനക്കാരി നദീറ ജെ. റഹീമിന്റെ രണ്ടര വയസ്സുകാരിയായ മകൾ നൂമ തസ്മീൻ, കണിച്ചാർ വെള്ളറ കോളനിയിലെ മണ്ണാളി ചന്ദ്രൻ (55) എന്നിവരുടെ കുടുംബത്തിന് സാമ്പത്തിക സഹായം നൽകിയതൊഴിച്ചാൽ ദുരിതബാധിതരെ തേടിയെത്തിയത് സമാശ്വാസ പ്രഖ്യാപനങ്ങൾ മാത്രം.
പ്രദേശത്തെ നൂറുകണക്കിന് കർഷകർ സർക്കാറിന്റെ കനിവുകാത്ത് കഴിയുകയാണ്. നൂറുകണക്കിന് ഹെക്ടർ കൃഷിയിടം മണ്ണടിഞ്ഞ പൂളക്കുറ്റി, വെള്ളറ, സെമിനാരി വില്ല, നെടുംപുറംചാൽ പ്രദേശവാസികളുടെ ദുരിതം ഇപ്പോഴും തുടരുകയാണ്. അടിയന്തരമായി പ്രദേശത്തിന് പ്രത്യക പാക്കേജ് പ്രഖ്യാപിക്കണമെന്ന് ജനപ്രതിനിധി സംഘം മുഖ്യമന്ത്രിയോടും ആവശ്യപ്പെട്ടെങ്കിലും ഫയലുകൾ ചുവപ്പുനാടയിൽപെട്ടു. സഹസ്രകോടിയുടെ നഷ്ടപ്പട്ടികയുള്ള മേഖലയിലെ ജനങ്ങളുടെ ആത്മവീര്യം പുനഃസ്ഥാപിക്കാൻ അടിയന്തരമായി സർക്കാർ സഹായം ഉണ്ടാവണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.