കണ്ണൂർ പുടവ: ആധുനിക തറികളെത്തിയാൽ പരിശീലനം തുടങ്ങും
text_fieldsകണ്ണൂര്‍: കൈത്തറിയുടെ പാരമ്പര്യവും പൈതൃകവും ഇഴപാകി ഒരുങ്ങുന്ന കണ്ണൂർ പുടവ രണ്ട് മാസത്തിനകം വിപണിയിലെത്തും. ഉപഭോക്താക്കളുടെ താൽപര്യത്തിനനുസരിച്ച് മാറ്റംവരുത്തിയ ഇഷ്ടാനുസൃത സാരികൾ ലഭിക്കുമെന്നതാണ് പ്രത്യേകത. ഇതിനായി ആധുനിക തറികളും സംവിധാനങ്ങളും ഒരുക്കും. ഇവ തമിഴ്നാട്ടിൽനിന്നാണ് എത്തിക്കുക. യന്ത്രസാമഗ്രികൾ എത്താനുള്ള കാത്തിരിപ്പിലാണ്. ആധുനിക തറികളെത്തിയാൽ കോലത്തുനാടിന്റെ ചന്തംനിറച്ച് കണ്ണൂർ പുടവയൊരുക്കാൻ തിരഞ്ഞെടുക്കപ്പെട്ട നെയ്ത്തുകാർക്ക് പരിശീലനം തുടങ്ങും.
ഇതിനായുള്ള പ്രാരംഭ നടപടികള്‍ തുടങ്ങി. ജില്ല പഞ്ചായത്തിന്റെ നേതൃത്വത്തിൽ കല്യാശ്ശേരി, കാഞ്ഞിരോട് നെയ്ത്ത് സഹകരണ സംഘങ്ങളാണ് കണ്ണൂർ പുടവ തയാറാക്കുക. ഇരുസംഘങ്ങളിലെയും പരിചയസമ്പന്നരായ അഞ്ചുവീതം നെയ്ത്തുകാരെ കണ്ടെത്തിയിട്ടുണ്ട്. ഉപഭോക്താക്കളുടെ താൽപര്യത്തിനനുസരിച്ച് മാറ്റംവരുത്തിയ ഇഷ്ടാനുസൃത സാരികളും ലഭിക്കുന്നതിനാൽ കണ്ണൂർ പുടവക്ക് ആവശ്യക്കാരേറുമെന്നാണ് പ്രതീക്ഷ. ഗുണനിലവാരത്തിൽ പ്രശസ്തമായ കാഞ്ചീപുരം സാരികൾക്കൊപ്പമാണ് കണ്ണൂരിന്റെ തനത് കൈത്തറി സാരികൾ. വധൂവരന്മാരുടെ ചിത്രങ്ങൾ, കണ്ണൂരിന്റെ പരമ്പരാഗത ചിത്രങ്ങൾ, അടയാളങ്ങൾ തുടങ്ങിയവ ഡിജിറ്റലായി പുടവയിൽ നെയ്യാനാവും. ഇത്തരത്തിൽ പുടവയൊരുക്കാൻ ആധുനിക രീതിയിലുള്ള സംവിധാനമാണ് ജില്ലയിൽ എത്തിക്കുന്നത്. നേരത്തെ പുടവ നെയ്താലും മിനുക്കുപണികൾക്കായി തമിഴ്നാട്ടിലെ നെയ്ത്തുശാലകളെ ആശ്രയിക്കണമായിരുന്നു. കണ്ണൂരിലും ആധുനിക തറികൾ ഒരുങ്ങുന്നതോടെ പൂർണമായും പുടവകൾ ഇവിടെത്തന്നെ നിർമിക്കാം.
തോട്ടട ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം ടെക്നോളജിയിലെ ഫാഷന്‍ വിദഗ്ധരുടെ സഹായത്തോടെയാണ് നെയ്ത്തുകാര്‍ക്ക് പരിശീലനം നല്‍കുക. വീവേഴ്സ് സെന്റര്‍ ടെക്നിക്കല്‍ സഹായവും ഇന്‍ഡസ്ട്രിയല്‍ ഡിപ്പാർട്മെന്റ് നിര്‍വഹണവും നടത്തും. വസ്ത്രവിപണിയില്‍ സാന്നിധ്യം അറിയിക്കാനാണ് ജില്ല പഞ്ചായത്തിന്റെ ലക്ഷ്യം. ബജറ്റില്‍ ഇതിനായി 12 ലക്ഷം രൂപയാണ് മാറ്റിവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.