ആറളം ഫാമിൽ വിളഞ്ഞ 125 ടൺ മഞ്ഞൾ വിപണിയിലേക്ക്
text_fieldsകേളകം: വൈവിധ്യവത്കരണ പദ്ധതിയുടെ ഭാഗമായി നടത്തിയ കൃഷിയിൽ ആറളം ഫാമിൽ 25 ഏക്കറിൽ വിളഞ്ഞ 125 ടൺ മഞ്ഞൾ വിപണിയിലേക്ക്. മഞ്ഞൾ പോളിഷ് ചെയ്ത് പാക്കറ്റിലാക്കി വിപണിയിലെത്തിക്കുന്ന പ്രവർത്തനം ആരംഭിച്ചു.
തമിഴ്നാട്ടിൽനിന്ന് കൊണ്ടുവന്ന രണ്ട് ആധുനിക യന്ത്രങ്ങളുടെ സഹായത്താലാണ് മഞ്ഞൾ പുഴുങ്ങി പോളിഷ് ചെയ്യുന്ന പ്രവർത്തനത്തിന് തുടക്കംകുറിച്ചത്. ഫാമിന്റെ വരുമാനവും പുനരധിവാസമേഖലയിൽ ഉള്ളവർക്ക് ജോലിയും കൂലിയും ലക്ഷ്യമാക്കി ആവിഷ്കരിച്ച പദ്ധതിയാണിത്. കോഴിക്കോട് സുഗന്ധവിള ഗവേഷണകേന്ദ്രത്തിന്റെ സഹായത്തോടെയായിരുന്നു കൃഷിയിറക്കിയത്. കാസർകോട് സെൻട്രൽ പ്ലാന്റേഷൻ ഇൻസ്റ്റിറ്റ്യൂട്ടാണ് മാർഗനിർദേശങ്ങൾ നൽകിയത്.
ആറളത്ത് ഉൽപാദിപ്പിക്കുന്ന മഞ്ഞൾ പൂർണമായി ഏറ്റെടുക്കാമെന്ന് റെയ്ഡ്കോ ഫാമുമായി ധാരണപത്രം ഒപ്പുവെച്ചിരുന്നു. പുഴുങ്ങി ഉണക്കി പോളിഷ് ചെയ്ത് പാക്കറ്റിലാക്കുന്ന മഞ്ഞളിന് വിപണിവിലയെക്കാൾ 10 ശതമാനം അധികം നൽകും. 125 ടൺ മഞ്ഞളാണ് ഫാമിൽനിന്ന് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞവർഷം രണ്ട് ഏക്കർ സ്ഥലത്താണ് മഞ്ഞൾകൃഷി നടത്തിയത്. ഇത് പൊടിച്ച് ആറളം ബ്രാൻഡ് എന്ന പൊതുനാമത്തിൽ വിപണിയിൽ എത്തിച്ചിരുന്നു. ഒരുമണിക്കൂറിനുള്ളിൽ 2000 കിലോ മഞ്ഞൾ പോളിഷ് ചെയ്തെടുക്കാനുള്ള ശേഷിയുള്ള യന്ത്രമാണ് സ്ഥാപിച്ചിരിക്കുന്നത്.
നാലുവിധം വിപണന സാധ്യതകളാണ് ഉപയോഗപ്പെടുത്തുന്നത്. അഞ്ചുടൺ കൃഷിവകുപ്പ് മുഖാന്തരവും മറ്റ് സർക്കാർ ഏജൻസികൾ മുഖേനയും വിത്തായി നല്കും. രണ്ടാമതായി പോളിഷ് ചെയ്ത് പാക്കറ്റിലാക്കുന്ന മഞ്ഞൾ റെയ്ഡ്കോ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് നൽകും. പുഴുങ്ങി പൊടിച്ചതും പുഴുങ്ങാതെ പൊടിച്ചതും പാക്കറ്റിലാക്കി ഫാമിന്റെ ഔട്ട്ലെറ്റ് വഴിയും മറ്റും വിതരണം ചെയ്യും.
കുക്കുമിൻ വേർതിരിച്ച് കയറ്റുമതിക്കുള്ള സാധ്യതകളും ഇതോടൊപ്പം പ്രയോജനപ്പെടുത്തും. മഞ്ഞളിൽനിന്ന് 50 ലക്ഷം രൂപയുടെ വരുമാനമാണ് പ്രതീക്ഷിക്കുന്നത്. വന്യമൃഗങ്ങളിൽനിന്ന് രക്ഷനേടാനുള്ള മാർഗം എന്ന നിലയിൽ പുതിയപരീക്ഷണം വൻ വിജയമാണെന്ന് ഫാം എം.ഡി വിമൽഘോഷ് പറഞ്ഞു. തൊഴിലാളികളുടെ കൂലി കഴിച്ച് ഇക്കുറി ഉൽപാദനച്ചെലവ് മൂന്ന് ലക്ഷത്തോളം രൂപ മാത്രമാണ്.
പുതിയ യന്ത്രങ്ങൾ കൂടി വാങ്ങിയതോടെ അടുത്ത വർഷം കൂടുതൽ ലാഭകരമാക്കി കൃഷിയെ മാറ്റിയെടുക്കാനാവുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.