ദേശീയപാത വികസനം വഴിമുട്ടി വിദ്യാലയം
text_fieldsകല്യാശ്ശേരി: ദേശീയ പാത വികസനം യാഥാർഥ്യമാകുമ്പോൾ വഴിമുടങ്ങുന്നത് സർക്കാർ വിദ്യാലയത്തിന്. 2000ത്തിലധികം കുട്ടികൾ പഠിക്കുന്ന കല്യാശ്ശേരി ഗവ. എച്ച്.എസ്. സ്കൂൾ കുട്ടികളുടെ സഞ്ചാര സ്വാതന്ത്യമാണ് റോഡ് വികസനത്തിലൂടെ തടസ്സപ്പെടുന്നത്.
ടോൾ പ്ലാസ നിർമാണവുമായി ബന്ധപ്പെട്ട് കല്യാശ്ശേരിയിലെ ഹാജി മൊട്ട ഇടിച്ചുനിരത്തുകയും സമീപത്തെ 14 റോഡുകൾ ഇല്ലാതാവുകയും ചെയ്തതോടെയാണ് യാത്ര ദുരിതം തുടങ്ങിയത്. ദേശീയ പാതയുടെ നിർമാണം കല്യാശ്ശേരിയെ രണ്ടായി കീറി മുറിച്ച നിലയിലാണ്.
കല്യാശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾ, പോളിടെക്നിക് എന്നിവയടക്കം നാലു വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വില്ലേജ് ഓഫിസ്, കുടുംബാരോഗ്യ കേന്ദ്രം, പഞ്ചായത്ത് ഓഫിസ്, കൃഷിഭവൻ എന്നിവ ഇരു കരകളിലാകുന്ന അവസ്ഥയാണ്. കൂടാതെ ഇവിടങ്ങളിലേക്കുള്ള ചെറു റോഡുകൾ പൂർണമായും അടയുന്ന സ്ഥിതിയുമായി.
ടോൾ പ്ലാസയുടെ നിർമാണത്തിന്റെ ഭാഗമായി ഒരു കിലോ മീറ്റർ നീളത്തിൽ ദേശിയ പാതയിലേക്കുള്ള എല്ലാ പ്രവേശനങ്ങളും തടഞ്ഞാണ് പാതയുടെയും ടോള്‍ പ്ലാസയുടെയും നിർമാണം. യാത്രാ പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കല്യാശ്ശേരി പഞ്ചായത്ത് ഭരണ സമിതിയും വിദ്യാഭ്യാസ സ്ഥാപന മേധാവികളും ദേശീയപാത അതോറിറ്റിക്കടക്കം ഒട്ടേറെ നിവേദനങ്ങൾ നൽകിയിരുന്നു.
ഇതിനൊന്നും മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്. നിർദിഷ്ട ടോൾ പ്ലാസ ജനവാസ കേന്ദ്രത്തിൽ നിന്നും മാറ്റി വയക്കര വയിലിലേക്ക് മാറ്റിയാൽ പ്രദേശത്തെ ജനങ്ങളുടെ ദുരിതമകറ്റാൻ സാധിക്കുമെന്നാണ് കല്യാശ്ശേരി പഞ്ചായത്ത് ഭരണ സമിതി ജില്ല കലക്ടറോട് ആവശ്യപ്പെട്ടത്.
ദേശിയ പാതയുടെ പ്രവൃത്തി നടക്കുമ്പോൾ കൊട്ടിയടക്കപ്പെടുന്ന റോഡ് ഇല്ലാതാകുന്നതോടെ വിദ്യാർഥികളുടെ സ്കൂളിലേക്ക് വരുന്നതും തിരിച്ചു പോകുന്നതുമായ വഴിയാണ് ഇല്ലാതാകുന്നത്.
ഇതിനു പ്രതിവിധിയായി കല്യാശ്ശേരിയില്‍ അടിപാത നിര്‍മ്മിക്കണമെന്നാവശ്യം വിദ്യാര്‍ഥികളുടെ ഒപ്പോടെ ജില്ല കലക്ടറുടെ മുമ്പാകെ നിരവധി തവണ സമർപ്പിച്ചിരുന്നു. എന്നാൽ, ഇതൊന്നും പരിഗണിക്കാതെയാണ് ദേശീയപാത അധികൃതർ ഇപ്പോള്‍ പ്രവൃത്തി നടത്തി വരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.