പയ്യന്നൂർ നഗരസഭയോഗം; മത്സ്യമാർക്കറ്റിലെ മലിനജലം ശുചീകരിക്കാനുള്ള പദ്ധതിക്ക് അനുമതി
text_fieldsപയ്യന്നൂർ: പെരുമ്പ മത്സ്യമാർക്കറ്റിലെ മലിനജലം ശുചീകരിക്കാനുള്ള പദ്ധതിക്ക് നഗരസഭ യോഗം അനുമതി നൽകി. നേരത്തെ 56 ലക്ഷം രൂപയാണ് ജല അതോറിറ്റി മുഖേന പദ്ധതിക്ക് അനുവദിച്ചത്. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പ്ലാന്റ് നിർമാണത്തിന് 90.50 ലക്ഷം രൂപ ആവശ്യമായി വരുമെന്ന ജല അതോറിറ്റിയുടെ കത്തുപ്രകാരം 34.50 ലക്ഷം രൂപ കൂടി നഗരസഭ ഫണ്ടിൽനിന്ന് അടക്കാൻ തീരുമാനിച്ചു.
പദ്ധതി സംബന്ധിച്ച് പുതിയ തിരുമാനം പുനഃപരിശോധിക്കണമെന്ന് യു.ഡി.എഫ് കൗൺസിലർമാർ യോഗത്തിൽ ആവശ്യപ്പെട്ടു. പദ്ധതിക്കായി ജലഅതോറിറ്റിക്ക് 32 ലക്ഷം ആദ്യം നൽകിയിരുന്നു. പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം അത് 56 ലക്ഷം രൂപയാക്കി. ഇപ്പോൾ പ്ലാന്റ് നിർമിക്കാൻ 90.5 ലക്ഷം എസ്റ്റിമേറ്റാണ് സമർപ്പിച്ചത്.
ഈ സാഹചര്യത്തിൽ സമഗ്രമായ പുനഃപരിശോധന നടത്തണമെന്ന് കൗൺസിൽ യോഗത്തിൽ കോൺഗ്രസിലെ മണിയറ ചന്ദ്രനും എ. രൂപേഷും ആവശ്യപ്പെട്ടു.നാരാങ്ങത്തോട് പോലെ ഒരിക്കലും പൂർത്തീകരിക്കാത്ത പദ്ധതികളുള്ളപ്പോഴാണ് മുന്നോ നാലോ വാഹനങ്ങൾ മാത്രം എത്തിച്ചേരുന്ന പെരുമ്പ മത്സ്യ മാർക്കറ്റിന് ഇത്രയും വലിയ തുക നീക്കിവെക്കുന്നതെന്ന് കൗൺസിലർമാർ കുറ്റപ്പെടുത്തി. മണിയറ ചന്ദ്രൻ എതിർപ്പുമായി രംഗത്തെത്തിയത് ഭരണ, പ്രതിപക്ഷ അംഗങ്ങളുടെ വാക്കേറ്റത്തിന് കാരണമായി.
കണ്ടങ്കാളി കുടുംബക്ഷേമ ഉപകേന്ദ്രത്തിന്റെ വൈദ്യുതീകരണ പ്രവൃത്തിക്ക് യോഗം അനുമതി നൽകി. അയ്യങ്കാളി തൊഴിലുറപ്പു പദ്ധതി വേതനം 333 രൂപയായി വർധിച്ച നടപടി അംഗീകരിച്ചു. പദ്ധതി നടത്തിപ്പിന് അലോട്ട്മെന്റ് ഇനത്തിൽ ഫണ്ട് ലഭിക്കാൻ കാലതാമസം നേരിടുന്ന മുറക്ക് നഗരസഭ ഫണ്ട് ചെലവഴിക്കാനും ഫണ്ട് ലഭിക്കുന്നമുറക്ക് ഇത് തിരിച്ചെടുക്കാനും തീരുമാനമായി.
അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി തദ്ദേശ സ്വയംഭരണ വകുപ്പ് 25 കോടി ചെലവഴിച്ച് പെരുംകുളം, അന്നൂർ വയൽകുളം എന്നിവ നവീകരിക്കാൻ സർക്കാർ അനുമതി നൽകിയ നടപടി യോഗം ചർച്ച ചെയ്തു. ഗവ. ആയുർവേദ ആശുപത്രിയിൽ കെട്ടിടനിർമാണത്തിന് ഒരു കോടിയോളം രൂപ സർക്കാർ അനുവദിച്ച സാഹചര്യത്തിൽ കാലപ്പഴക്കമുള്ള പഴയ കെട്ടിടം പൊളിച്ചുനീക്കാൻ യോഗം അനുമതി നൽകി.
43 പേർക്ക് വാർധക്യകാല പെൻഷനും നാലുപേർക്ക് കർഷക തൊഴിലാളി പെൻഷനും മൂന്നു പേർക്ക് വിധവ പെൻഷനും ഒരാൾക്ക് അവിവാഹിത പെൻഷനും നൽകാൻ യോഗം അംഗീകാരം നൽകി. അപേക്ഷ സമർപ്പിച്ച ഒരാൾക്ക് വിധവകളുടെ മക്കൾക്കുള്ള വിവാഹ ധനസഹായം നൽകാനും യോഗം അനുമതി നൽകി. യോഗത്തിൽ ചെയർപേഴ്സൻ കെ.വി. ലളിത അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.