കണ്ണൂരിന് ഇനി ഐ.ടി പാർക്ക്; പാതിവഴിയിലായ സൈബർ പാർക്ക് കെട്ടിടം നശിക്കുന്നു
text_fieldsപയ്യന്നൂർ: കണ്ണൂർ സൈബർ പാർക്കിന്റെ നിർമാണത്തിനായി എത്തിച്ച ലക്ഷങ്ങളുടെ സാധനങ്ങൾ തുരുമ്പെടുക്കുമ്പോൾ ജില്ലയിൽ വീണ്ടും ഐ.ടി പാർക്ക്. ബുധനാഴ്ച നടന്ന മന്ത്രിസഭ യോഗത്തിലാണ് കണ്ണൂരിൽ ഐ.ടി പാർക്ക് സ്ഥാപിക്കാൻ അനുമതി നൽകിയത്.
എന്നാൽ ജില്ല സൈബർ പാർക്കിന് വേണ്ടി കണ്ടെത്തിയ സ്ഥലം കാടുകയറി നശിക്കുകയും പാതിവഴിയിലായ കെട്ടിടങ്ങൾ തുരുമ്പെടുത്ത് നശിക്കുകയും ചെയ്യുമ്പോഴാണ് പുതിയ പാർക്കിന് പച്ചക്കൊടി.
വി.എസ്. അച്യുതാനന്ദൻ സർക്കാറിന്റെ കാലത്താണ് ജില്ല ഐ.ടി പാർക്കിനായി എരമം കുറ്റൂർ പഞ്ചായത്തിലെ എരമം പുല്ലുപായിൽ സ്ഥലം ഏറ്റെടുത്തത്. ആദ്യഘട്ടത്തിൽ ദ്രുതഗതിയിൽ പ്രവർത്തനം നടക്കുകയും വി.എസ് എത്തി ശിലയിടുകയും ചെയ്തു. ഏറെ ആഘോഷപൂർവമായിരുന്നു ശിലയിട്ടത്.
തികച്ചും ഗ്രാമപ്രദേശത്തുള്ള പാർക്ക് നാട്ടുകാർ സന്തോഷത്തോടെയാണ് സ്വാഗതം ചെയ്തത്. പുരപ്പുല്ല് വിളയുന്ന വിശാലമായ പാറപ്രദേശത്താണ് പാർക്കിന് സ്ഥലം കണ്ടെത്തിയത്. പാർക്കിന് ശിലയിട്ടതോടെ ആർക്കും വേണ്ടാത്ത സ്ഥലത്തിന് ലക്ഷങ്ങൾ ലഭിക്കാൻ തുടങ്ങി.
ഭൂമാഫിയ വൻ വില കൊടുത്ത് സ്ഥലങ്ങൾ വാങ്ങിക്കൂട്ടി. അവികസിതമായ കാട്ടുപ്രദേശം ടൗൺഷിപ്പായി മാറുമെന്ന് നാട്ടുകാരും സ്വപ്നം കണ്ടു. എന്നാൽ പാർക്കിന്റെ പ്രവൃത്തി ആരംഭത്തിൽ തന്നെ ഒതുങ്ങി. നാലു ഘട്ടങ്ങളിലായി പൂർത്തിയാക്കേണ്ട പ്രവൃത്തി ഒരു ഘട്ടമാവുന്നതിനു മുമ്പ് നിലച്ചു.
ലക്ഷങ്ങൾ ചെലവഴിച്ച ശേഷം പദ്ധതി സർക്കാർ ഉപേക്ഷിക്കുകയായിരുന്നു. കാസർകോട് ജില്ല പാർക്കിനായി ചീമേനിയിൽ ആരംഭിച്ച പ്രവൃത്തിയുടെ സ്ഥിതിയും വിഭിന്നമല്ല. പാർക്കു വരുമെന്ന് കരുതി സ്ഥലം വാങ്ങിയവരും വികസനം സ്വപ്നം കണ്ട നാട്ടുകാരും ഇളിഭ്യരായി. സൈബർ പാർക്കിന് പകരം വ്യവസായ എസ്റ്റേറ്റിന് വേണ്ടി ശ്രമം നടന്നുവെങ്കിലും അതും പൂർത്തിയാക്കാനായില്ല.
ഈ സാഹചര്യത്തിലാണ് പുതിയ ഐ.ടി പാർക്ക് കണ്ണൂരിലേക്ക് വരുന്നത്. കിന്‍ഫ്ര ഏറ്റെടുക്കുന്ന 5000 ഏക്കറില്‍ നിന്നാണ് പാർക്കിന് ഭൂമി കണ്ടെത്തുക. കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് നിർമാണം. സ്പെഷൽ പര്‍പ്പസ് വെഹിക്കിളായി കേരള സ്റ്റേറ്റ് ഐ.ടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിനെ നിയമിക്കും.
2022-23 സാമ്പത്തിക വര്‍ഷത്തെ ബജറ്റിലാണ് കണ്ണൂര്‍ ഐ.ടി പാര്‍ക്ക് പ്രഖ്യാപിച്ചത്. അതേസമയം ഐ.ടി പാർക്ക് എരമം പുല്ലുപാറയിൽ സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. പുല്ലുപാറയിൽ സ്ഥാപിക്കുന്നതിലൂടെ സ്ഥലം ഏറ്റെടുക്കാനുള്ള ബാധ്യത ഒഴിവായിക്കിട്ടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.