കുപ്രസിദ്ധ മോഷ്ടാക്കൾ പിടിയിൽ
text_fieldsപയ്യന്നൂർ: കുപ്രസിദ്ധ മോഷ്ടാക്കള്‍ പരിയാരം പൊലീസിന്റെ പിടിയിൽ. ആലക്കോട് താമസിക്കുന്ന സിദ്ദീഖ് (51), കോഴിക്കോട് സ്വദേശി രഞ്ജിത്ത് (26) എന്നിവരെയാണ് പരിയാരം എസ്.ഐയും സംഘവും പിലാത്തറ ബസ് സ്റ്റാൻഡില്‍നിന്ന് പിടികൂടിയത്. പ്രതികള്‍ പഴയങ്ങാടി ഭാഗത്തുനിന്ന് വരുന്നുണ്ടെന്ന് പഴയങ്ങാടി സ്പെഷല്‍ ബ്രാഞ്ച് എ.എസ്.ഐ നികേഷിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് പിലാത്തറയില്‍നിന്ന് ഇവരെ പിടികൂടിയത്.
കഴിഞ്ഞ മാസം നാലിന് ഏമ്പേറ്റില്നിന്ന് ബസില്‍ കയറി മെഡിക്കല്‍ കോളജ് സ്റ്റോപ്പില്‍ ഇറങ്ങിയ യാത്രക്കാരന്റെ 8000രൂപ പോക്കറ്റടിച്ച സംഭവത്തില്‍ അന്വേഷണം നടക്കുന്നതിനിടയിലാണ് ഇവര്‍ പിടിയിലായത്. ബസുകളില്‍ കയറി കൃത്രിമ തിരക്കുണ്ടാക്കി യാത്രക്കാരുടെ പഴ്സും പണവും മോഷ്ടിക്കുകയാണ് സിദ്ദീഖിന്റെയും സംഘത്തിന്റെയും രീതി. സിദ്ദീഖിന്റെ പേരില്‍ നിരവധി മോഷണക്കേസുകള്‍ നിലവിലുണ്ട്.
ഇയാള്‍ തളിപ്പറമ്പ് സ്വദേശിയാണെന്ന് പറയുന്നുണ്ടെങ്കിലും വിവിധ പേരുകളില്‍ വിവിധ സ്ഥലങ്ങളില്‍ ക്വാര്‍ട്ടേഴ്സുകളില്‍ താമസിച്ച് കവര്‍ച്ച നടത്തുകയാണ് പതിവെന്ന് പൊലീസ് പറഞ്ഞു. ഇയാളോടൊപ്പം പിടിയിലായ രഞ്ജിത്തും വിവിധ കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. ഇരുവര്‍ക്കുമെതിരെ കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് ജില്ലകളിലായി നിരവധി മോഷണക്കേസുകള്‍ നിലവിലുണ്ടെന്നും പറയുന്നു.
കണ്ണൂരിലെ കഞ്ചാവ് കേസില്‍ പ്രതിയായതിനാല്‍ രഞ്ജിത്തിനെ ടൗണ്‍ പൊലീസിന് കൈമാറി. കോടതിയില്‍ ഹാജരാക്കിയ സിദ്ദീഖിനെ റിമാന്‍ഡ് ചെയ്തു. സംഘത്തില്‍ എസ്.ഐ സഞ്ജയ് കുമാറിനോടൊപ്പം സ്പെഷല്‍ ബ്രാഞ്ച് എ.എസ്.ഐ നികേഷ്, സ്ക്വാഡ് അംഗങ്ങളായ നൗഫല്‍, അഷറഫ് എന്നിവരും ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.