പയ്യന്നൂർ: നിർമാണ അനുമതി നൽകാതെ മാസങ്ങൾ നീട്ടി; ഒടുവിൽ അകത്തായി
text_fieldsപയ്യന്നൂർ: കൈക്കൂലിക്കുവേണ്ടി കെട്ടിട നിർമാണ അനുമതി നൽകാതെ ഉടമയെ വട്ടം കറക്കി. സഹികെട്ടതോടെ പരാതി നൽകുകയും അകത്താവുകയും ചെയ്തു. പയ്യന്നൂർ മുനിസിപ്പാലിറ്റി ഫാസ്റ്റ് ഗ്രേഡ് ഓവർസിയായ സി. ബിജു മുമ്പ് ജോലി ചെയ്ത സ്ഥലങ്ങളിലും ഈ രീതിയിൽ തന്നെയാണെന്നാണ് വിജിലൻസിന് കിട്ടിയ വിവരം.
പയ്യന്നൂർ സ്വദേശിയായ പ്രവാസി പയ്യന്നൂരിൽ പുതുതായി നിർമിക്കുന്ന കെട്ടിടത്തിന്റെ നിർമാണ അനുമതിക്കായി അപേക്ഷ നൽകിയത് ഇക്കഴിഞ്ഞ ഏപ്രിലിലായിരുന്നു. ആറ് മാസത്തോളം അപേക്ഷ ഫയലിൽ വിശ്രമിച്ചു.
പരാതിക്കാരൻ പലപ്രാവശ്യം അനുമതിക്കായി മുനിസിപ്പാലിറ്റിയിൽ അന്വേഷിച്ചു ചെന്നെങ്കിലും ഓവർസിയർ ആയ ബിജു ഓരോ കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞുമാറി. കഴിഞ്ഞ 21ന് പരാതിക്കാരൻ ബിജുവിനെ വീണ്ടും കണ്ടപ്പോൾ 25,000 രൂപ കൈക്കൂലി നൽകിയാൽ നിർമാണാനുമതി വേഗത്തിൽ നൽകാമെന്നറിച്ചു. പരാതിക്കാരൻ ഈ വിവരം വിജിലൻസ് കണ്ണൂർ ഡി.വൈ.എസ്.പി ബാബു പെരിങ്ങോത്തിനെ അറിയിക്കുകയായിരുന്നു. തുടർന്നാണ് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കെണി ഒരുക്കിയത്.
തിങ്കളാഴ്ച ഉച്ചക്ക് 1.30 ഓടെയാണ് പിടികൂടുന്നത്. മുനിസിപ്പാലിറ്റി ഓഫിസിന് പുറത്ത് കാറിൽ പണം വാങ്ങവെ വിജിലൻസ് സംഘം കൈയോടെ പിടികൂടുകയായിരുന്നു.
. അറസ്റ്റ് ചെയ്ത പ്രതിയെ രാത്രി തലശ്ശേരി വിജിലൻസ് കോടതിയിൽ ഹാജരാക്കി. വിജിലൻസ് സംഘത്തിൽ ഡി.വൈ.എസ്.പിയെ കൂടാതെ ഇൻസ്പെക്ടർ അജിത്ത്, സബ് ഇൻസ്പെക്ടർ അശോകൻ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ പ്രവീൺ, നീജേഷ്, എസ്. ജയശ്രീ, സി.പി.ഒമാരായ സുകേഷ്, സജിൻ, വിജിത്ത് എന്നിവരുമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.