വീട് കുത്തിത്തുറന്ന് കവർച്ച: ഒരാൾ പിടിയിൽ
text_fieldsപയ്യന്നൂർ: പരിയാരം സ്റ്റേഷൻ പരിധിയിൽ വീട് കുത്തിത്തുറന്ന് വീട്ടുകാരെ ബന്ദിയാക്കി സ്വർണവും പണവും കവർന്ന സംഭവത്തിൽ ഒരു പ്രതി പിടിയിൽ. തമിഴ്നാട് സ്വദേശി സഞ്ജീവ് കുമാറി (27)നെയാണ് കോയമ്പത്തൂർ സുളൂരിൽനിന്ന് അന്വേഷണ സംഘം സാഹസികമായി പിടികൂടിയത്. സഞ്ജീവ് കുമാർ ഉൾപ്പെടുന്ന അഞ്ചംഗ സംഘമാണ് കവർച്ച നടത്തിയതെന്ന് പൊലീസ് പറയുന്നു. ഇയാളെ കൂടാതെ സംഘത്തലവൻ സൊള്ളൻ സുരേഷ്, ജെറാൾഡ്, രഘു, അബു എന്ന ശിവലിംഗം എന്നിവരാണ് കവർച്ച സംഘത്തിലുണ്ടായിരുന്നത്. പിടിയിലായ സഞ്ജീവ് കുമാർ അനേകം കവർച്ച കേസുകളിൽ പ്രതിയാണ്. ദേശീയപാതയിലും കവർച്ച നടന്ന വീടുകൾ സ്ഥിതിചെയ്യുന്ന പ്രദേശത്തെയും നിരവധി നിരീക്ഷണ കാമറകളും മൊബൈൽ ടവറും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കവർച്ച സംഘം എത്തിയ വ്യാജ നമ്പർ പതിച്ച വാഹനം പയ്യന്നൂർ ഡിവൈ.എസ്.പി കെ.ഇ. പ്രേമചന്ദ്രന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയത്.
മറ്റു പ്രതികൾക്ക് വേണ്ടിയുള്ള തിരച്ചിലും ഊർജിതമാക്കിയിട്ടുണ്ട്. കഴിഞ്ഞ മാസം 19നാണ് പരിയാരം ചിതപ്പിലെ പൊയിലിലെ വീടിന്റെ ജനൽ ഗ്രിൽസ് തകർത്ത മുഖംമൂടി സംഘം ഡോക്ടറുടെ വീട്ടിലെ വയോധികയുടെ കഴുത്തിന് കത്തിവെച്ച് ആക്രമിച്ച് ഒമ്പത് പവന്റെ ആഭരണങ്ങളും 15,000 രൂപയും കവർന്നത്. പരിയാരം ചിതപ്പിലെ പൊയിലിലെ പെട്രോൾ പമ്പിന് സമീപം കാസർകോട് ഗവ. യുനാനി കോളജിലെ ഡോക്ടർ കെ.എ. സക്കീർ അലി- പരിയാരം കണ്ണൂർ ഗവ. ആയൂർവേദ കോളജിലെ അസി. പ്രഫസർ ഡോ. കെ. ഫർസീന ദമ്പതികളുടെ വീട്ടിലാണ് കവർച്ച നടന്നത്.
വീട്ടിൽ സ്ഥാപിച്ചിരുന്ന നിരീക്ഷണ കാമറകൾ തുണിയും പ്ലാസ്റ്റിക് കവറും കൊണ്ട് മറച്ച ശേഷമാണ് കവർച്ച നടത്തിയത്. ഈ സമയം ഡോക്ടർ ദമ്പതികൾ വീട്ടിലുണ്ടായിരുന്നില്ല. മക്കൾ മുകളിലെ നിലയിൽ ഉറക്കത്തിലായിരുന്നു. കുട്ടികൾ ഉണർന്ന് രാവിലെയാണ് സംഭവം പുറംലോകം അറിഞ്ഞത്. സമാനമായ രീതിയിൽ സെപ്റ്റംബർ 29ന് നബിദിന പരിപാടിക്ക് പോയ പളുങ്കു ബസാറിലെ പ്രവാസിയുടെ വീടിന്റെ ഗ്രീൽസ് തകർത്ത് സ്വർണവും പണവും കവർന്നിരുന്നു. പ്രതിയെ തളിപ്പറമ്പ് കോടതി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.