പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ സോളാർ പാനലുകൾ സ്ഥാപിക്കും -മന്ത്രി വീണ ജോർജ്
text_fieldsപയ്യന്നൂർ: താലൂക്ക് ആശുപത്രിയിലെ വൈദ്യുതി നിരക്ക് പ്രശ്നം പരിഹരിക്കുന്നതിന് സോളാർ പാനലുകൾ സ്ഥാപിക്കുന്ന കാര്യം പരിഗണിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. ആരോഗ്യം ആർദ്രം പരിപാടിയുടെ ഭാഗമായി പയ്യന്നൂർ താലൂക്ക് ആശുപത്രി സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ.
അഞ്ചു ലക്ഷം രൂപയാണ് ആശുപത്രിയുടെ പ്രതിമാസ വൈദ്യുതി ബിൽ തുക. സോളാർ പാനൽ സ്ഥാപിക്കുന്നതിനുള്ള രൂപരേഖ ഉടൻ തയാറാക്കി സമർപ്പിക്കാൻ ദേദ്ദേശം നൽകിയതായും മന്ത്രി പറഞ്ഞു. ആശുപത്രിയിലെത്തിയ മന്ത്രി ജീവനക്കാരുമായി സംവദിച്ചു.
പുതുതായി നിർമിച്ച ആശുപത്രി കെട്ടിടത്തിനാവശ്യമായ ഫർണിച്ചറുകളും ആശുപത്രി ഉപകരണങ്ങളും രണ്ടാഴ്ചക്കകം ലഭ്യമാക്കും. ഓർത്തോ വിഭാഗം ഡോക്ടറെ നിയമിച്ചു. അനസ്തേഷ്യ വിഭാഗത്തിൽ ഡോക്ടറെ വർക്കിങ് അറേഞ്ച്മെന്റ് വഴി ലഭ്യമാക്കും. അത്യാവശ്യം വേണ്ട ജീവനക്കാരെ എച്ച്.എം.സി വഴി നിയമിക്കുമെന്നും മന്ത്രി പറഞ്ഞു.
ടി.ഐ. മധുസൂദനൻ എം.എൽ.എ, നഗരസഭ ചെയർപേഴ്സൻ കെ.വി. ലളിത, വൈസ് ചെയർമാൻ പി.വി. കുഞ്ഞപ്പൻ, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. കെ.ജെ. റീന, ഡി.എം.ഒ ഇന്‍ ചാര്‍ജ് ഡോ. ജീജ, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ലേഖ, ഡി.പി.എം ഡോ. പി.കെ. അനില്‍കുമാര്‍, ആശുപത്രി സൂപ്രണ്ട് ഇന്‍ചാര്‍ജ് ഡോ. ടി അബ്ദുൽ ജലീല്‍, നഗരസഭ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ വി.വി. സജിത തുടങ്ങിയവർ സംബന്ധിച്ചു.
ഒരു വർഷം കൊണ്ട് പെരിങ്ങോം താലൂക്ക് ആശുപത്രിയിൽ ആവശ്യമായ മുഴുവൻ സൗകര്യങ്ങളും ഏർപ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു. പുതിയ കെട്ടിട നിർമാണം അടുത്ത വർഷം ആഗസ്റ്റിൽ പൂർത്തിയാകും. നിലവിൽ ആറ് ഡോക്ടർമാരുടെ സേവനമുണ്ട്. ഒഴിവുള്ള രണ്ട് തസ്തികകളിൽ ഉടൻ ഡോക്ടർമാരെ നിയമിക്കുമെന്നും മന്ത്രി പറഞ്ഞു.
പഴയങ്ങാടി: താലൂക്കാശുപത്രിയുടെ അടിസ്ഥാന സൗകര്യം വികസിപ്പിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. ആശുപത്രി സന്ദർശനങ്ങളുടെ ഭാഗമായി പഴയങ്ങാടി താലൂക്കാശുപത്രിയിലെത്തിയതായിരുന്നു മന്ത്രി. അമ്മയും കുഞ്ഞും ആശുപതിയുടെ ജോലി മാർച്ചിൽ പൂർത്തീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. എം. വിജിൻ എം.എൽ.എ ഒപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.