പയ്യന്നൂർ നഗരസഭ കൗൺസിൽ പുതിയ ബസ് സ്റ്റാൻഡിന് അഞ്ചുകോടി രൂപ വായ്പ വാങ്ങും
text_fieldsപയ്യന്നൂർ: നഗരസഭാ പുതിയ ബസ് സ്റ്റാൻഡ് നിർമാണത്തിന് ഹഡ്കോയിൽ നിന്ന് വായ്പ ലഭിക്കുന്നതിന് 4.98 കോടി രൂപയുടെ വിശദ പദ്ധതിരേഖ സമർപ്പിക്കാൻ നഗരസഭ യോഗം അനുമതി നൽകി.
വായ്പ ലഭിക്കുന്നതിന് നേരത്തേ മൂന്നര കോടി രൂപയുടെ പദ്ധതി രേഖയാണ് സമർപ്പിച്ചിരുന്നത്. എസ്റ്റിമേറ്റിലെ ന്യൂനതകൾ പരിഹരിക്കണമെന്ന് ഹഡ്കോയുടെ ആവശ്യപ്രകാരമാണ് വിശദമായ പുതിയ പദ്ധതിരേഖ തയാറാക്കിയതെന്ന് ചെയർപേഴ്സൻ കെ.വി. ലളിത വിശദീകരിച്ചു.
നഗരസഭയിലെ വൻകിട പദ്ധതികൾ പലതും പലവിധ കാരണങ്ങളാൽ നീണ്ടു പോകുന്നത് നഗരസഭ വികസന പ്രവൃത്തികളെ ദോഷകരമായി ബാധിക്കുന്നതായി പ്രതിപക്ഷ നേതാവ് കെ.കെ. ഫൽഗുനൻ കുറ്റപ്പെടുത്തി.
സാങ്കേതിക പരിജ്ഞാനമില്ലാത്ത ഏജൻസികളാണോ ഇത്തരം റിപ്പോർട്ട് തയാറാക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. 2014ൽ അന്നത്തെ നഗരവികസന മന്ത്രി മഞ്ഞളാംകുഴി അലിയാണ് സ്റ്റാൻഡിന് തറക്കല്ലിട്ടത്. ബസ് സ്റ്റാൻഡ് യാർഡ്, ടോയ്ലറ്റ് എന്നിവ നിർമിക്കുന്നതിന് വായ്പ ലഭിക്കുന്നതിനായി നഗരസഭ പെരുമ്പ ഷോപ്പിങ് കോംപ്ലക്സാണ് ഹഡ്കോക്ക് ഈട് നൽകിയിരുന്നത്.
എന്നാൽ, കോംപ്ലക്സ് പുറമ്പോക്ക് ഭൂമിയിലാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് അത് മാറ്റിയെടുക്കുന്നതിന് വന്ന താമസമാണ് വായ്പ അനുവദിക്കുന്നതിന് തടസ്സമായെതെന്നും പുതിയ പദ്ധതിരേഖ സമർപ്പിക്കുന്നതോടെ വായ്പ പെട്ടെന്ന് അനുവദിക്കുന്നതിനായി ഹഡ്കോ അധികൃതർ 13ന് സ്ഥലം സന്ദർശിക്കുമെന്നും ചെയർപേഴ്സൻ പറഞ്ഞു. ഈ കൗൺസിൽ കലാവധിക്കുള്ളിൽ തന്നെ ബസ് സ്റ്റാൻഡ് നിർമാണം ആരംഭിക്കുമെന്നും പറ്റുമെങ്കിൽ നിർമാണം പൂർത്തിയാക്കുമെന്നും ചെയർപേഴ്സൻ പറഞ്ഞു.
മാലിന്യമുക്തം നവകേരളം രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി വാർഡുകളിൽ 30നുള്ളിൽ ഹരിതസഭ ചേരാനും നവംബർ 14ന് കുട്ടികളുടെ ഹരിതസഭ ചേരാനും തീരുമാനിച്ചു. പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം റോഡ് റീടാറിങ് ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചിട്ടുണ്ടെന്നും ആരാധനാ മഹോത്സവം തുടങ്ങുന്നതിന് മുമ്പു തന്നെ പ്രവൃത്തി പൂർത്തിയാക്കുമെന്നും ചെയർപേഴ്സൻ പറഞ്ഞു.
20ന് നടക്കുന്ന മണ്ഡലം നവകേരളം പരിപാടിക്ക് മുന്നോടിയായി പയ്യന്നൂർ പൊലീസ് മൈതാനത്തിനടുത്ത് 19 മുതൽ ഫുഡ്കോർട്ട് ഒരുക്കും. അപേക്ഷിച്ച 31പേർക്ക് വാർധക്യകാല പെൻഷനും അഞ്ചുപേർക്ക് ഡിസബിലിറ്റി പെൻഷനും എട്ടു പേർക്ക് കർഷകത്തൊഴിലാളി പെൻഷനും നൽകുന്നതിന് യോഗം അനുമതി നൽകി. യോഗത്തിൽ ചെയർപേഴ്സൻ കെ.വി. ലളിത അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.