ലഹരിവേട്ടക്കായി പയ്യാവൂരിൽ നാർക്കോട്ടിക് ഫൈറ്റേഴ്സ് വരുന്നു
text_fieldsശ്രീകണ്ഠപുരം: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ലഹരി മുക്ത വിദ്യാർഥി സമൂഹം വാർത്തെടുക്കാൻ ലഹരിവേട്ടക്കായി പയ്യാവൂർ പഞ്ചായത്തിൽ നർക്കോട്ടിക് ഫൈറ്റേഴ്സ് രൂപവത്കരിക്കുമെന്ന് പ്രസിഡന്റ് അഡ്വ. സാജു സേവ്യർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
നാല് തലങ്ങളിലായാണ് ലഹരി വിരുദ്ധ പ്രവർത്തനം നടത്തുക. സ്കൂൾ, കോളജ് വിദ്യാർഥികളുടെ വീടുകൾ, പൊതു ഇടങ്ങൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചുള്ള കർശന പ്രവർത്തനങ്ങളാണ് നടപ്പാക്കുക. എൻ.എസ്.എസ്, എസ്.പി.സി, സ്കൗട്ട് തുടങ്ങിയ സംഘടനകളിലൊന്നും അംഗമാകാതെ മാറിനിൽക്കുന്ന മുഴുവൻ വിദ്യാർഥികളെയും ഉൾപ്പെടുത്തിയാണ് നർക്കോട്ടിക് ഫൈറ്റേഴ്‌സ് രൂപവത്കരിക്കുക.
സ്കൂളിലെ മൊത്തം കുട്ടികളുടെ എണ്ണത്തിന്റെ നിശ്ചിത ശതമാനം കുട്ടികൾ നർക്കോട്ടിക് ഫൈറ്റേഴ്‌സിലുണ്ടാവും. ഒരു ലീഡറും അധ്യാപകനും ഇതിന്റെ മേൽനോട്ടം വഹിക്കും. ഇവർക്കായി പ്രത്യേക പരിശീലനവും നൽകും. വിദ്യാർഥികൾക്കിടയിലെ ലഹരി ഉപയോഗം കണ്ടെത്തി അതിൽനിന്ന് മോചിപ്പിക്കാൻ ഇതിലൂടെ സാധിക്കും. കൂടാതെ 10 വിദ്യാർഥികളും അവരുടെ രക്ഷിതാക്കളുമടങ്ങുന്ന നിരവധി സൗഹൃദ സദസ്സിനും രൂപം നൽകും.
വിദ്യാർഥിയെയും രക്ഷിതാവിനെയും ഒന്നിച്ചിരുത്തി നിരന്തരമായി സർഗാത്മക പരിപാടികൾ സംഘടിപ്പിക്കുന്നതോടെ ലഹരിയിലേക്ക് വഴിതെറ്റാനുള്ള വിദ്യാർഥിയുടെ മാനസികാവസ്ഥയിൽ മാറ്റുണ്ടാവും. വിദ്യാർഥിയുടെ കുടുംബാന്തരീക്ഷം മനസ്സിലാക്കി കൗൺസലിങ് നൽകും.
വൈകീട്ട് ആറിന് ശേഷം കലാലയങ്ങളിൽ വിദ്യാർഥികൾ ഉൾപ്പെടെ ആർക്കും പ്രവേശനമുണ്ടായിരിക്കില്ല. പ്രവേശന കവാടം പൂട്ടിയിടാനും പരിസരങ്ങളിലും മറ്റിടങ്ങളിലും കാമറകൾ സ്ഥാപിക്കാനും കർശന നിർദേശം നൽകും. അന്തർ സംസ്ഥാന തൊഴിലാളികളെ പൂർണമായും നിരീക്ഷിക്കും.
അവരുടെ നാടുകളിൽ പോയി മടങ്ങിയെത്തുമ്പോൾ ബാഗുകളും മറ്റും അധികൃതർ പരിശോധിക്കും. ലഹരി സ്പോട്ടുകൾ കണ്ടെത്തി പരിശോധന നടത്തും. വിദ്യാർഥികൾക്ക് ലഭ്യമാക്കുന്ന മിഠായികളും പരിശോധനക്ക് വിധേയമാക്കും. ആളൊഴിഞ്ഞ കാടുകയറിക്കിടക്കുന്ന ഭൂമി ഉടമസ്ഥരെക്കൊണ്ട് വെട്ടിത്തെളിച്ച് വൃത്തിയാക്കി കമ്പിവേലി കെട്ടി പ്രവേശനം തടയാൻ നിർദേശം നൽകും.
പഞ്ചായത്തിന്റെ എല്ലാ പ്രവേശന കവാടങ്ങളിലും, 'പയ്യാവൂരിൽ ലഹരിയുമായെത്തിയാൽ പിടിവീഴു'മെന്നുള്ള ബോർഡുകൾ സ്ഥാപിക്കുകയും എക്സൈസ് - പൊലീസ് പരിശോധന കർശനമാക്കുകയും ചെയ്യും.
സംസ്ഥാനത്ത് ആദ്യമായാണ് ഒരു പഞ്ചായത്ത് ലഹരിക്കെതിരെ ഇത്തരം വേറിട്ട പ്രവർത്തനവുമായി രംഗത്തുവന്നിട്ടുള്ളതെന്നും ജനപ്രതിനിധികൾ, സ്കൂൾ അധികൃതർ, വിദ്യാർഥികൾ, നാട്ടുകാർ എന്നിവരുടെ സഹകരണത്തോടെ പൊലീസും എക്സൈസും നടപടി ശക്തമാക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.