ഫോണിൽ മാന്യമായി സംസാരിക്കൂ... ഉദ്യോഗസ്ഥർക്ക് കർശന നിർദേശവുമായി ഉത്തരവിറങ്ങി
text_fieldsശ്രീകണ്ഠപുരം/തൃശൂർ: ഓഫിസ് പ്രവർത്തനം കാര്യക്ഷമമാക്കുന്നതോടൊപ്പം ജനങ്ങളുടെ ഫോൺ കൈകാര്യം ചെയ്യുന്നതിൽ സ്വീകരിക്കേണ്ട കാര്യങ്ങൾക്കൂടി വ്യക്തമാക്കി പഞ്ചായത്ത് അഡീഷനൽ ഡയറക്ടർ എം.പി. അജിത്ത് കുമാർ ഉത്തരവിറക്കി.
16/05/2018ലെ ഡി. 329646/17 നമ്പർ ഉത്തരവിന് ചുവടുപിടിച്ചാണ്, ഓഫിസിൽ ഫോൺ കൈകാര്യം ചെയ്യുന്നതിന് പത്ത് നിർദേശങ്ങളടങ്ങിയ ഉത്തരവ് കൂടി ഇറക്കിയത്. പഞ്ചായത്ത് ഓഫിസ് പ്രവർത്തനം സുഗമമാക്കുന്നതിന് സേവനങ്ങളുടെ വേഗത വർധിപ്പിക്കുന്നതിനായി നടപടിക്രമങ്ങൾ ലഘൂകരിക്കണമെന്നും ജീവനക്കാരുടെ മനോഭാവങ്ങളിൽ മാറ്റം വരുത്തണമെന്നും നേരത്തെ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. മൂന്നുതവണ മണിയടിക്കുംമുമ്പ് ഫോൺ എടുക്കുക, ഫോൺ എടുക്കുന്നയാൾ പേരും തസ്തികയും ഉൾപ്പെടെ പറയുക, വ്യക്തമായും ഉച്ചത്തിലും സംസാരിക്കണം, വിളിച്ചയാളോട് സൗമ്യമായ ഭാഷ ഉപയോഗിക്കണം, വിളിക്കുന്നയാളിൽനിന്ന് ആവശ്യമായ കാര്യങ്ങൾ എഴുതിയെടുക്കണം, ആർക്കെങ്കിലും ഫോൺ നൽകണമെങ്കിൽ ചോദിച്ച് കൈമാറണം, അവസാനിപ്പിക്കുമ്പോൾ നന്ദി അറിയിക്കണം തുടങ്ങിയ നിർദേശങ്ങളാണ് ഉത്തരവിലുള്ളത്.
ഇവ പാലിക്കപ്പെടുന്നുണ്ടെന്ന് മേലധികാരികൾ ഉറപ്പുവരുത്തണമെന്നും നിർദേശിച്ചിട്ടുണ്ട്. കോവിഡും ലോക്ഡൗണും കാരണം നേരിട്ട് പഞ്ചായത്ത് ഒാഫിസുകളിൽ പോകാനാവാത്തതിനാൽ ജനങ്ങൾ ഫോൺ മുഖേനയാണ് കാര്യങ്ങൾ അന്വേഷിച്ചിരുന്നത്. എന്നാൽ, ചില ഉദ്യോഗസ്ഥർ ഫോൺ വഴി കൃത്യമായി മറുപടി നൽകുന്നില്ലെന്നും മോശമായി സംസാരിക്കുന്നുണ്ടെന്നും സംസ്ഥാനത്താകെ പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് പുതിയ ഉത്തരവ് ഇറക്കിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.