കൂടുതൽ സ്കൂളുകളിൽ ജലലാബുകൾ; ഒരുങ്ങുന്നത് 20 ലാബുകള്‍ കൂടി
text_fieldsകണ്ണൂർ: കുടിവെള്ളം ശുദ്ധമാണോയെന്ന് പരിശോധിക്കാന്‍ ജില്ലയില്‍ കൂടുതൽ സ്കൂളുകളോട് ചേര്‍ന്ന് ജല ലാബുകള്‍. എളുപ്പത്തിലും പണച്ചെലവില്ലാതെയും പൊതുജനങ്ങള്‍ക്ക് ജലത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് അറിയാനും ജലജീവന്‍ മിഷന് വഴി രാജ്യാന്തര ഗുണനിലവാരമുള്ള ലാബ് സംവിധാനമാണ് ഒരുക്കുന്നത്. എട്ടു ലാബുകള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 13 ലാബുകള്‍ ഉദ്ഘാടന സജ്ജമായി. ഏഴു ലാബുകള്‍ നിർമാണ ഘട്ടത്തിലാണ്.
ഹരിത കേരളം ജല ഉപമിഷന്റെ നേതൃത്വത്തിലാണ് ലാബിന്റെ പ്രവര്‍ത്തനം. ജില്ല പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ മയ്യില്‍, കുറുമാത്തൂര്‍, കണിയന്ചാല്, ചിറ്റാരിപ്പറമ്പ്, കതിരൂര്‍, ആറളം, എടയന്നൂര്‍, മണത്തണ, മാടായി, പാപ്പിനിശ്ശേരി, വളപട്ടണം, പടിയൂര്‍, ഉളിക്കല്‍ എന്നീ 13 ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ ലാബുകളോട് ചേര്‍ന്ന് ജല പരിശോധന ലാബുകളുടെ നിർമാണം പൂര്‍ത്തീകരിച്ച് ഉദ്ഘാടനത്തിന് തയാറായി.
ഇതിനുപുറമേ പയ്യന്നൂര്‍ മണ്ഡലത്തിലെ ഏഴു സ്കൂളുകളില്‍ ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ ജല പരിശോധന ലാബുകളുടെ നിർമാണം പുരോഗമിക്കുകയാണ്.
നിറവും മണവുമടക്കം പരിശോധിക്കും
മള്‍ട്ടി പാരാമീറ്റര്‍, വാട്ടര്‍ ക്വാളിറ്റി അനലൈസര്‍, കളര്‍ കംപാരേറ്റര്‍, ഹൈഡ്രജന്‍ സള്‍ഫൈഡ് സ്ട്രിപ് ബോട്ടില്‍, കെമിക്കല്‍ കിറ്റ് എന്നിവയാണ് പരിശോധന സംവിധാനങ്ങളായി ലാബുകളില്‍ ഒരുക്കിയിട്ടുള്ളത്. നിറം, മണം, പി.എച്ച് മൂല്യം, വൈദ്യുതി ചാലകത ലയിച്ചു ചേര്‍ന്നിരിക്കുന്ന പദാര്‍ഥങ്ങളുടെ അളവ്, ലവണത്വം, കോളിഫോം സാന്നിധ്യം എന്നീ ഘടകങ്ങളാണ് പരിശോധനക്ക് വിധേയമാക്കുക. സംസ്ഥാനത്ത് ശാസ്ത്ര ലാബുകള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലും കുട്ടികള്‍ക്കും അധ്യാപകര്‍ക്കും കുടിവെള്ള ഗുണനിലവാര പരിശോധന നടത്താനുള്ള പരിശീലനം നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ജലസംരക്ഷണം ഉറപ്പുവരുത്തുന്നതോടൊപ്പം ഉപയോഗിക്കുന്ന ജലത്തിന്റെ ഗുണനിലവാരം തിരിച്ചറിയുന്ന സാഹചര്യം സൃഷ്ടിക്കുകയാണ് ഈ പദ്ധതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.