പുരോഗമന സമൂഹത്തിനുതകുന്ന രീതിയിലാവണം ജയില്‍ പ്രവർത്തനം -മുഖ്യമന്ത്രി
text_fieldsചെറുവത്തൂർ: പുരോഗമന സമൂഹത്തിനുതകുന്ന തരത്തിലുള്ളതായിരിക്കണം ജയില്‍ പരിഷ്കരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ചീമേനി ഓപണ്‍ പ്രിസണ്‍ ആൻഡ് കറക്ഷനല്‍ ഹോമിലെ അന്തേവാസികളുടെ പുതിയ ബാരക്ക് കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ആധുനിക ജയില്‍ സംവിധാനം ലക്ഷ്യമിടുന്ന തിരുത്തല്‍ പ്രക്രിയയും സാമൂഹികവത്കരണവും പുനരധിവാസവും സാക്ഷാത്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് കൂടുതല്‍ അന്തേവാസികളെ തുറന്ന ജയിലിലേക്ക് പാര്‍പ്പിക്കുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചത്. അതിന്റെ ഭാഗമായാണ് പുതിയ ബാരക്ക് നിർമിച്ചത്.
കേരളത്തിലെ ജയിലുകള്‍ കുറ്റകൃത്യങ്ങള്‍ ചെയ്തവരെ പാര്‍പ്പിക്കുന്ന ഇടങ്ങള്‍ മാത്രമല്ല. ജയില്‍ അന്തേവാസികളുടെ സംശുദ്ധീകരണവും സന്മാർഗീകരണവും ഇവിടെ നടക്കുന്നുണ്ട്. ഒപ്പം അന്തേവാസികള്‍ക്ക് മാന്യമായ ജീവിതനിലവാരം ഉറപ്പുവരുത്തുന്നതിനായി വ്യത്യസ്ത തലത്തിലുള്ള തൊഴില്‍ പരിശീലനങ്ങളും ബോധവത്കരണങ്ങളും വിദ്യാഭ്യാസ പരിപാടികളും ജയിലുകളില്‍ നടന്നുവരുന്നു.
ഭക്ഷണ നിർമാണ യൂനിറ്റുകള്ക്കുപുറമെ പെട്രോള്‍ പമ്പ്, ഫാഷന്‍ ഡിസൈനിങ് യൂനിറ്റ്, ബ്യൂട്ടി പാര്‍ലര്‍, വീവിങ് ആന്‍ഡ് ടെയിലറിങ്, കല്ലുവെട്ട് യൂനിറ്റ് എന്നിവയും പ്രവര്‍ത്തിച്ചുവരുന്നുണ്ട്. അന്തേവാസികള്‍ക്ക് തൊഴില്‍ നല്‍കുന്നതിനായി റബര്‍ പ്ലാന്റേഷന്, കശുമാവ് പ്ലാന്റേഷന്, പശു, ആട്, കോഴി, മുയല് ഫാമുകള്‍ തുടങ്ങിയവയും ജയിലുകള്‍ക്കുള്ളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തടവുശിക്ഷ കഴിയുന്നതോടെ അന്തേവാസികളെ സാമൂഹിക ജീവിതത്തിന് അനുയോജ്യരാക്കിമാറ്റുന്നതിന് ഇവയൊക്കെ സഹായകരമാണ്.
പ്രാകൃതമായ ശിക്ഷാരീതികളോ പെരുമാറ്റങ്ങളോ ജയിലുകളിലുണ്ടാകാന് പാടില്ല. അന്തേവാസികളുടെ ന്യായമായ എല്ലാ അവകാശങ്ങളും ക്ഷേമവും അവിടെ ഉറപ്പുവരുത്തണം. എന്നാല്‍, ജയിലുകളില്‍ പാലിക്കേണ്ട അച്ചടക്കത്തിന് ഒരു കുറവും ഇതുവഴി സംഭവിക്കാൻ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
എം. രാജഗോപാലന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന് എം.പി മുഖ്യാതിഥിയായി. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയര്‍ മുഹമ്മദ് മുനീര്‍ വടക്കുമ്പാടം റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ല കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ്, ജില്ല പൊലീസ് മേധാവി ഡോ. വൈഭവ് സക്സേന, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മാധവന് മണിയറ, കയ്യൂര്‍ ചീമേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. വത്സലന്‍.
കാസര്‍കോട് ജില്ല പഞ്ചായത്ത് അംഗം കെ. ശകുന്തള, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് അംഗം പി.ബി. ഷീബ, കയ്യൂര്‍ ചീമേനി ഗ്രാമപഞ്ചായത്ത് അംഗം എ.ജി. അജിത്കുമാര്‍, കേരള ജയില്‍ എക്സിക്യൂട്ടിവ് ഓഫിസേഴ്സ് അസോസിയേഷന് സംസ്ഥാന സെക്രട്ടറി പി.ടി. സന്തോഷ്, കേരള ജയില്‍ സബോഡിനേറ്റ് ഓഫിസേഴ്സ് അസോസിയേഷന് ജനറല്‍ സെക്രട്ടറി പി.വി. ജോഷി എന്നിവർ സംസാരിച്ചു.
പ്രിസണ്‍ ആൻഡ് കറക്ഷനല്‍ സര്‍വിസസ് ഡയറക്ടര്‍ ജനറല്‍ ബല്‍റാം കുമാര്‍ ഉപാധ്യായ സ്വാഗതവും ചീമേനി ഓപണ്‍ ജയില്‍ സൂപ്രണ്ട് വി. ജയകുമാര്‍ നന്ദിയും പറഞ്ഞു. ജയില്‍ അന്തേവാസികള്‍ തയാറാക്കിയ പച്ചപ്പാവങ്ങള്‍ എന്ന ഹ്രസ്വചിത്രത്തിന്റെ സീഡി പ്രകാശനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.