കാക്കടവ് ഡാം പദ്ധതി യാഥാർഥ്യമാവുന്നു
text_fieldsചെറുവത്തൂർ: ഉപേക്ഷിച്ച കാക്കടവ് ഡാം പദ്ധതിക്ക് ജീവൻ വെക്കുന്നു. ജനകീയ പ്രക്ഷോഭത്തെ തുടർന്ന് ഉപേക്ഷിച്ച പദ്ധതിക്കാണ് വീണ്ടും ശ്രമം തുടങ്ങിയത്. കാസർകോട് വികസന പാക്കേജിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനു മുന്നോടിയായി ജില്ലയുടെ ജലസുരക്ഷയെ സംബന്ധിച്ച് ചർച്ച പൂർത്തിയായി. ജില്ലയിലെ ഡാം നിർമാണത്തെ കുറിച്ചുമുള്ള ചർച്ചയും നടന്നു. ജില്ലയിൽ നദികൾ ഏറെയുണ്ടെങ്കിലും വലിയ ഡാമുകൾ ഇല്ലാത്തതിനാൽ വേനൽക്കാലത്ത് കുടിവെള്ള ക്ഷാമം അനുഭവപ്പെടുകയാണ്.
1970-90 കാലത്ത് സജീവ പരിഗണനയിൽ ഉണ്ടായിരുന്നതും ഉയരക്കൂടുതൽ കാരണവും മറ്റു പ്രശ്നങ്ങളാലും നിർത്തലാക്കേണ്ടി വന്നതുമായ കാക്കടവ്, മൂന്നാംകടവ്, പയസ്വിനി എന്നിവിടങ്ങളിലെ ഡാം നിർമാണ പദ്ധതി നടപ്പാക്കുന്നതിനു സാധ്യത പരിശോധന ശ്രമമാണ് ആരംഭിച്ചത്. കാസർകോട് ജില്ലയിലെ കയ്യൂർ-ചീമേനി, വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി, കണ്ണൂർ ജില്ലയിലെ ചെറുപുഴ, പെരിങ്ങോം-വയക്കര എന്നീ പഞ്ചായത്തുകളിലെ ജലസേചനത്തിനും ഭൂഗർഭജല റീചാർജിനും പുറമെ ജില്ലയിൽ മിനി-മൈക്രോ ഹൈഡ്രോ ഇലക്ട്രിക് പവർ സ്റ്റേഷൻ സ്ഥാപിക്കാനും സാധിക്കും.
നിലവിൽ മാർച്ച് മുതൽ മേയ് വരെ രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന പ്രദേശങ്ങളിലേക്ക് കുടിവെള്ളം കൊണ്ടുപോകുന്നത് കാക്കടവിൽനിന്നാണ്. ഏഴിമല നാവിക അക്കാദമി, പെരിങ്ങോം സി.ആർ.പി.എഫ് ക്യാമ്പ് എന്നിവിടങ്ങളിലേക്കുള്ള കുടിവെള്ളവും ഇവിടെ നിന്നുമാണ് വിതരണം ചെയ്യുന്നത്. ഡാം നിർമാണം ചില പ്രദേശങ്ങൾക്ക് അനുകൂലമാകുമ്പോൾ സമീപ പഞ്ചായത്തുകളിൽ പ്രതിഷേധമുയരുന്നുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.