പോത്താങ്കണ്ടത്ത് മാലിന്യം നിറയും; പ്രകൃതിഭംഗി നഷ്ടമാകും
text_fieldsചെറുവത്തൂർ: കയ്യൂർ-ചീമേനി പഞ്ചായത്തിലെ സുന്ദരഭൂമിയായ പോത്താംകണ്ടം പ്രദേശത്ത് ഇനി മാലിന്യങ്ങൾ നിറയും. ഇതിനെതിരെയായി പ്രദേശ വാസികളും നാട്ടുകാരും നടത്തുന്ന പ്രതിഷേധങ്ങളെ കാണാതെ പ്ലാന്റ് നിർമിക്കുന്നതിനുള്ള നടപടികളുമായി അധികൃതർ മുന്നോട്ട് പോവുകയാണ്. പുരാവസ്തു ശേഖരങ്ങൾ നിരവധിയുള്ള അരിയിട്ട പാറയടക്കമുള്ള ഭൂപ്രദേശം ഉൾക്കൊള്ളുന്നിടമാണ് പോത്താംകണ്ടം. സംസ്ഥാന പുരാവസ്തു വകുപ്പിന്റെ ഗവേഷണം പല തവണ നടന്ന സ്ഥലം കൂടിയാണിവിടം. പുരാതന ചിത്രങ്ങൾ, കൈ ഉയർത്തി നിൽക്കുന്ന മനുഷ്യരൂപം, ചെങ്കൽ ഗുഹകൾ, കാൽക്കുഴികൾ എന്നിവ പുരാവസ്തു വകുപ്പ് ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇവയെല്ലാം മറന്ന് കൊണ്ടാണ് മാലിന്യ പ്ലാന്റുമായി അധികൃതർ മുന്നോട്ട് പോകുന്നത്.
പ്ലാന്റ് സ്ഥാപിക്കുവാനുള്ള നടപടിയിൽ നിന്നും അധികൃതർ പിന്മാറിയില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ നടത്തി പ്രതിരോധിക്കാനാണ് നാട്ടുകാരുടെ തീരുമാനം. പ്ലാന്റിനായി സ്ഥലം ഏറ്റെടുക്കാനെത്തിയ റവന്യു അധികൃതരെ നാട്ടുകാർ തടഞ്ഞിരുന്നു. സിനിമ ചിത്രീകരണമടക്കം നടക്കുന്ന പോത്താംകണ്ടത്തെ മനോഹര ഭൂമിയിലാണ് മാലിന്യ ശേഖരണ സംസ്കരണ പ്ലാന്റ് നിർമിക്കുന്നത്. ഇതിനായി 25 ഏക്കർ നേരത്തേ ഏറ്റെടുത്തിരുന്നു. ജില്ലയിൽ നിന്നുള്ളവ മാത്രമല്ല സമീപ ജില്ലകളിൽ നിന്നുമുള്ള മാലിന്യം ഇവിടെയെത്തിക്കാനാണ് ശ്രമം. ഇങ്ങനെ സംഭവിച്ചാൽ മാലിന്യക്കൂമ്പാരമായി സ്ഥലം മാറുമെന്നും അതനുവദിക്കില്ലെന്നുമാണ് നാട്ടുകാരുടെ നിലപാട്. നിർമാണ പ്രവൃത്തി ആരംഭിക്കുന്നതിനുള്ള പരിശോധനക്കാണ് റവന്യു സംഘം വീണ്ടും എത്തിയത്. എന്നാൽ നാട്ടുകാരുടെ പ്രതിഷേധം ഉയർന്നതോടെ അധികൃതർ തിരിച്ചുപോയി. ഈ പ്രദേശത്ത് നിരവധി കുടുംബങ്ങളാണ് താമസിക്കുന്നത്. മാലിന്യപ്ലാന്റ് സ്ഥാപിച്ചാൽ ജനങ്ങൾക്ക് ആരോഗ്യ പ്രശ്നങ്ങളും കുടിവെള്ളം മലിനമാകുമെന്നും നാട്ടുകാർ പറഞ്ഞു.
ആൾപാർപ്പില്ലാത്തതും ഒറ്റപ്പെട്ടതുമായ മേഖലകൾ നിരവധിയുണ്ടായിട്ടും ജനവാസമേഖലയിൽ ഇത് സ്ഥാപിക്കാനുള്ള നീക്കം അനുവദിക്കില്ല എന്നതാണ് നാട്ടുകാർ പറയുന്നത്. ചീമേനിക്ക് അനുവദിച്ച ഐ.ടി. പാർക്കടക്കമുള്ളവയിൽ നിന്നും സർക്കാർ പിന്മാറി ജനജീവിതം ദുസ്സഹമാക്കുന്ന മാലിന്യം പ്ലാന്റുമായി മുന്നോട്ട് നീങ്ങുന്ന നടപടിയിലാണ് അധികൃതർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.