തേങ്ങ കൊണ്ട് വികൃതി: കുരങ്ങുകൾ വീടുകൾ എറിഞ്ഞു പൊളിക്കുന്നു; വന്യജീവി ശല്യത്തിൽ പൊറുതിമുട്ടി ഒരു നാട്
text_fieldsകാഞ്ഞങ്ങാട്: വന്യജീവി ശല്യത്തിൽ പൊറുതിമുട്ടിയിരിക്കുകയാണ് ഒരു നാട്. വെസ്റ്റ് എളേരി പഞ്ചായത്തിലെ പെരുംമ്പട്ട, ഓട്ടപടവ് പ്രദേശങ്ങളിലാണ് കുരങ്ങുശല്യം രൂക്ഷമായത്. കുരങ്ങുശല്യം കാരണം നാളികേര കർഷകരാണ് ഏറെ ദൂരിതത്തിലായത്. പകൽ സമയത്തുപോലും കൂട്ടമായെത്തുന്ന കുരങ്ങുകൾ വീടിന്റെ ഓട് ഇളക്കി വലിച്ചറിഞ്ഞ് പൊട്ടിക്കുകയാണ്. തെങ്ങിൽ കയറിക്കൂടുന്ന കുരങ്ങുകൾ വീടിന് മുകളിലേക്ക് തേങ്ങ വലിച്ചെറിഞ്ഞ് ഓടുകൾ പൊട്ടിക്കുന്നതും പതിവ്. വികൃതിക്കുരങ്ങന്മാർ നാൾക്കുനാൾ പെരുകിയതോടെ കുട്ടികൾക്ക് പുറത്തിറങ്ങാൻ പോലും വയ്യാതായി.
ഈ പ്രദേശങ്ങളിലെ തെങ്ങുകളിലെ ഇളനീര് മുഴുവനും പറിച്ച് കുടിക്കുന്നതിനാൽ കറിക്ക് അരക്കാനുള്ള തേങ്ങപോലും കടയിൽനിന്നു വാങ്ങേണ്ട ഗതികേടിലാണ് വീട്ടുകാർ. വാഴക്കുല, പേരക്ക, പച്ചക്കറികൾ തുടങ്ങിയതൊന്നും കർഷകർക്ക് കിട്ടാറില്ല. അക്രമസ്വഭാവം കാട്ടുന്നതിനാൽ മദ്റസകളിലും അംഗൻവാടികളിലും കുട്ടികൾ പോകാൻ ഭയപ്പെടുകയാണ്. കുരങ്ങുകളുടെയും കാട്ടുപന്നികളുടെയും ശല്യത്തിൽനിന്നും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, വന-കൃഷിമന്ത്രിമാർ, കലക്ടർ എന്നിവർക്ക് പലതവണ നിവേദനം നൽകിയിട്ടും ഇതുവരെ ആരുംതിരിഞ്ഞ് നോക്കാൻ എത്തിയില്ലെന്ന് നാട്ടുകാർ പറഞ്ഞു. കൃഷി നശിപ്പിച്ചവർക്ക് നഷ്ടപരിഹാരം കൊടുക്കാൻ അധികൃതർ മടിക്കുകയാണ്.
പെരുമ്പട്ടയിലെ പി.പി. സഫിയയുടെയും തൊട്ടടുത്ത മൗലവിയുടെയും വീടുകളുടെ ഓടുകൾ കഴിഞ്ഞ ദിവസവും തേങ്ങയെറിഞ്ഞ് പൊട്ടിച്ചു. വനപാലകർക്ക് നിരന്തരം പരാതി നൽകിയതിനെത്തുടർന്ന് മുമമ്പൊരിക്കൽ കാഞ്ഞങ്ങാട് ഫോറസ്റ്റ് റേഞ്ച് സെക്ഷൻ ഓഫിസിൽനിന്ന് ജീവനക്കാരെത്തി കൂടുസ്ഥാപിക്കുകയും കൂട്ടിൽ കുടുങ്ങിയ കുരങ്ങുകളെ പിടികൂടി കാട്ടിൽ ഉപേക്ഷിക്കുകയും ചെയ്തിരുന്നു. പക്ഷെ, ഇതുകൊണ്ടും കുരങ്ങു ശല്യത്തിന് പരിഹാരമായില്ല.
ഇതിനിടയിൽ തെരുവുനായ് ശല്യം കൂടിയായതോടെ ദുരിതമേറിയിരിക്കുകയാണ് നാട്ടുകാർക്ക്. മുമ്പ് വീട് നശിപ്പിച്ചതിന് സഫിയയും മൗലവിയും നഷ്ടപരിഹാരത്തിന് അപേക്ഷ നൽകിയിരുന്നുവെങ്കിലും ഒരു വർഷം കഴിഞ്ഞിട്ടും ഓഫിസുകൾ കയറിയിറങ്ങിയതല്ലാതെ നഷ്ടപരിഹാരം കിട്ടിയില്ല. കഴിഞ്ഞയാഴ്ച ജില്ലയിലെത്തിയ വനംമന്ത്രി എ.കെ. ശശീന്ദ്രനെ കണ്ട് പൊതുപ്രവർത്തകൻ കോട്ടപ്പള്ളം അഹമ്മദ് നിവേദനം നൽകി. പ്രശ്നത്തിന് പരിഹാരമുണ്ടാക്കാൻ ശ്രമിക്കാമെന്നാണ് മന്ത്രി അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.