പൂച്ചക്കാട് സംഘർഷം; ഏഴുപേർ കസ്റ്റഡിയിൽ
text_fieldsകാഞ്ഞങ്ങാട്: പൂച്ചക്കാട് കേന്ദ്രീകരിച്ച് സംഘർഷം രൂക്ഷമാകുന്നു. വീട് തീവെപ്പിന് പിന്നാലെ യുവാവിനെ കാറിടിച്ചു വീഴ്ത്തി വധിക്കാൻ ശ്രമിച്ചതോടെ പ്രശ്നം രൂക്ഷമായി. രാത്രി സമയത്ത് സംഘടിച്ച ഏഴുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
പൂച്ചക്കാട് സ്വദേശിയെ ബൈക്കിൽ കാറിടിച്ചു വീഴ്ത്തി ആക്രമിച്ച് ഗുരുതരമായി പരിക്കേൽപിച്ച സംഭവത്തിന് പിന്നാലെ പൂച്ചക്കാട് സംഘടിച്ചവരെയാണ് മുൻകരുതലിന്റെ ഭാഗമായി ബേക്കൽ പൊലീസ് കസ്റ്റഡിയിലെടുത്തത്.
യുവാവിനെ കാറിടിച്ച് വധിക്കാൻ ശ്രമിച്ച സംഭവത്തിൽ നാലുപേരെ പ്രതികളാക്കി പൊലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. പൂച്ചക്കാട്ടെ കെ.എം. മുഹമ്മദ് കുഞ്ഞിക്ക് (44) നേരെയാണ് രാത്രി വധശ്രമമുണ്ടായത്.
വ്യാഴാഴ്ച പുലർച്ച നാലിന് പൂച്ചക്കാടുനിന്ന് രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുക്കൂടിലെ നസീബ് (22), പൂച്ചക്കാട്ടെ മുഹമ്മദ് നിസാൻ അഹമ്മദ് (38) എന്നിവരാണ് കസ്റ്റഡിയിലായത്. പുലർച്ച 2.30ന് പൂച്ചക്കാടുനിന്ന് അഞ്ചുപേരെ കൂടി പൊലീസ് മുൻകരുതലായി കസ്റ്റഡിയിലെടുത്തിരുന്നു.
കൂട്ടക്കനിയിലെ ആദിൽ അബ്ദുൽ അസീസ് (22), മുക്കൂടിലെ എം.എം. ഫഹദ് (22), മുഹമ്മദ് ഹാസിർ (22), അഫ്സൽ (22), മുക്കൂട് മുഹമ്മദ് മുഹ്സിൻ (24) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ദിവസങ്ങൾ കഴിഞ്ഞിട്ടും വീടിന് തീവെച്ച പ്രതികളെ അറസ്റ്റ് ചെയ്യാൻ പൊലീസിന് സാധിച്ചിട്ടില്ല. ഇരുപ്രദേശത്തുമുള്ള യുവാക്കളാണ് ദിവസങ്ങളായി സംഘർഷത്തിൽ ഏർപ്പെട്ടുവരുന്നത്. ഫുട്ബാൾ ടൂർണമെന്റിലുണ്ടായ പ്രശ്നമാണ് വീട് തീവെപ്പിലും വധശ്രമത്തിലും എത്തിയത്.
യുവാവിനെ കാറിടിച്ച് വീഴ്ത്തി വധശ്രമം
കാഞ്ഞങ്ങാട്: പൂച്ചക്കാട് സ്വദേശിയെ ബൈക്കിൽ കാറിടിച്ചുവീഴ്ത്തി വധിക്കാൻ ശ്രമം. ഗുരുതരമായി പരിക്കേറ്റ യുവാവിനെ മംഗളൂരു ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പൂച്ചക്കാട്ടെ കെ.എം. മുഹമ്മദ് കുഞ്ഞിക്ക് (44) നേരെയാണ് കഴിഞ്ഞദിവസം രാത്രി വധശ്രമമുണ്ടായത്. പൂച്ചക്കാടുനിന്ന് കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കിനെ പിന്തുടർന്ന് കാറിടിച്ചുവീഴ്ത്തി കൈകാലുകൾ അടിച്ചൊടിക്കുകയായിരുന്നു. കഴിഞ്ഞയാഴ്ച പൂച്ചക്കാട് വീടിന് തീവെച്ച സംഭവത്തിന് തുടർച്ചയായാണ് വധശ്രമം.
ചാമുണ്ഡിക്കുന്നിലെ കോഴി വ്യാപാരിയാണ് മുഹമ്മദ് കുഞ്ഞി. സംഭവത്തിൽ മുഹമ്മദ് റാഫി, കണ്ടാലറിയാവുന്ന മൂന്നുപേർക്കുമെതിരെ ബേക്കൽ പൊലീസ് വധശ്രമത്തിന് കേസെടുത്തു. പ്രതികളെ പിടികൂടാനായിട്ടില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.