പുതിയ 'തീരഭംഗി'യിൽ ചെറായി; തിരക്കേറുന്നു
text_fieldsവൈപ്പിൻ: ചെറായി ബീച്ചിലെ പുതിയ തീരത്തേക്ക് ആളുകൾ എത്തിത്തുടങ്ങി. നീണ്ട ഇടവേളക്കുശേഷം രൂപപ്പെട്ട പുതിയ തീരം ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ചെറായി ബീച്ചിന് പുത്തനുണർവേകി. അവധിദിനങ്ങളോട് അനുബന്ധിച്ചും നിരവധിപേരാണ് തീരത്ത് എത്തുന്നത്. നേരത്തേ നടപ്പാത മുതല്‍ തീരത്ത് കരിങ്കല്ലുകളാണ് ഉയര്‍ന്നു നിന്നിരുന്നതെങ്കില്‍ ഇപ്പോള്‍ ആ ഭാഗം മണല്‍ മൂടിയിട്ടുണ്ട്. കടല്‍ക്ഷോഭ വേളയില്‍ തീരം കടലെടുക്കുന്നതും പിന്നീട് പുനഃസ്ഥാപിക്കപ്പെടുന്നതും പതിവാണെങ്കിലും ചെറായി ബീച്ച് ഏറെക്കാലമായി തീരം നഷ്ടമായ അവസ്ഥയിലായിരുന്നു. കാലം തെറ്റിയുള്ള കടല്‍കയറ്റവും പുലിമുട്ടുകളുടെ അഭാവവുമായിരുന്നു കാരണം.
കര കടലെടുത്തുപോകുന്നത് തടയാന്‍ ചെറായി ബീച്ചില്‍ ഇപ്പോഴും സംവിധാനങ്ങളില്ല. പുലിമുട്ടുകള്‍ സ്ഥാപിക്കുമെന്ന അധികാരികളുടെ വാഗ്ദാനവും നിറവേറിയില്ല. കുറെ വര്‍ഷങ്ങളായി രൂക്ഷമായ തോതില്‍ തീരത്തിന് നാശം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. മണല്‍ ഒലിച്ചുപോയി നടപ്പാതക്ക് കേടുപാടുകള്‍ സംഭവിച്ചു. ഇപ്പോള്‍ തീരം പുനഃസ്ഥാപിക്കപ്പെട്ടത് സന്ദര്‍ശകരിൽ ഏറെ സന്തോഷം നിറക്കുന്നു.ഒന്നരമാസം കഴിഞ്ഞ് കാലവര്‍ഷം ശക്തമായാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ സ്ഥിതി മാറുമെന്ന ആശങ്കയും പരിസരവാസികള്‍ ചൂണ്ടിക്കാട്ടുന്നു.
രാജ്യത്തിനകത്തും പുറത്തും മഴക്കാല ടൂറിസത്തിന്‍റെ സാധ്യതകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ മണ്‍സൂണ്‍ സമയത്ത് ചെറായി ബീച്ചിലേക്ക് സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതിന് പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന് നേരത്തേ മുതല്‍ ആവശ്യമുയരുന്നതാണെങ്കിലും നടപടിയില്ല. അധികൃതര്‍ താല്‍പര്യമെടുക്കാത്തതിനാല്‍ മഴക്കാലമാവുന്നതോടെ ബീച്ച് ആളൊഴിഞ്ഞ അവസ്ഥയിലാകുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.