അഞ്ചലിലെ ടൂറിസം മേഖലയിൽ നിർത്തലാക്കിയ മെറ്റൽ ക്രഷർ പുനരാരംഭിക്കാൻ നീക്കം
text_fieldsഅഞ്ചൽ: ക്രമക്കേടുകൾ കണ്ടെത്തിയതിനെത്തുടർന്ന് പ്രവർത്തനം നിരോധിച്ച മെറ്റൽ ക്രഷർ യൂനിറ്റ് പുനഃപ്രവർത്തിപ്പിക്കാൻ അണിയറശ്രമം ഉൗർജിതം. ഒരു വർഷം മുമ്പ് സംസ്ഥാന സർക്കാർ മൂന്ന് കോടി രൂപ ചെലവഴിച്ച് നടപ്പാക്കിയ മലമേൽ ടൂറിസം പദ്ധതി സ്ഥലത്തോട് ചേർന്ന് വർഷങ്ങളായി പ്രവർത്തനരഹിതമായ ഇ.ജി ഗ്രാനൈറ്റ് എന്ന മെറ്റൽ ക്രഷർ യൂനിറ്റാണ് വീണ്ടും തുടങ്ങാനുള്ള ശ്രമം നടത്തുന്നത്. പതിറ്റാണ്ടുകളായി ഈ സ്ഥാപനം സർക്കാർ ഭൂമി കൈയേറി പാറഖനനം ചെയ്തതായി കണ്ടെത്തിയതിനെത്തുടർന്ന് ഒരു കോടി നാല് ലക്ഷം രൂപ നഷ്ടപരിഹാരം സർക്കാറിലേക്ക് അടക്കണമെന്നുള്ള വിധിയുടെ നിയമനടപടികൾ നേരിട്ടുകൊണ്ടിരിക്കുകയാണ്.
മലമേൽ ഇ.ജി ഗ്രാനൈറ്റിെൻറ പ്രവർത്തനം മൂലം പാരിസ്ഥിതിക പ്രശ്നങ്ങളും ചന്ദനം ഉൾപ്പെടെയുള്ള അപൂർവയിനം വൃക്ഷങ്ങളുടേയും മയിൽ ഉൾപ്പെടെയുള്ള പക്ഷിമൃഗാദികളുടെയും ആവാസവ്യവസ്ഥക്ക് മെറ്റൽ ക്രഷറിെൻറ പ്രവർത്തനം വിഘാതമാണെന്ന് വിവിധ സർക്കാർ ഏജൻസികൾ തന്നെ പഠനം നടത്തി റിപ്പോർട്ടുകൾ നൽകിയിരുന്നു. ഇതേത്തുടർന്നാണ് സ്ഥാപനത്തിെൻറ പ്രവർത്തനാനുമതി സർക്കാർ നിരോധിച്ചത്.
പ്രദേശത്തിെൻറ സമഗ്ര വികസനത്തതിനായിട്ടാണ് മലമേൽപാറ പ്രകൃതി സൗഹൃദ ടൂറിസം പദ്ധതി കേരള സർക്കാർ നടപ്പാക്കിയത്. അനധികൃത കൈയേറ്റം ഒഴിപ്പിച്ച സർക്കാർഭൂമി അടക്കം ടൂറിസം വകുപ്പിന് വിട്ടുകൊടുത്തുകൊണ്ടാണ് പദ്ധതി നടപ്പാക്കി വരുന്നത്. മലമേൽ നിർദിഷ്ട ജൈവ വൈവിധ്യ ടൂറിസം സർക്യൂട്ടിൽ ഉൾപ്പെടുത്താനുള്ള പി.എസ്. സുപാൽ എം.എൽ.എയുടെ നിർദേശം മന്ത്രി കെ.എൻ. ബാലഗോപാൽ അംഗീകരിച്ച് തുടർ നടപടികൾ സ്വീകരിച്ചിരിക്കുന്നതിെൻറ ഭാഗമായി ടൂറിസം വകുപ്പിലെ ഉന്നതോദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് പദ്ധതി തയാറാക്കി വരുന്നു.
ടൂറിസം പദ്ധതി പ്രദേശത്തിന് ഒരു കി.മീറ്റർ ചുറ്റളവിൽ എല്ലാവിധ പാറഖനനവും ക്രഷർ പ്രവർത്തനങ്ങളും കലക്ടർ നിരോധിച്ച് ഉത്തരവായിരുന്നു. ടൂറിസം പദ്ധതിക്കായി വിട്ടുനൽകിയതിൽപെട്ട റീ സർവേ 268/7ലെ സ്ഥലത്ത് നിന്നും കേവലം 10 മീറ്ററിനുള്ളിലാണ് ക്രഷർ സ്ഥിതി ചെയ്യുന്നത്.
പ്രസ്തുത സ്ഥലങ്ങൾ എല്ലാം റവന്യൂവകുപ്പ് വേലികെട്ടി തിരിച്ചിട്ടുണ്ട്. പ്രദേശത്ത് ക്രഷർ പ്രവർത്തനങ്ങൾ തുടങ്ങുന്നത് റവന്യൂഭൂമിയിലെ ചന്ദന മരങ്ങൾക്കും മറ്റ് ഔഷധ സസ്യങ്ങൾക്കും ദോഷകരമാണെന്നും വൃക്ഷലതാദികളെ കൊണ്ടും പക്ഷിമൃഗാദികളെ കൊണ്ടും സമ്പുഷ്ടവും പ്രകൃതി രാമണീയവുമായ ഈ പ്രദേശം പ്രകൃതിക്ക് ആഘാതം വരുത്താതെ സംരക്ഷിക്കണം എന്നും ക്രഷർ യൂനിറ്റ് ആരംഭിച്ചാൽ പ്രദേശം നശിച്ചുപോകുമെന്നും ഇതിെൻറ പ്രാധാന്യം കണക്കിലെടുത്ത് സംരക്ഷിക്കാൻ നടപടികൾ സ്വീകരിക്കണമെന്നും ഫോറസ്റ്റ് കൺസർവേറ്റർ കലക്ടർക്ക് നിർദേശം നൽകിയതുമാണ്.
ഹൈകോടതിയുടെ പുതിയ വിധി പ്രകാരം അനധികൃത ഖനനം മൂലം പ്രകൃതി സമ്പത്ത് ചൂഷണം ചെയ്യുന്നത് മോഷണവും ഐ.പി.സി സെക്ഷൻ 379 പ്രകാരം ശിക്ഷിക്കപ്പെടേണ്ടതുമാണ്. ഇത്തരം കാര്യങ്ങളെല്ലാം തമസ്കരിച്ചുകൊണ്ടാണ് ക്രഷർ പ്രവർത്തിപ്പിക്കാൻ വീണ്ടും ശ്രമം നടക്കുന്നത്. കലക്ടറുടെ നിരോധന ഉത്തരവ് അട്ടിമറിക്കാൻ ചില റവന്യൂ ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ഒത്തുകളിക്കുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.
ഇവിടത്തെ മെറ്റൽ ക്രഷറിെൻറ പ്രവർത്തനങ്ങൾ തിരുവിതാംകൂർ ദേവസ്വം ബോർഡിെൻറ നിയന്ത്രണത്തിലുള്ള അറയ്ക്കൽ ക്ഷേത്രം, മലമേൽക്ഷേത്രം എന്നീ ആരാധനാലയങ്ങൾക്ക് ഭീഷണിയാണെന്ന നാട്ടുകാരുടെ പരാതികൾ കലക്ടർ മുമ്പാകെ നിലനിൽക്കുന്നു. ക്രഷർപ്രവർത്തനം നാട്ടിൽ ക്രമസമാധാനപ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് കലക്ടറുടെ നിരോധന ഉത്തരവിലും പറയുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.