ആരോഗ്യമേഖലയിൽ റസൂൽ പൂക്കുട്ടി ഫൗണ്ടേഷൻ നടപ്പാക്കുന്ന പദ്ധതിയുടെ രൂപരേഖ മുഖ്യമന്ത്രിക്ക് സമർപ്പിച്ചു
text_fieldsഅഞ്ചൽ: ആരോഗ്യമേഖലയിൽ റസൂൽ പൂക്കുട്ടി ഫൗണ്ടേഷൻ നടപ്പാക്കാനുദ്ദേശിക്കുന്ന വിവിധ പദ്ധതികളുടെ രൂപരേഖ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.
അഞ്ചൽ കമ്യൂണിറ്റി ഹെൽത്ത് സെൻറർ മേഖലയിലെ അഞ്ച് പഞ്ചായത്ത് പ്രദേശത്തെ ആരോഗ്യ മേഖലയിൽ നടപ്പാക്കുന്ന വിവിധപദ്ധതി വിവരങ്ങളാണ് ഫൗണ്ടേഷൻ ചെയർമാൻ ഡോ. റസൂൽ പൂക്കുട്ടി, പി.എസ്. സുപാൽ എം.എൽ.എ എന്നിവരടങ്ങിയ സംഘം നൽകിയത്. അഞ്ചൽ ബ്ലോക്ക് ഡിവിഷനിലെ ഏരൂർ, അഞ്ചൽ, അലയമൺ, ഇടമുളയ്ക്കൽ, കരവാളൂർ പഞ്ചായത്തുകളിലെ ആരോഗ്യമേഖലയിൽ 250 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് ഫൗണ്ടേഷൻ വിഭാവനം ചെയ്യുന്നത്.
28 സബ്സെൻററുകളും നാല് പി.എച്ച്.സിയും ഒരു സി.എച്ച്.സിയുമാണ് പദ്ധതിയിൽ ഉൾപ്പെടുന്നത്. അതിനൂതന ആരോഗ്യ സേവന സംവിധാനങ്ങളാണ് ഇവിടെയെല്ലാം നടപ്പാക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള ആരോഗ്യരക്ഷ ഉപകരണങ്ങൾ ഇത്തരം കേന്ദ്രങ്ങളിൽ ഉണ്ടാകും. സാധാരണ മനുഷ്യന് മികച്ച ചികിത്സ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് റസൂൽ പൂക്കുട്ടി ഫൗണ്ടേഷൻ അധികൃതർ ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതി സംബന്ധിച്ച വിശദീകരണയോഗങ്ങൾ നേരത്തേ ബ്ലോക്ക് തലത്തിൽ ഏതാനും ദിവസംമുമ്പ് ചേർന്നിരുന്നു. തുടർന്ന് പദ്ധതി നടപ്പാക്കുന്ന എല്ലാ പഞ്ചായത്തുകളിലും ഇപ്പോൾ തനതായി യോഗങ്ങൾ ചേർന്നുകൊണ്ടിരിക്കുകയാണെന്നും പി.എസ്. സുപാൽ എം.എൽ.എ, റസൂൽ പൂക്കുട്ടി എന്നിവർ മുഖ്യമന്ത്രിയെ ധരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.