വിളക്കുടി പഞ്ചായത്ത് യോഗത്തിൽ കൈയാങ്കളി; എട്ട് അംഗങ്ങൾ ചികിത്സ തേടി
text_fieldsകുന്നിക്കോട്: വിളക്കുടി പഞ്ചായത്ത് കമ്മിറ്റിയോഗത്തിനിടയിൽ അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും. ഭരണ പ്രതിപക്ഷവിഭാഗങ്ങളിലെ എട്ട് അംഗങ്ങള്‍ ആശുപത്രിയില്‍ ചികിത്സ തേടി. യു.ഡി.എഫ് അംഗങ്ങളും മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ഷാഹുല്‍ ഹമീദ്, ലതിക, ആശാ ബിജു, ഷിബുദ്ദീന്‍, ജി. രഘു, ആര്. അജയകുമാര്‍ എല്‍.ഡി.എഫ് അംഗങ്ങളായ ബി. ഷംനാദ്, സുനി സുരേഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച പഞ്ചായത്ത് ഭരണം കോണ്‍ഗ്രസിന് നഷ്ടപ്പെട്ടിരുന്നു. വിമതയായി മത്സരിച്ച കോണ്‍ഗ്രസ് അംഗം കെ.ആര്. ശ്രീകലയെ ഇടതുമുന്നണി പിന്തുണച്ചതോടെയാണ് ഭരണമാറ്റം ഉണ്ടായത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഒരു സീറ്റിൽ ഭരണം പിടിച്ച വിളക്കുടി ഗ്രാമപഞ്ചായത്തിന്റെ യു.ഡി.എഫ് ഭരണസമിതിക്ക് വിമത പ്രസിഡന്റായത് കനത്ത തിരിച്ചടിയായി. നിലവിൽ 10 സീറ്റ് ഉണ്ടായിരുന്ന കോൺഗ്രസിന് സീറ്റ് എട്ടായി മാറുകയും ഇടതുമുന്നണിക്ക് 10 സീറ്റ് ലഭിക്കുകയും ചെയ്തു. കോണ്‍ഗ്രസിന്റെ ആശാബിജുവായിരുന്നു പ്രസിഡന്റ് സ്ഥാനാർഥി. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് കരിക്കത്തില്‍ തങ്കപ്പന്‍പിള്ളയും കോണ്‍ഗ്രസിന്റെ അജയകുമാറുമാണ് മത്സരിച്ചത്. ഇതിൽ കരിക്കത്തില്‍ തങ്കപ്പന്‍പിള്ള വിജയിച്ചു.
കോൺഗ്രസ് അംഗമായ റെജീന തെരഞ്ഞെടുപ്പിൽ വിട്ടുനിന്നതും പാര്‍ട്ടിക്ക് തിരിച്ചടിയായി. തുടർന്ന് ഇരുമുന്നണികളും തമ്മില്‍ തര്‍ക്കങ്ങള്‍ പതിവായിരുന്നു. ഭരണമാറ്റത്തിന് ശേഷം വെള്ളിയാഴ്ചയാണ് ആദ്യ പഞ്ചായത്ത് കമ്മിറ്റി ചേര്‍ന്നത്. പ്രതിഷേധസൂചകമായി കോണ്‍ഗ്രസ് അംഗങ്ങള്‍ കറുത്ത ബാഡ്ജ് ധരിച്ചും പ്ലക്കാര്‍ഡുകളുമായാണ് കമ്മിറ്റിയില്‍ എത്തിയത്. യോഗം തുടങ്ങിയപ്പോൾ കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രസിഡന്റിന് മുന്നിലെത്തി പ്രതിഷേധിച്ചു. മുക്കാല്‍ മണിക്കൂറോളം പ്രതിഷേധം നീണ്ടതോടെ അംഗങ്ങളെ സസ്പെന്‍ഡ് ചെയ്യാന്‍ പ്രസിഡന്റിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് സെക്രട്ടറി നടപടി ആരംഭിച്ചു. ഇത് ചോദ്യം ചെയ്ത പ്രതിപക്ഷവും ഭരണപക്ഷവും തമ്മിലുള്ള വാക്കേറ്റം കൈയാങ്കളിയിലെത്തുകയായിരുന്നു.
കുന്നിക്കോട് പൊലീസ് സ്ഥലത്തെത്തി ഇരുവിഭാഗത്തെയും പിന്തിരിപ്പിച്ചു. തുടര്‍ന്ന് മുദ്രാവാക്യംവിളികളും പ്രതിഷേധവുമായി ഏറെ പഞ്ചായത്തംഗങ്ങളും ഹാളില്‍ തന്നെ നിന്നു. ഇതിനിടെ പരിക്കേറ്റ അംഗങ്ങളെ പുനലൂര്‍ താലൂക്കാശുപത്രിയിലേക്ക് മാറ്റി. പിന്നാലെ ഇടതുപക്ഷ പഞ്ചായത്തംഗങ്ങള്‍ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ പരാതി നല്‍കാനായി കുന്നിക്കോട് പൊലീസ് സ്റ്റേഷനിലെത്തിയത് കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ തടഞ്ഞു. ഇത് സ്റ്റേഷന് മുന്നില്‍ എറെ നേരം വാക്കേറ്റത്തിനിടയാക്കി. പൊലീസ് രംഗം ശാന്തമാക്കുകയായിരുന്നു. ഇരുവിഭാഗവും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
പ്രതിഷേധ പ്രകടനം നടത്തി
കുന്നിക്കോട്: വിളക്കുടി ഗ്രാമപഞ്ചായത്ത് കമ്മിറ്റിയില്‍ കോൺഗ്രസ് അംഗങ്ങൾക്കുനേരേ സി.പി.എം അംഗങ്ങള്‍ അക്രമം നടത്തിയതായി ആരോപിച്ച് കുന്നിക്കോട് ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. തലവൂർ ബ്ലോക്ക് പ്രസിഡന്റ് അഡ്വ. ടി.എം. ബിജു, കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് എം.ജെ. യദുകൃഷ്ണൻ, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് സി.ആർ. സൂര്യനാഥ്, മണ്ഡലം പ്രസിഡന്റ് നന്ദകുമാർ, കോശി ചെറിയാൻ, നസീർ കുന്നിക്കോട്, മംഗള നാസർ, കാര്യറ നാസിർ, പി. ഷൈജു, പ്രേയ്സൺ ഡാനിയേൽ, രാഹുൽ, അനന്തൻ, ശ്യാം, വി.ആർ. ജ്യോതി, ഷൈജു, അബ്ദുൽ മജീദ്, സജീദ് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.