കോവിഡ് ഗൃഹചികിത്സ: വീട്ടിലും മാസ്‌ക് നിർബന്ധം
text_fieldsകൊല്ലം: ജില്ലയില്‍ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സ്വന്തം വീടുകളുടെ സുരക്ഷയില്‍ ഗൃഹചികിത്സക്ക് സന്നദ്ധരാകുന്നവര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങളായി. രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍, പനി, ചുമ, തൊണ്ടവേദന തുടങ്ങി ചെറിയ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവര്‍, ആശുപത്രിയില്‍ നിന്ന് രോഗലക്ഷണങ്ങള്‍ ശമിച്ച് തിരികെയെത്തുന്നവര്‍ എന്നിവര്‍ക്കാണ് ഗൃഹചികിത്സ. ലോകാരോഗ്യസംഘടന നിഷ്‌കര്‍ഷിക്കുന്ന മാനദണ്ഡങ്ങള്‍ക്കനുസരിച്ചാണ് മാര്‍ഗനിര്‍ദേശങ്ങള്‍ പരിഷ്‌കരിച്ചത്.
കോവിഡ് സ്ഥിരീകരിച്ചവരും കുടുംബാംഗങ്ങളും വീട്ടിനുള്ളില്‍ നിര്‍ബന്ധമായും ട്രിപ്ള്‍ ലെയര്‍ മാസ്‌ക് ധരിക്കണം. ഗൃഹചികിത്സക്ക് വീടുകളില്‍ എല്ലാ മുറികളിലും ശുചിമുറി സൗകര്യം ഉണ്ടാകണമെന്നില്ല. പോസിറ്റിവായവര്‍ക്ക് പ്രത്യേക മുറി ഉണ്ടായാല്‍ മതിയാകും. പൊതുവായ ശുചിമുറി ഉപയോഗിക്കുമ്പോള്‍ വീട്ടിലെ രോഗബാധിതരല്ലാത്തവര്‍ ആദ്യം ശുചിമുറി ഉപയോഗിക്കുകയും ഒരു ശതമാനം വീര്യമുള്ള ബ്ലീച്ചിങ് ലായനി ഉപയോഗിച്ച് ശുചിമുറി ഓരോ തവണയും കഴുകി വൃത്തിയാക്കുകയും വേണം. രോഗി ശുചിമുറി ഉപയോഗിക്കുന്നതിനു മുമ്പും ശേഷവും ഒരു ശതമാനം വീര്യമുള്ള ബ്ലീച്ചിങ് ലായനി ഉപയോഗിച്ച് വൃത്തിയാക്കണം.
രോഗി ഉപയോഗിച്ച വസ്ത്രങ്ങള്‍ ഒരുമിച്ച് സൂക്ഷിച്ച് െവക്കുകയും സൗകര്യപ്രദമായ സമയത്ത് (ഒന്നോ രണ്ടോ ദിവസത്തിലൊരിക്കല്‍) അണുനാശിനിയില്‍(ഡെറ്റോള്‍/ബ്ലീച്ച് ലായനി) മുക്കിെവച്ച ശേഷം സോപ്പും വെള്ളവുമുപയോഗിച്ച് സ്വയം അലക്കണം. തുണികള്‍ വെയിലത്തുണങ്ങുന്നതിനായി ചുമതലയുള്ള കുടുംബാംഗത്തിന് കൈമാറണം.
രോഗി ഉപയോഗിച്ച പ്ലേറ്റുകള്‍, സ്പൂണുകള്‍, ഗ്ലാസുകള്‍ തുടങ്ങിയവ ചൂടുവെള്ളത്തിലോ അണുനാശിനി ഉപയോഗിച്ച ശേഷം ശുദ്ധജലത്തിലോ കഴുകി വൃത്തിയാക്കണം.
രോഗിയുടെ വസ്ത്രങ്ങളും ഭക്ഷണപദാർഥങ്ങളും കൈകാര്യം ചെയ്യുന്ന ആള്‍ നിര്‍ബന്ധമായും ട്രിപ്ള്‍ ലെയര്‍ മാസ്‌ക്കും ഗ്ലൗസും ധരിക്കണം. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മാസ്‌ക് മാറ്റരുത്. അല്ലെങ്കില്‍ തൂവാല ഉപയോഗിച്ച് ശരിയായി പൊത്തിപ്പിടിക്കണം. രോഗിയും കുടുംബാംഗങ്ങളും വീട്ടിനുള്ളിലും ശുചിമുറിയില്‍ പോകുന്ന സമയത്ത് പ്രത്യേകിച്ചും ട്രിപ്ള്‍ ലെയര്‍ മാസ്‌ക് ധരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. കൈകള്‍ ഇടക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുക. കണ്ണ്, മൂക്ക്, വായ എന്നിവിടങ്ങളില്‍ കൈകള്‍കൊണ്ട് തൊടാതിരിക്കുക. ഗുരുതര രോഗലക്ഷണങ്ങളുള്ള സി കാറ്റഗറി വിഭാഗത്തിന് ആശുപത്രിചികിത്സ ഉറപ്പാക്കുന്നതിന് ഗൃഹചികിത്സാ മാനദണ്ഡങ്ങള്‍ പുതുക്കുന്നതിലൂടെ കഴിയുമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍. ശ്രീലത അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.