സി.പി.എം ജില്ല സമ്മേളനം: ജില്ല കമ്മിറ്റിയിലേക്ക് 44 പേർ; ഒമ്പതുപേരെ ഒഴിവാക്കി, നാലുപേർ പുതുമുഖങ്ങൾ
text_fieldsകൊല്ലം: നിലവിലെ 49 അംഗ കമ്മിറ്റിയിൽനിന്ന് ഒമ്പതുപേരെ ഒഴിവാക്കിയും നാല് പുതുമുഖങ്ങളെ ഉൾപ്പെടുത്തിയും പുതിയ ജില്ലകമ്മിറ്റിക്ക് രൂപം നൽകി സി.പി.എം ജില്ല സമ്മേളനം. 2022ലെ ജില്ല സമ്മേളനത്തിൽ 46 അംഗ കമ്മിറ്റിയെ തെരഞ്ഞെടുക്കുകയും തുടർന്ന് മൂന്നുപേരെ ഉൾപ്പെടുത്തുകയും ചെയ്ത കമ്മിറ്റിയിൽ നിന്നാണ് ഒമ്പതുപേരെ മാറ്റിയത്.
വനിത-യുവ നേതാക്കളാണ് പുതിയതായി കമ്മിറ്റിയിൽ ഇടംപിടിച്ചത്. കരുനാഗപ്പള്ളിയിൽനിന്ന് ആരെയും ഉൾപ്പെടുത്താതെയുള്ള കമ്മിറ്റിയിൽ രണ്ട് ഒഴിവുണ്ടാകും. പ്രശ്നപരിഹാരം ആകുന്നതനുസരിച്ച് കരുനാഗപ്പള്ളി ഏരിയയിൽ നിന്നുള്ള അംഗങ്ങളെ ഉൾപ്പെടുത്താനാണ് സാധ്യത.
എസ്. സുദേവൻ, എസ്. ജയമോഹൻ, ജോർജ് മാത്യു, എം. ശിവശങ്കരപ്പിള്ള, എക്സ്. ഏണസ്റ്റ്, ബി. തുളസീധരക്കുറുപ്പ്, പി.എ. എബ്രഹാം, എസ്. വിക്രമൻ, സി. ബാൾഡുവിൻ, വി.കെ. അനിരുദ്ധൻ, ടി. മനോഹരൻ, കെ. സേതുമാധവൻ, പി.കെ. ബാലചന്ദ്രൻ(ചടയമംഗലം), ബി. അജയകുമാർ, കെ. ബാബുപണിക്കർ, എസ്.എൽ. സജികുമാർ, എം.എ.രാജഗോപാൽ, പി.കെ. ഗോപൻ, ജി. മുരളീധരൻ, പ്രസന്ന ഏണസ്റ്റ്, എ.എം.ഇഖ്ബാൽ, എൻ.സന്തോഷ്, എൻ. ജഗദീശൻ, ആർ. ബിജു, ജി. സുന്ദരേശൻ, ആർ.എസ്.ബാബു.
എം.നസീർ, പി.ബി. സത്യദേവൻ, എസ്. പ്രസാദ്, എസ്. ബിജു(പുനലൂർ), എസ്. മുഹമ്മദ് അസ്ലം, പി.കെ. ജോൺസൺ, എം. വിശ്വനാഥൻ, ബിജു കെ. മാത്യു, വി. ജയപ്രകാശ്(ചാത്തന്നൂർ), സുജ ചന്ദ്രബാബു, പി.വി. സത്യൻ, എം. നൗഷാദ്, സബിത ബീഗം, എസ്.ആർ. അരുൺബാബു, ശ്യാം മോഹൻ.
എസ്. ഗീതാകുമാരി, വി. സുമലാൽ, ആദർശ് എം. സജി എന്നിവരാണ് ജില്ല കമ്മിറ്റി അംഗങ്ങൾ. കരുനാഗപ്പള്ളി വിഷയത്തിന്റെ പശ്ചാത്തലത്തിൽ, കഴിഞ്ഞ കമ്മിറ്റിയിൽ ഉണ്ടായിരുന്ന പി.ആർ. വസന്തൻ, പി.കെ. ബാലചന്ദ്രൻ, സി. രാധാമണി, ബി.ഗോപൻ എന്നിവർക്കാണ് ഇത്തവണ സ്ഥാനം ലഭിക്കാതെ പോയത്.
മുതിർന്നനേതാക്കളായ ഡി. രാജപ്പൻ നായർ, കെ. സുഭഗൻ എന്നിവരും ഒഴിവായി. രാഷ്ട്രീയപ്രവർത്തനം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ച അയിഷപോറ്റിയും കമ്മിറ്റിക്ക് പുറത്തായി. ചിന്ത ജെറോം ആണ് പുറത്തായ മൂന്നാമത്തെ വനിത.
ജനാധിപത്യ മഹിള അസോസിയേഷൻ ജില്ല പ്രസിഡന്റ് സുമ ലാൽ, അസോസിയേഷൻ ജില്ല ജോയന്റ് സെക്രട്ടറി എസ്. ഗീതാകുമാരി എന്നിവരാണ് പുതുതായി തെരഞ്ഞെടുക്കപ്പെട്ട വനിതകൾ. യുവാക്കളുടെ പ്രതിനിധികളായാണ് ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി ശ്യാം മോഹനും അഖിലേന്ത്യ ജോയന്റ് സെക്രട്ടറി ആദർശ് എം. സജിയും കമ്മിറ്റിയിൽ എത്തിയത്.
സ്വയംവിമർശനത്തിന്റെ സമ്മേളനദിനങ്ങൾക്ക് സമാപനം
കൊല്ലം: ‘അഖിലേന്ത്യ സെക്രട്ടറിയെ മുതൽ മുഖ്യമന്ത്രിയെ വരെ വിമർശിക്കാനുള്ള അവകാശം’ അതിരൂക്ഷമായി പ്രവർത്തകർ ഉപയോഗിച്ച സി.പി.എം ജില്ലസമ്മേളനത്തിന് സമാപനം.
കടുത്ത ഭാഷയിൽ വിമർശനമുന്നയിക്കാൻ കരുനാഗപ്പള്ളി ഏരിയകമ്മിറ്റി വിഷയം തന്നെ ധാരാളമായിരുന്നു. ജില്ല സെക്രട്ടറിയുടെ പ്രവർത്തന റിപ്പോർട്ടിൽതന്നെ രൂക്ഷമായ വിമർശനമുയർന്ന കരുനാഗപ്പള്ളി വിഷയത്തിൽ ബഹുഭൂരിപക്ഷം പ്രതിനിധികളും കടുത്ത അമർഷം രേഖപ്പെടുത്തിയപ്പോൾ, ചർച്ചയിൽ മുഖ്യമന്ത്രിയും സംസ്ഥാന സെക്രട്ടറിയുമെല്ലാം വിമർശനശരങ്ങൾ ഏറ്റുവാങ്ങി.
എം. മുകേഷിന്റെ ലോക്സഭ സ്ഥാനാർഥിത്വം പ്രവർത്തകരെ എങ്ങനെയെല്ലാം മുറിപ്പെടുത്തി എന്നതിനും രൂക്ഷമായ വാചകങ്ങളിലൂടെ അടയാളപ്പെടുത്തലുണ്ടായി. പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന പ്രവർത്തനങ്ങൾ തലകുനിപ്പിക്കുന്നതിനെക്കുറിച്ച ആശങ്കകളാണ് താഴെതട്ടിൽനിന്ന് ഉയർന്നത്. പാർട്ടി സാധാരണപ്രവർത്തകരിൽ നിന്നുപോലും അകലുന്നെന്ന വേവലാതികളും പ്രതികരണങ്ങളിൽ നിറഞ്ഞു.
സംസ്ഥാന സർക്കാറിന്റെ പ്രവർത്തനങ്ങളിലെ പോരായ്മകളും മുഖ്യമന്ത്രിയുടെയും സംസ്ഥാന സെക്രട്ടറിയുടെയും പ്രവർത്തനരീതികളിലെ പ്രതിഷേധവും ചർച്ചയിൽ ഉയർന്നു. കരുനാഗപ്പള്ളി സംഭവങ്ങൾ കനത്ത നാണക്കേടായി എന്നതിലെ യോജിപ്പാണ് എല്ലാവരെയും ഒത്തുചേർത്ത പ്രധാന ചരട്. ജില്ല സെക്രട്ടറിയെയും കമ്മിറ്റിയെയും സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുക്കുന്നതിലും ഏകസ്വരമായിരുന്നെന്ന് സെക്രട്ടറി സ്ഥാനം നിലനിർത്തിയ എസ്. സുദേവൻ പ്രതികരിച്ചു.
ആദ്യവസാനം എല്ലാം കേട്ട സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഒടുവിൽ തങ്ങൾ എന്നും സ്വയം വിമർശിക്കുന്നവർ ആണെന്ന് ഏറ്റുപറഞ്ഞ് സമാപനം കുറിക്കുമ്പോഴും കീഴ്ഘടകങ്ങളുടെ ആശങ്കകൾ മാത്രം ബാക്കിയാകുന്നു. ഇനി മൂന്നുമാസമകലെ ജില്ല ആതിഥ്യമരുളുന്ന സംസ്ഥാന സമ്മേളനത്തിനായുള്ള ഒരുക്കങ്ങളുടെ തിരക്കിന്റെ ദിനങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.