വായ്പ തിരിച്ചടക്കാത്തത് ചോദ്യം ചെയ്തതിന് ആക്രമണം; യുവാവ് അറസ്റ്റിൽ
text_fieldsകൊട്ടിയം: മൈലാപ്പൂര് സ്വദേശിയായ വീട്ടമ്മയുടെയും മാതാവിെൻറയും ആധാർ കാർഡ് ഉപയോഗിച്ച് സ്വകാര്യ ധനകാര്യസ്ഥാപനത്തിൽനിന്ന് വനിതകൾക്കുള്ള മൈക്രോ ഫിനാൻസ് വായ്പ എടുത്തശേഷം തിരിച്ചടക്കാതെ മുങ്ങിയത് ചോദ്യം ചെയ്തതിെൻറ പേരിൽ ആക്രമണം നടത്തിയയാൾ പിടിയിൽ. ദമ്പതികളെയും തടസ്സം പിടിക്കാനെത്തിയ വീട്ടമ്മയെയും കൊടുവാൾ ഉപയോഗിച്ച് മാരകമായി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചയാളെയാണ് കിളികൊല്ലൂർ പൊലീസ് ആയുധവുമായി പിടികൂടിയത്. അയത്തിൽ തൊടിയിൽ പുത്തൻവീട്ടിൽ ഷിറാസ് (38) ആണ് അറസ്റ്റിലായത്. കൊടുവാളുമായി പൊലീസ് സംഘത്തിന് നേരെ പാഞ്ഞടുത്ത പ്രതിയെ സാഹസികമായാണ് കീഴ്പ്പെടുത്തിയത്. സംഭവം നടന്നയുടൻതന്നെ കിളികൊല്ലൂർ എസ്.എച്ച്.ഒ കെ. വിനോദിെൻറ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തിയതിനാലാണ് ഇയാളെ പിടികൂടാനായത്. വെട്ടേറ്റ് ഗുരുതരാവസ്ഥയിലായ യുവതിയെ ബഹളം കേെട്ടത്തിയവർ ചേർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു.
വെള്ളിയാഴ്ച വൈകീട്ട് മൂന്നരയോടെ അയത്തിൽ കട്ടവിള പള്ളിക്ക് സമീപമായിരുന്നു സംഭവം. മൈലാപ്പൂര് പുഞ്ചിരിമുക്കിൽ താമസിക്കുന്ന സജില- സുൽഫിക്കർ ദമ്പതികൾക്കുനേരെയാണ് ആക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ സജില പാലത്തറയിലെ സഹകരണ ആശുപത്രിയിൽ തീവ്ര പരിചരണവിഭാഗത്തിൽ ചികിത്സയിലാണ്. തടസ്സം പിടിക്കാനെത്തിയ ഇവരുടെ മാതാവിനും പരിക്കേറ്റു. ആക്രമണത്തിനിടയിൽ പ്രതിക്കും പരിക്കേറ്റു. കിളികൊല്ലൂർ എസ്.ഐമാരായ അനീഷ്, ശ്രീനാഥ്, താഹാ കോയ, എ.എസ്.ഐമാരായ പ്രകാശ്, ജിജു, സന്തോഷ്, എസ്.സി.പി.ഒ. ഷിഹാബുദ്ദീൻ എന്നിവരും പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.