ആത്മതീരം യാഥാർഥ്യമായി, ആശ്വാസതീരത്ത് നാട്ടുകാര്‍
text_fieldsകുളത്തൂപ്പുഴ: ഇനി തങ്ങളുടെ ഉറ്റവരെ സംസ്കരിക്കാന്‍ നടുമുറ്റവും അടുക്കളയും പൊളിച്ച് ചിതയൊരുക്കേണ്ട ഗതികേട് കുളത്തൂപ്പുഴയിലെ നിർധന ജനവിഭാഗങ്ങൾക്കില്ല. അത്തരം ദുരിതത്തിന് മോചനമായതിന്റെ ആശ്വാസത്തിലാണ് നാട്ടുകാര്‍. കുളത്തൂപ്പുഴ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആധുനികരീതിയിലുള്ള വാതക ശ്മശാനം ‘ആത്മതീരം’ പ്രവര്‍ത്തനസജ്ജമായതോടെയാണ് നിരവധി കുടുംബങ്ങള്‍ ആശ്വാസതീരമണഞ്ഞത്.
കുളത്തൂപ്പുഴക്കാരുടെ ഏറെ നാളത്തെ ആവശ്യമായിരുന്നു ആധുനികരീതിയിലുള്ള ശ്മശാനം. കല്ലുവെട്ടാംകുഴിയില്‍ നിലവിലെ പഞ്ചായത്ത് ശ്മശാനത്തോട് ചേര്‍ന്ന് ഏതാനും നാള് മുമ്പാണ് 1.25 കോടി രൂപ െചലവില്‍ പഞ്ചായത്ത് ‘ആത്മതീരം’ എന്നപേരില്‍ വാതക ശ്മശാനം പൂര്‍ത്തിയാക്കിയത്. ചെന്നൈയിലെ എസ്കോ ഫര്‍ണസ് എന്ന കമ്പനിയാണ് ശ്മശാനത്തിനാവശ്യമായ ചൂളയും മറ്റ് സൗകര്യങ്ങളും ഒരുക്കിയത്.
ഏറ്റവും കുറഞ്ഞ നിരക്കിലും വേഗത്തിലും മതാചാരപ്രകാരം സംസ്കാര ചടങ്ങുകള്‍ പൂര്‍ത്തിയാക്കാമെന്നതിനാല്‍ സമീപ പഞ്ചായത്തുകളില്‍ നിന്നടക്കം ഒട്ടേറെ പേരാണ് വാതകശ്മശാനത്തെ ആശ്രയിച്ചെത്തുന്നത്. അവധി ദിവസങ്ങളിലും രാത്രിയും സംസ്കാരം നടത്തുന്നതിനുള്ള സൗകര്യമുണ്ട്. ഇവിടെ സംസ്കാര ചടങ്ങുകള്‍ക്ക് പരിശീലനം ലഭിച്ച ആളിനെ പഞ്ചായത്ത് നിയമിച്ചിട്ടുള്ളതിനാൽ ദിവസം ഒന്നിലേറെ സംസ്കാരചടങ്ങുകള്‍ നടത്താം.
ചുറ്റും പൂന്തോട്ടവും വൈദ്യുതി ദീപാലങ്കാരങ്ങളും ഉൾപ്പെടെ ഒരുക്കിയിട്ടുണ്ട്. പഞ്ചായത്തിനുപുറത്തുനിന്ന് ഇതിനോടകം നിരവധിപേര്‍ സംസ്കാരചടങ്ങുകള്‍ക്കായി എത്തിയിട്ടുണ്ട്. പദ്ധതി പ്രാവര്‍ത്തികമായി ചുരുങ്ങിയകാലംകൊണ്ട് വരുമാനനേട്ടം കൈവരിക്കാന്‍ കഴിഞ്ഞതായി പഞ്ചായത്ത് പ്രസിഡന്റ് പി. ലൈലാബീവി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.