പദ്ധതി നടപ്പാക്കുന്നതില്‍ വനം വകുപ്പിന്‍റെ അവഗണന; ദുരിതത്തില്‍ മുങ്ങി ഡാലിക്കരിക്കം നിവാസികള്‍
text_fieldsകുളത്തൂപ്പുഴ: സംസ്ഥാന സര്‍ക്കാറിന്‍റെ സ്വയം സന്നദ്ധ പുനരധിവാസ പദ്ധതി പ്രകാരം വനത്തില്‍ താമസിക്കുന്ന കുടുംബങ്ങള്‍ സ്വയം ഒഴിയുന്നതിനുള്ള സമ്മതപത്രം കൈമാറി മാസങ്ങള്‍ കഴിഞ്ഞിട്ടും നടപടിയുണ്ടാകാത്തതിനാൽ ഡാലിക്കരിക്കം പ്രദേശവാസികള്‍ ദുരിതത്തിൽ.
ദലിത് പിന്നാക്ക വിഭാഗത്തില്‍പെട്ട നാൽപതോളം കുടുംബങ്ങളാണ് വനംവകുപ്പിന്‍റെ അനാസ്ഥയില്‍ കാട്ടില്‍ ദുരിതമനുഭവിക്കുന്നത്.
കിഫ്ബി വഴി സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയില്‍ ഒരു കുടുംബത്തിന് 15 ലക്ഷം വീതം നഷ്ടപരിഹാരം ലഭ്യമാക്കുമെന്ന പ്രഖ്യാപനവുമായാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കുടുംബങ്ങളില്‍നിന്ന് സ്വയം സന്നദ്ധമാകുന്നതായുള്ള രേഖകള്‍ ഒപ്പിട്ടു ശേഖരിച്ചത്. സമീപ പ്രദേശത്തെ മറ്റ് കോളനികള്‍ക്കെല്ലാം പദ്ധതിയുടെ ആനുകൂല്യം ലഭ്യമാക്കിയെങ്കിലും ഡാലിക്കരിക്കം പ്രദേശത്തെ പുനരധിവാസം സംബന്ധിച്ച് ഉദ്യോഗസ്ഥരുടെ മെല്ലപ്പോക്കാണ് നാട്ടുകാരെ ദുരിതത്തിലാക്കിയിരിക്കുന്നത്.
സമീപത്തായി ഉണ്ടായിരുന്ന കോളനിക്കാരെല്ലാം ഒഴിഞ്ഞു പോയതോടെ പ്രദേശത്ത് അവശേഷിക്കുന്ന കുടുംബങ്ങള്‍ക്ക് കാട്ടു മൃഗങ്ങളുടെ നിരന്തര ശല്യം ജീവിതം ദുസ്സഹമാക്കുന്നത്. കുളത്തൂപ്പുഴ റേഞ്ച് വനം മേഖലയിലെ താമസക്കാരായവര്‍ വനം വകുപ്പിന് രേഖകൾ കൈമാറി മാസങ്ങള്‍ കഴിഞ്ഞിട്ടും നടപടിയില്ലാതെ വന്നതോടെ നാട്ടുകാര്‍ സംഘടിച്ച് പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്.
പ്രദേശത്ത് സ്ഥിര താസക്കാരായ കുടുംബങ്ങളില്‍ വിവാഹം കഴിച്ചതും അല്ലാത്തതുമായ പ്രായപൂർത്തിയായ മകനെയും മകളെയും പ്രത്യേക കുടുംബമായി പരിഗണിക്കുമെന്നറിയിച്ചാണ് പദ്ധതി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, ഇപ്പോള്‍ പദ്ധതി പ്രഖ്യാപനങ്ങളും മാനദണ്ഡങ്ങളും മറികടന്ന് പ്രദേശവാസികളെ ഒഴിവാക്കി ഭൂമി കൈക്കലാക്കാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നീക്കം നടത്തുകയാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
കാട്ടുപോത്തുകളും കരടിയും കാട്ടുപന്നിയും കാട്ടാനയും പുലിയും ചെന്നായക്കൂട്ടവും വിഹരിക്കുന്ന വനപാതയിലൂടെ വഴി നടക്കാനാകാത്ത അവസ്ഥയാണ് നിലവിലെന്നും കാട്ടുമൃഗങ്ങളെ ഭയന്ന് കുട്ടികളെപ്പോലും വിദ്യാലയങ്ങളിലേക്ക് അയക്കാന്‍ കഴിയുന്നില്ലെന്നും പ്രദേശവാസികള്‍ പറയുന്നു.
സന്ധ്യ മയങ്ങിയാല്‍ കൃഷിയിടമാകെ വന്യമൃഗങ്ങള്‍ കടന്നെത്തുന്നതിനാല്‍ കൃഷി ചെയ്തുപോലും ഉപജീവനം നടത്താന്‍ കഴിയുന്നില്ലെന്ന് കര്‍ഷകര്‍ പരിതപിക്കുന്നു. ഏതാനും ദിവസം മുമ്പ് കുടിലിന് മുന്നിലെത്തിയ കാട്ടാനയെ തുരത്താനുള്ള ശ്രമത്തിനിടയില്‍ പ്രദേശവാസിയായ ചരുവിള വീട്ടില്‍ വേണുവിന്‍റെ കൈപ്പത്തി പടക്കം പൊട്ടി തകര്‍ന്നു.
പല കുടുംബങ്ങളുടെയും കുടിലുകള്‍ കാട്ടാന തകര്‍ത്തിട്ടുമുണ്ട്. ഇത്രയേറെ ദുരിതത്തില്‍ കഴിയുന്ന തങ്ങളുടെ അവസ്ഥ വനപാലകര്‍ പരിഗണിക്കുന്നില്ലെന്നും പദ്ധതി നടപ്പാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും ആരോപിച്ച് പ്രത്യക്ഷ സമരത്തിനൊരുങ്ങുകയാണ് പ്രദേശവാസികള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.