മനുഷ്യക്കടത്ത് : ബോട്ട് വാങ്ങിയത് കുളത്തൂപ്പുഴ സ്വദേശിനിയെ തെറ്റിദ്ധരിപ്പിച്ചെന്ന്
text_fieldsകുളത്തൂപ്പുഴ: മത്സ്യബന്ധനത്തിനെന്ന പേരില്‍ കൊല്ലത്തുനിന്ന് കുളത്തൂപ്പുഴ സ്വദേശിയുടെ പേരില്‍ ബോട്ട് വാങ്ങിയത് യുവതിയെ തെറ്റിദ്ധരിപ്പിച്ചാണെന്ന് സൂചന. ബോട്ട് കാണാതായെന്ന തമിഴ്നാട് സ്വദേശിയുടെ പരാതി ലഭിച്ചതിനെതുടര്‍ന്നുള്ള അന്വേഷണത്തിലാണ് ബോട്ടിെൻറ യഥാര്‍ഥ ഉടമ കുളത്തൂപ്പുഴ സ്വദേശി യുവതിയാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് കുളത്തൂപ്പുഴ പൊലീസിെൻറ സഹായത്തോടെ ആര്.പി.എല്‍ ചന്ദനക്കാവ് രമണി ക്വാര്‍ട്ടേഴ്സിലെ താമസക്കാരിയായ ഈശ്വരിയെ കണ്ടെത്തി ചോദ്യം ചെയ്തു.
ശ്രീലങ്കയില്‍നിന്ന് 1982ൽ കുളത്തൂപ്പുഴ ആര്.പി.എല്‍ എസ്റ്റേറ്റില്‍ പുനരധിവസിപ്പിക്കപ്പെട്ട തമിഴ് കുടുംബത്തിലെ അംഗമാണ് ഈശ്വരി. തെൻറ ഭര്‍തൃസഹോദര പുത്രനായ തിരുച്ചി സ്വദേശി നിധിെൻറ നിര്‍ദേശാനുസരണം മീന്‍പിടിത്തത്തിനായി കൊല്ലത്തുനിന്ന് ബോട്ടു വാങ്ങുന്നതിന് ആധാര്‍ നല്‍കിയതായി മൊഴി നൽകി. ഈ സഹായത്തിനായി എണ്ണായിരം രൂപ നിധിന് നല്‍കിയതായും ഈശ്വരി പറഞ്ഞു. കുളത്തൂപ്പുഴയില്‍നിന്ന് ടാക്സി കാറില്‍ കൊല്ലത്തെത്തിയ തന്നെ ബസ് സ്റ്റാന്‍ഡിന് സമീപത്തുനിന്ന് നിധിെൻറ നേതൃത്വത്തില്‍ മറ്റൊരു കാറിലാണ് ശക്തികുളങ്ങരയിലേക്ക് കൊണ്ടുപോയതെന്നും ഒപ്പിട്ടശേഷം തിരികെ അതേ കാറില്‍ ബസ് സ്റ്റാന്‍ഡിലേക്ക് തിരികെ എത്തിച്ചതായും ഈശ്വരി വ്യക്തമാക്കുന്നു.
കൊല്ലത്തുനിന്ന് രാമേശ്വരത്തെത്തിച്ച ബോട്ടില്‍ ദീര്ഘയാത്രക്കാവശ്യമായ ഇന്ധനവും ഭക്ഷണ സാധനങ്ങളും ശേഖരിക്കുന്നതിനും ആളുകള്‍ക്ക് കിടക്കുന്നതിനുള്ള സൗകര്യങ്ങളും മറ്റും രഹസ്യമായി ഒരുക്കുകയും നിറവും പേരും മാറ്റി ഉപയോഗിച്ചതായും കണ്ടെത്തിയിട്ടുണ്ട്. തമിഴ്നാട്ടില്‍നിന്ന് കടല്‍മാർഗം ആസ്ട്രേലിയയിലേക്കും കാനഡ അടക്കമുള്ള മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലേക്കും മനുഷ്യക്കടത്തിന് ഉപയോഗിക്കുന്നതിനായാണ് ബോട്ട് സംഘം വാങ്ങിയതെന്നുള്ള നിഗമനത്തിെൻറ അടിസ്ഥാനത്തിലുള്ള അന്വേഷണവുമായാണ് തമിഴ്നാട് പൊലീസ് മുന്നോട്ട് പോകുന്നത്. രഹസ്യാന്വേഷണവിഭാഗത്തിെൻറ ശ്രദ്ധയില്‍പെടാതെ ബോട്ട് കുളച്ചലിലേക്കെത്തിക്കുന്നതിന് കൊല്ലത്ത് പ്രാദേശികമായി മറ്റു പലരുടെയും സഹായം സംഘത്തിന് ലഭിച്ചിട്ടുണ്ടെന്നും ഇക്കൂട്ടരെ കണ്ടെത്തുന്നതിനുള്ള ഊർജിത ശ്രമത്തിലുമാണ് അന്വേഷണസംഘം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.