നാളെ ലോക മണ്ണ് സംരക്ഷണ ദിനം; പാതിയിൽനിലച്ച് ആനക്കുഴി-ചാമുണ്ടിമൂലതോട് മണ്ണ് ജല സംരക്ഷണ പദ്ധതി
text_fieldsകുണ്ടറ: ഒരു ലോക മണ്ണ് ദിനം കൂടിയെത്തുമ്പോള്‍ കുണ്ടറ പഞ്ചായത്ത് ഒന്നാം വാര്‍ഡിലെ ആനക്കുഴി-ചാമുണ്ടിമൂല തോട് മണ്ണ് ജല സംരക്ഷണ പദ്ധതി പാതി കടന്ന് നിശ്ചലമായി. 60 ഹെക്ടര്‍ സ്ഥലം കൃഷിക്കായി സംരക്ഷിക്കാന്‍ 65 ലക്ഷം രൂപ അനുവദിച്ച പദ്ധതിയുടെ പൂര്‍ത്തീകരണ കാലാവധി രണ്ടു വര്‍ഷമായിരുന്നു.
നബാഡ് ആയിരുന്നു ഫണ്ട് അനുവദിച്ചിരുന്നത്. 2011ല്‍ അന്നത്തെ വാര്‍ഡംഗമായിരുന്ന ജി. അനില്‍കുമാര്‍ മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയിലാണ് പദ്ധതിക്കായി നിവേദനം നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു 65 ലക്ഷം രൂപ അനുവദിച്ചത്. ഇടവട്ടം നീര്‍ത്തടത്തില്‍ വരുന്ന പ്രദേശത്താണ് പദ്ധതി നടപ്പാക്കിയത്. 2019 ജനുവരി 21നാണ് പദ്ധതി ആരംഭിച്ചത്.
രണ്ടു വര്‍ഷമായിരുന്നു കാലാവധി. കാലാവധി കഴിഞ്ഞിട്ടും പദ്ധതിയുടെ 66 ശതമാനം മാത്രമാണ് പൂര്‍ത്തീകരിച്ചത്. ഭരണം മാറിയതോടെ പിന്നീട് ചുമതലയേറ്റ പഞ്ചായത്തംഗം കൃത്യമായി ഇടപെടാതിരുന്നതോടെ പദ്ധതി ഇഴഞ്ഞുനീങ്ങി.
ഇപ്പോള്‍ പഞ്ചായത്തംഗമായിട്ടുള്ള എസ്. സുരേഷ്‌കുമാര്‍ പദ്ധതി പൂര്‍ത്തീകരണത്തിന് സഹായകരമാകും വിധത്തില്‍ മണ്ണ് സംരക്ഷണ വകുപ്പ് ഓവര്‍സീയറുടെ ഓഫിസ് മാടന്‍കാവ് അംഗന്‍വാടിയുടെ മുകളിലത്തെ നിലയില്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള തീരുമാനം പഞ്ചായത്ത് സമിതിയെ കൊണ്ട് എടുപ്പിച്ചെങ്കിലും പ്രവര്‍ത്തനം സജീവമായില്ല.
കാലാവധി കഴിഞ്ഞതിനാല്‍ പദ്ധതി തുക വർധിപ്പിച്ച് നല്‍കുന്നതിനുള്ള സാധ്യത തേടി പി.സി. വിഷ്ണുനാഥ് എം.എല്‍.എ നിയമസഭയില്‍ പ്രശ്‌നം ഉന്നയിച്ചു. എന്നാല്‍, നബാഡ് നിയമപ്രകാരം പ്രവൃത്തി ആരംഭിച്ച് രണ്ടു വര്‍ഷത്തിനുള്ളിൽ പൂര്‍ത്തീകരിക്കേണ്ടതായിരുന്നെന്നും കാലാവധി കഴിഞ്ഞതിനാല്‍ തുകയില്‍ വരുന്ന മാറ്റം അംഗീകരിക്കാന്‍ കഴിയില്ലെന്നും കൃഷി മന്ത്രി നിയസഭയെ അറിയിക്കുകയും ചെയ്തു. പദ്ധതി അടിയന്തരമായി നടപ്പാക്കുന്നതിന് സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് പിന്തുണയുണ്ടാകണമെന്ന് വാര്‍ഡംഗം സുരേഷ്‌കുമാര്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.