അലിൻഡിൽനിന്ന് സാധനങ്ങൾ കൊണ്ടുപോകുന്നതിനെച്ചൊല്ലി സംഘർഷം
text_fieldsകുണ്ടറ: അലിൻഡ് ഫാക്ടറി വളപ്പില്‍നിന്ന് പ്രമോട്ടറുടേതല്ലാത്ത സാധനസാമഗ്രികള്‍ ആക്രിയാക്കി ലേലം ചെയ്ത് കടത്തുന്നത് തടയാനെത്തിയ കോണ്‍ഗ്രസ് നേതാക്കളെയും പ്രവര്‍ത്തകരെയും മാനേജ്മെന്റ് പ്രതിനിധികളും സി.ഐ.ടി.യു, സി.പി.ഐ തൊഴിലാളികളും ചേര്‍ന്ന് നേരിട്ടു. സ്ക്രാപ് കടത്തരുതെന്ന് വില്ലേജ് ഓഫിസര്‍ നല്കിയ ഉത്തരവിനെതിരെ ഹൈകോടതിയില്‍നിന്ന് വാങ്ങിയ ഒരുമാസത്തെ സ്റ്റേ ഉത്തരവ് കാട്ടിയാണ് മാനേജ്മെന്റ് നീക്കം.
ചൊവ്വാഴ്ച ഉച്ചക്ക് 12.30 ഓടെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കമ്പനി പടിക്കല്‍ എത്തിയത്. ഇവര്‍ മാനേജ്മെന്റ് പ്രതിനിധികളായ ശ്രീകുമാര്‍, ജയകുമാര്‍, രവിശര്മ, പി.എം.എ. റഹ്മാന്, ബേബി അഗസ്റ്റിന് എന്നിവരുമായി സംസാരിച്ചു. സ്വകാര്യ കമ്പനിയായതിനാല്‍ ഇവിടെയുള്ളത് വില്‍ക്കുന്നതിന് തങ്ങള്‍ക്ക് ജനപ്രതിനിധികളോട് ആലോചിക്കേണ്ട ആവശ്യമില്ലെന്നുമുള്ള നിലപാട് മാനേജ്മെന്റ് ആവര്‍ത്തിച്ചു.
വാദപ്രതിവാദങ്ങള്‍ നടക്കുന്നതിനിടെ കമ്പനിയില്‍ ഇപ്പോള്‍ പണിയെടുക്കുന്ന സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി യൂനിയനുകളിലുള്ള 27 തൊഴിലാളികളില്‍ മിക്കവരും ചര്‍ച്ച നടക്കുന്ന ഹാളിലേക്ക് എത്തി. തുടർന്ന് സംഘര്‍ഷ സാധ്യത രൂപപ്പെട്ടു. ഉച്ചയോടെ തഹസില്‍ദാര്‍ നേരിട്ടെത്തി സ്ക്രാപ് കൊണ്ടുപോകുന്നത് ഒരുദിവസത്തേക്ക് മാറ്റിവെക്കണമെന്ന് അഭ്യർഥിച്ചെങ്കിലും മാനേജ്മെന്റ് വഴങ്ങിയില്ല. തുടര്‍ന്ന് പ്രവര്‍ത്തകര്‍ ഗേറ്റിന് മുന്നില്‍ ഉപരോധമാരംഭിച്ചു. 5.30 ഓടെ പൊലീസ് എത്തി വാഹനം കടത്തിവിടണമെന്ന് സമരക്കാരോട് ആവശ്യപ്പെട്ടു.
ഹൈകോടതി ഉത്തരവില്‍ സാധനങ്ങള്‍ കൊണ്ടുപോകാനുള്ള അനുമതി രേഖപ്പെടുത്തിയിട്ടില്ലെന്നും അതിനാല്‍ കൊണ്ടുപോകുന്നത് തടയുമെന്നും സമരക്കാര്‍ നിലപാടെടുത്തു. ഇതിനിടെ കമ്പനിക്കുള്ളിൽ ഉണ്ടായിരുന്ന തൊഴിലാളികളും സമരക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഒടുവിൽ ചൊവ്വാഴ്ച ലോഡ് കൊണ്ടുപോകില്ലെന്നും ബുധനാഴ്ച ഡിവൈ.എസ്.പിയുടെ സാന്നിധ്യത്തില്‍ ജനപ്രതിനിധികൾ, തൊഴിലാളി സംഘടന പ്രതിനിധികൾ തുടങ്ങിയവരെ ഉള്‍പ്പെടുത്തി ചര്‍ച്ച ചെയ്ത് തീരുമാനിക്കാമെന്നും പൊലീസ് അറിയിച്ചു. അതുവരെ കമ്പനിക്ക് മുന്നില്‍ പൊലീസ് പിക്കറ്റ് ഉണ്ടായിരിക്കുമെന്നും വ്യക്തമാക്കി. ആറരയോടെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ സമരം അവസാനിപ്പിച്ചു.
കോണ്‍ഗ്രസ് ചിറ്റുമല ബ്ലോക്ക് പ്രസിഡന്റ് രാജു ഡി.പണിക്കര്‍, മുന്‍ ബ്ലോക്ക് പ്രസിഡന്റ് കെ. ബാബുരാജന്, യു.ഡി.എഫ് മണ്ഡലം ചെയര്മാൻ കുരീപ്പള്ളി സലിം, യു.ഡി.എഫ് കണ്‍വീനര്‍ ജി. വേണുഗോപാല്‍, പേരയം പഞ്ചായത്ത് പ്രസിഡന്റ് അനീഷ് പടപ്പക്കര, പഞ്ചായത്തംഗങ്ങളായ സുധാദേവി, ഷാര്‍ലറ്റ്, ബെറ്റ്സി റോയ്, നൗഫല്‍, പ്രസന്ന പയസ്, കുണ്ടറ മണ്ഡലം പ്രസിഡന്റ് വിനോദ്കുമാര്‍, വിനോദ് ജി. പിള്ള, വിനോദ് കോണില്‍ തുടങ്ങിയവർ സമരത്തിന് നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.