പെരിനാട്ട് സി.പി.എം-ബി.ജെ.പി പോര് മുറുകുന്നു
text_fieldsകുണ്ടറ: പെരിനാട് പഞ്ചായത്തില്‍ ജനകീയ ഹോട്ടലുമായി ബന്ധപ്പെട്ട് ബി.ജെ.പി ഉന്നയിക്കുന്ന അഴിമതി ആരോപണത്തിൽ പോര് മുറുകുന്നു. ശനിയാഴ്ച പഞ്ചായത്ത് പ്രസിഡന്റ് ദിവ്യജയകുമാറിനെ അവരുടെ ചേംബറില്‍ പൂട്ടിയിട്ട് മർദിച്ചെന്നാരോപിച്ച് എല്‍.ഡി.എഫ് വില്ലേജ് ജങ്ഷനില്‍ പ്രതിഷേധയോഗം ചേര്‍ന്നിരുന്നു. യോഗസ്ഥലത്തേക്ക് ബി.ജെ.പി പ്രതിഷേധ മാര്‍ച്ചുമായെത്തിയത് കാഷ്യു ഫാക്ടറിക്ക് മുന്നില്‍ പൊലീസ് ബാരിക്കേഡ് കെട്ടി തടഞ്ഞു. തുടര്‍ന്ന് പ്രതിഷേധക്കാര്‍ റോഡില്‍ കുത്തിയിരുന്നു.
എല്‍.ഡി.എഫ് പ്രതിഷേധയോഗം സി.പി.എം ഏരിയ സെക്രട്ടറി എസ്.എല്‍. സജികുമാര്‍ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി അംഗങ്ങള്‍ ജനകീയ ഹോട്ടല്‍ ആരംഭിച്ച നാള്‍മുതല്‍ അനാവശ്യപ്രതിസന്ധികള്‍ സൃഷ്ടിക്കുകയാണെന്നും ജനത്തെ അണിനിരത്തി ഇത്തരം നീക്കങ്ങളെ ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു.
അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. എം.വി. ആല്‍ഫ്രഡ്, എല്‍. അനില്‍, തുളസീധരന്‍, ഷംനല്‍, മുഹമ്മദ് ജാഫി എന്നിവര്‍ സംസാരിച്ചു. പെരിനാട് പഞ്ചായത്തില്‍ ജനാധിപത്യരീതിയില്‍ സമരം നടത്തിയ ബി.ജെ.പി മെംബര്‍മാരെ പ്രസിഡന്റ് മർദിച്ചെന്നും പൊലീസ് കള്ളക്കേസില്‍ കുടുക്കിയെന്നും ആരോപിച്ച് ബി.ജെ.പി പ്രതിഷേധ റാലി നടത്തി.
വെള്ളിമണ്‍ ജങ്ഷനില്‍ നിന്നാരംഭിച്ച റാലി ചെറുമൂട് വഴി കുഴിയം കാപ്പക്‌സ് ജങ്ഷനിലെത്തിയപ്പോള്‍ പൊലീസ് ബാരിക്കേഡ് കെട്ടി തടഞ്ഞു. തുടര്‍ന്ന് ബി.ജെ.പി സംസ്ഥാന സമിതിയംഗം വെള്ളിമണ്‍ ദിലീപ് യോഗം ഉദ്ഘാടനം ചെയ്തു.അഴിമതിക്കെതിരേ പോരാടാന്‍ ബി.ജെ.പി അംഗങ്ങള്‍ക്ക് പൊതുജനങ്ങള്‍ നല്‍കിയ അംഗീകാരം കള്ളക്കേസില്‍ കുടുക്കിയോ സമ്മർദം ചെലുത്തിയോ ഇല്ലാതാക്കാന്‍ സി.പി.എമ്മിന് കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
രാഹുല്‍രാജ് അധ്യക്ഷത വഹിച്ചു. ഇടവട്ടം വിനോദ്, അഡ്വ. സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. പഞ്ചായത്തംഗങ്ങളായ ശ്രുതി, വിജയലക്ഷ്മി, സ്വപ്ന, സുനില്‍കുമാര്‍, രഞ്ജിത്ത്, ഗോപകുമാര്‍ എന്നിവര്‍ റാലിക്ക് നേതൃത്വം നല്‍കി. പഞ്ചായത്തോഫിസിലെ സംഭവത്തെ തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റും ബി.ജെ.പിയുടെ വനിത മെംബർമാരും ആശുപത്രികളില്‍ ചികിത്സ തേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.