ലോക്സഭ; കൊല്ലത്ത് ഇത്തവണ പോരാട്ടം കടുക്കും
text_fieldsകൊല്ലം: യു.ഡി.എഫ് കുപ്പായത്തിൽ തുടർച്ചയായി മൂന്നാം അങ്കത്തിന് എൻ.കെ. പ്രേമചന്ദ്രൻ കൊല്ലത്ത് കച്ചകെട്ടിയിറങ്ങുന്നു. ആദ്യ രണ്ടു തവണയും വിജയം സ്വന്തമാക്കിയ സിറ്റിങ് ആർ.എസ്.പി എം.പി ഇത്തവണയും വിജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നതേയില്ല. ഇത്തവണ സംസ്ഥാന തലത്തിൽ തന്നെ മാസങ്ങൾക്കു മുമ്പേ യു.ഡി.എഫ് ധാരണയായ ആദ്യ ലോക്സഭ സ്ഥാനാർഥിയും എൻ.കെ. പ്രേമചന്ദ്രനാണ്. യു.ഡി.എഫിനും ആർ.എസ്.പിക്കും മറ്റൊരു സ്ഥാനാർഥിയെ പരിഗണിക്കേണ്ട സ്ഥിതി ഉണ്ടായിരുന്നില്ല.
പാർലമെന്റ് കളത്തിൽ 1996, 1998 വർഷങ്ങളിൽ വിജയം വരിച്ച കൊല്ലം മണ്ഡലത്തിൽ 2014ലെ ലോക്സഭ തെരഞ്ഞെടുപ്പിലാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ പോരാട്ടത്തിലൂടെ എൻ.കെ. പ്രേമചന്ദ്രൻ തിരിച്ചെത്തിയത്. എൽ.ഡി.എഫ് പാളയത്തിൽനിന്നുള്ള ആർ.എസ്.പിയുടെ പടിയിറക്കവും യു.ഡി.എഫിലേക്കുള്ള കൂടുമാറ്റവും സി.പി.എമ്മുമായുള്ള ശത്രുതക്ക് തുടക്കമായതും വഴി അന്ന് കൊല്ലം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് വൻ ജനശ്രദ്ധയാകർഷിച്ചിരുന്നു. പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയൻ തന്നെ എൻ.കെ. പ്രേമചന്ദ്രനും ആർ.എസ്.പിക്കും എതിരെ രൂക്ഷമായ വാക്കുകളുമായി രംഗത്ത് വന്നത് വൻ രാഷ്ട്രീയ കോലാഹലത്തിനാണ് അന്ന് വഴിവെച്ചത്. എം.എ. ബേബി മുഖ്യഎതിരാളിയായ പോരാട്ടത്തിൽ 37,649 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു സി.പി.എമ്മിന് പ്രഹരമായ പ്രേമചന്ദ്രന്റെ വിജയം. 2019ൽ സി.പി.എം കെ.എൻ. ബാലഗോപാലിനെ ഇറക്കിയപ്പോൾ ഭൂരിപക്ഷംകൊണ്ട് ഞെട്ടിച്ചാണ് എൻ.കെ.പി മണ്ഡലം നിലനിർത്തിയത്. 1,48,856 എന്ന ഭൂരിപക്ഷവും 51.61 വോട്ട് ശതമാനവുംകൊണ്ട് അക്ഷരാർഥത്തിൽ എൽ.ഡി.എഫിനെ തകർത്തെറിയുകയായിരുന്നു. ഇതേ വിജയക്കുതിപ്പ് തുടർന്ന് ഹാട്രിക് നേടാനാണ് പ്രേമചന്ദ്രനും ആർ.എസ്.പിയും ഇത്തവണ ലക്ഷ്യമിടുന്നതെന്ന് വ്യക്തം.
എതിരാളിയായി എം. മുകേഷ് എം.എൽ.എയെ ആണ് സി.പി.എം മുന്നോട്ടുവെക്കുന്നത്. ജില്ലകമ്മിറ്റി എം. മുകേഷിന്റെ പേര് നിർദേശിച്ചുകഴിഞ്ഞു. സംസ്ഥാനത്തുനിന്ന് അനുകൂല തീരുമാനം വന്നാൽ കനത്ത പോരാട്ടത്തിനാകും കൊല്ലം സാക്ഷിയാകുക. എൻ.കെ. പ്രേമചന്ദ്രന്റെ സാന്നിധ്യത്തിനു മുന്നിൽ ആളുകൾക്ക് പരിചയപ്പെടുത്തേണ്ടിവരില്ല എന്ന ഘടകമാണ് മുകേഷിലേക്ക് സി.പി.എമ്മിനെ എത്തിച്ച പ്രധാനഘടകങ്ങളിലൊന്ന്. ജനകീയ മുഖവുമായി മുകേഷ് കൂടി എത്തിയാൽ തീപാറുന്ന പോരാട്ടം ഇത്തവണയും പ്രതീക്ഷിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.