വല നിറയെ മത്സ്യം; മനം നിറയാതെ മത്സ്യത്തൊഴിലാളികൾ
text_fieldsവലിയതുറ: ജില്ലയുടെ തീരങ്ങളിൽ ചാകര, മത്സ്യങ്ങൾക്ക് പ്രതീക്ഷിച്ച വില കിട്ടാതെവന്നത് മത്സ്യത്തൊഴിലാളികളെ നിരാശയിലാക്കി. വിലക്കുറവ് മുതലാക്കി മൊത്തവിതരണക്കാർ കൂട്ടമായി മത്സ്യങ്ങൾ എടുത്ത് ഫ്രീസറുകളിലേക്ക് മാറ്റി. തിങ്കളാഴ്ച പുലർച്ചയോടെയാണ് തീരത്ത് മത്സ്യചാകര വന്നുതുടങ്ങിയത്. വലകളുമായി മത്സ്യബന്ധനത്തിന് ഇറങ്ങിയ വള്ളങ്ങളിലാണ് മത്സ്യങ്ങളുടെ ചാകരക്കോള് കയറിയത്.
കൊച്ചുതോപ്പ് സ്വദേശി ഷിബുവിെൻറ വലകൾ നിറച്ച് മത്സ്യം കയറിയതോടെ വള്ളത്തിൽ കൊള്ളാവുന്ന മത്സ്യങ്ങളെ നിറച്ചശേഷം ബാക്കി വലമുറിച്ച് മത്സ്യങ്ങളെ കടലിലേക്കുതന്നെ തിരികെ വിടുകയായിരുന്നു. മര്യനാട് കടപ്പുറത്ത് വെള്ള ആവോലിയുടെയും നെയ്മീെൻറയും ചാകരയായിരുന്നു. വിലകൂടിയ മത്സ്യങ്ങൾ ചുളുവിലക്കാണ് മൊത്തവിതരണക്കാർ എടുത്ത് മാറ്റിയത്.
മത്സ്യങ്ങളുടെ വരവ് കൂടിക്കൊണ്ടിരുന്നതോടെ പിന്നീട് കൊണ്ടുവന്ന മത്സ്യങ്ങൾക്ക് അധ്വാനത്തിെൻറ വിലപോലും കിട്ടാതെ മത്സ്യത്തൊഴിലാളികൾക്ക് മൊത്തവിതരണക്കാർക്ക് വിൽക്കേണ്ടിവന്നു. ഇത് മുതലാക്കി വിവിധ സ്ഥലങ്ങളിൽനിന്ന് മൊത്ത വിതരണക്കാർ ഐസുമായി എത്തി ചുളുവിലക്ക് മത്സ്യങ്ങൾ വാഹനങ്ങളിൽ നിറച്ചു. പിന്നീട് ഷെഡുകളിലേക്ക് മാറ്റുന്ന ഇത്തരം മത്സ്യങ്ങൾ മാസങ്ങളോളം ഫ്രീസറുകളിൽ ഇടംപിടിക്കും. മത്സ്യങ്ങൾക്ക് ക്ഷാമം വരുന്ന സമയത്ത് കൂടിയ വിലക്ക് ഇത് മാർക്കറ്റുകളിലെത്തും.
വലിയതുറയിലും പൂന്തുറയിലും വിഴിഞ്ഞത്തും ചൂര, അയില, വാള, കൊഴിയാള, ചെറിയപാര എന്നീ മത്സ്യങ്ങളുടെ ചാകരയായിരുന്നു. കഴിഞ്ഞ ദിവസം 5000 രൂപക്ക് വിറ്റുപോയിരുന്ന ഒരു കുട്ട അയില തിങ്കളാഴ്ച വിറ്റുപോയത് 400 രൂപക്കാണ്. 200 രൂപക്ക് മുകളിൽ വിലവരുന്ന ചൂര 25 രൂപവരെയെത്തി. 250 രൂപക്ക് മുകളിൽ പോയിരുന്ന ചുണ്ണാമ്പ് വാള 100 രൂപക്ക് താഴെ മാത്രമായിരുന്നു തിങ്കളാഴ്ചത്തെ വില. വില കിട്ടാതെ വന്നതോടെ ചിലയിടങ്ങളിൽ മത്സ്യത്തൊഴിലാളികൾ മിനി ലോറികൾ വാടകക്ക് പിടച്ച് കടപ്പുറത്തുനിന്ന് മത്സ്യം കയറ്റി റോഡുവക്കുകളിൽ കൊണ്ടുനിർത്തി വിൽപന നടത്തുകയും ചെയ്തു. വർഷങ്ങൾക്ക് ശേഷമാണ് ജില്ലയുടെ തീരങ്ങളിൽ വിവിധയിടങ്ങളിലായി ഇത്രയധികം വിവിധ മത്സ്യങ്ങളുടെ ചാകരയുണ്ടാകുന്നത്. സംസ്ഥാനത്തിെൻറ കടപ്പുറങ്ങളിൽ കുറച്ച് ദിവസങ്ങളായി വ്യാപകമായി മത്സ്യങ്ങൾ കിട്ടുന്നതും തമിഴ്നാട്ടിൽനിന്ന് വ്യാപകമായി മത്സ്യങ്ങൾ എത്തുന്നതും കാരണമാണ് വിലകൂടിയ മത്സ്യങ്ങൾക്കുപോലും വിലകിട്ടാത്ത അവസ്ഥ സംജാതമായത്. എന്നാൽ, കടപ്പുറങ്ങളിൽ മത്സ്യ ചാകര എത്തി വിലകുറഞ്ഞിട്ടും മാർക്കറ്റുകളിൽ ചെറുകച്ചവടക്കാരും മത്സ്യവ്യാപാരികളും മത്സ്യത്തിന് വില കുറക്കാൻ തയാറായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.