ഉത്രാടദിനത്തിൽ ഓണസദ്യയുണ്ട് വാനരക്കൂട്ടം
text_fieldsശാസ്താംകോട്ട: ഓണം ഒരുക്കാൻ ആളുകൾ ഉത്രാടപ്പാച്ചിൽ നടത്തുന്നതിനിടെ ഓണസദ്യ ഉണ്ണുന്ന തിരക്കിലായിരുന്നു അവർ. ശാസ്താംകോട്ട ധർമശാസ്താക്ഷേത്രത്തിലെ വാനരക്കൂട്ടം ഉത്രാടദിനത്തിൽ തൂശനിലയിൽ വിളമ്പിയ വിഭവസമൃദ്ധമായ സദ്യയുണ്ടു. ധർമശാസ്താവിന്റെ തോഴന്മാരായ വാനരന്മാർക്കായി കുത്തരിച്ചോറ്, പരിപ്പ്, പപ്പടം, പച്ചടി, കിച്ചടി, അവിയൽ, തോരൻ, രണ്ട് തരം പായസവും അടക്കമുള്ള വിഭവങ്ങൾ രാവിലെ 10.30 ഓടെ തൂശനിലയിൽ ഒരുക്കി.
തുടർന്ന് വാനരഭോജനശാലയിൽ വിഭവങ്ങൾ വിളമ്പിയശേഷം വാനരന്മാരെ ആകർഷിക്കാൻ ശ്രമിച്ചു. എന്നാൽ 150 ഓളം വരുന്ന കുരങ്ങുകൾ ആദ്യം അതത്ര കാര്യമാക്കിയില്ല. കൂട്ടത്തിലെ തലമുതിർന്നവർ ആദ്യമെത്തി ഭക്ഷണം രുചിച്ചുനോക്കിയശേഷം കുഴപ്പമില്ലെന്ന് അറിയിച്ചാൽ മാത്രമേ മറ്റുള്ളവരെത്താറുള്ളൂ. ഇക്കുറിയും അതു തെറ്റിച്ചില്ല.
കൂട്ടത്തിലെ മൂപ്പന്മാരായ സുലുവും രാജുവും പാച്ചുവുമാണ് ആദ്യമെത്തി സദ്യ രുചിച്ചത്. ഇവർ തലയാട്ടിയതോടെ മറ്റുള്ളവർ കുതിച്ചെത്തി. കൈയിൽ കിട്ടിയതെല്ലാം വാരിവലിച്ച് അകത്താക്കി. എന്നാൽ ‘മൂപ്പന്മാർ’ കുട്ടിക്കുരങ്ങുകളെ ആട്ടിയോടിക്കുന്നതും കാണാമായിരുന്നു. ഇവർക്കായി മറ്റൊരിടത്ത് സദ്യ വിളമ്പി നൽകി. പായസവും പഴവുമാണ് കൂടുതൽ പേർക്കും ഇഷ്ടമായത്. വാരിയെറിഞ്ഞും കലഹിച്ചും ആസ്വദിച്ചുമെല്ലാം സദ്യയുണ്ണാൻ രണ്ടുമണിക്കൂറോളം വേണ്ടിവന്നു. വർഷങ്ങൾക്ക് മുമ്പുവരെ ഓണ നാളുകളിൽ വാനരൻമാർക്ക് പട്ടിണി ആയിരുന്നു.
ഇത് വിവാദമായതോടെ മുൻ ഉപദേശക സമിതി പ്രസിഡന്റ് എം.വി. അരവിന്ദാക്ഷൻ നായരാണ് ഉത്രാടദിനത്തിൽ സദ്യ ഒരുക്കി നൽകിത്തുടങ്ങിയത്. അത് ഇപ്പോഴും തുടർന്നുവരുന്നു. തിരുവോണദിവസവും സദ്യയുണ്ട്. ശാസ്താംകോട്ട സ്വദേശിയും വിദേശ വ്യവസായിയുമായ ബാലചന്ദ്രൻ പിള്ളയാണ് സദ്യ നൽകുന്നത്. വാനരന്മാർ സദ്യയുണ്ണുന്നത് കാണാൻ നിരവധി ഭക്തരും ക്ഷേത്രത്തിൽ എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.