ചങ്ങനാശ്ശേരി നഗരസഭ: യു.ഡി.എഫിൽ തമ്മിലടി
text_fieldsചങ്ങനാശ്ശേരി: നഗരസഭ ഭരിക്കുന്ന യു.ഡി.എഫിൽ അഭിപ്രായഭിന്നത ബുധനാഴ്ച ചേർന്ന കൗൺസിൽ യോഗത്തിൽ മറനീക്കി പുറത്തായി. നഗരസഭയുടെ കീഴിലെ പെരുന്ന വർക്കിങ് വിമൻസ് ഹോസ്റ്റൽ നടത്തിപ്പിന് ലൈസൻസ് പുതുക്കാനുള്ള അപേക്ഷ ചർച്ചക്കെടുത്തപ്പോൾ ഭിന്നത രൂക്ഷമായി. നിലവിൽ ഇടതു മഹിള സംഘടന നേതൃത്വത്തിലാണ് വനിത ഹോസ്റ്റലിന്‍റെ പ്രവർത്തനം.
എന്നാൽ, യു.ഡി.എഫിന് ഭൂരിപക്ഷമുള്ള ഭരണസമിതി ഹോസ്റ്റലിന്‍റെ പ്രവർത്തനം തങ്ങളുടെ ഇഷ്ടക്കാരെക്കൊണ്ട് നടത്തിക്കാൻ രഹസ്യ അജണ്ടയുമായി എത്തിയെങ്കിലും അനൈക്യം മൂലം പൊളിഞ്ഞു. എൽ.ഡി.എഫിലെ മുഴുവൻ അംഗങ്ങളും വനിത ഹോസ്റ്റൽ നടത്തിപ്പ് തുടർന്നും നിലവിൽ നടത്തുന്ന സംഘടനക്ക് തന്നെ നല്കണമെന്ന് ഒരേ സ്വരത്തിൽ ആവശ്യപ്പെട്ടതോടെ കൗൺസിൽ യോഗത്തിൽ തർക്കം രൂക്ഷമായി.
ഇതോടെ തീരുമാനം വോട്ടെടുപ്പിന് വിടണമെന്ന് എൽ.ഡി.എഫിലെ മാത്യൂസ് ജോർജ് ആവശ്യപ്പെട്ടു. തുടർന്ന് വോട്ടെടുപ്പ് നടക്കുകയും ഭരണപക്ഷത്തെ 12നെതിരെ 16 വോട്ടുനേടി വനിത ഹോസ്റ്റലിന്‍റെ നടത്തിപ്പ് ചുമതല ഇടതുപക്ഷ മഹിള സംഘടനക്ക് ലഭിക്കുകയും ചെയ്തു. മൂന്ന് അംഗങ്ങളുള്ള ബി.ജെ.പി, യു.ഡി.എഫിന് അനുകൂലമായാണ് വോട്ട് ചെയ്തത്. 18 അംഗങ്ങളുള്ള യു.ഡി.എഫ് ഭരണസമിതിക്ക് മൂന്ന് ബി.ജെ.പി അംഗങ്ങളുടെ ഉൾപ്പെടെ 12 വോട്ട് മാത്രമാണ് ലഭിച്ചത്.
വൈസ് ചെയർമാൻ ബെന്നി ജോസഫ് യു.ഡി.എഫിന്‍റെ രഹസ്യ അജണ്ടക്കെതിരെ യോഗത്തിൽ പരസ്യമായ നിലപാട് സ്വീകരിക്കുകയും വോട്ടെടുപ്പിൽ എൽ.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്യുകയും ചെയ്തു. നിലവിൽ നല്ല നിലയിലാണ് വനിത ഹോസ്റ്റലിന്‍റെ പ്രവർത്തനമെന്നും ലൈസൻസ് പുതുക്കി നല്കണമെന്നും യു.ഡി.എഫ് വൈസ് ചെയർമാൻ പരസ്യമായി ആവശ്യപ്പെട്ടതും യു.ഡി.എഫിന് നാണക്കേടായി.
കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റും കൗൺസിൽ അംഗവുമായ ബാബു തോമസ്, മണ്ഡലം സെക്രട്ടറി രാജു ചാക്കോ എന്നിവർ വോട്ടെടുപ്പിൽ പങ്കെടുത്തില്ല. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ സന്തോഷ് ആന്‍റണിയും എൽസമ്മ ജോബും വോട്ടെടുപ്പിന് മുമ്പേ യോഗത്തിൽനിന്ന് ഇറങ്ങിപ്പോയപ്പോൾ, സുമ ഷൈനും മോളമ്മ സെബാസ്റ്റ്യനും മാറിനിന്നു.
നഗരസഭ യോഗത്തിൽ അജണ്ട ചർച്ചെക്കെടുത്തത് മുതൽ യു.ഡി.എഫ് അംഗങ്ങൾ തമ്മിൽ പലപ്രാവശ്യം അതിരൂക്ഷമായ വാക്കേറ്റമായി. യു.ഡി.എഫിലെ അനൈക്യമാണ് നഗരസഭ കൗൺസിലിൽ കണ്ടതെന്ന് നഗരസഭ പ്രതിപക്ഷ നേതാവ് കൃഷ്ണകുമാരി രാജശേഖരൻ പറഞ്ഞു. അഡ്വ. പി.എ. നസീർ, കുഞ്ഞുമോൾ സാബു, ആർ. ശിവകുമാർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.