ചങ്ങനാശ്ശേരി പടിഞ്ഞാറന്‍ മേഖലയില്‍ വീടുകള്‍ വെള്ളത്തിനടിയിലായി
text_fieldsചങ്ങനാശ്ശേരി: ചങ്ങനാശ്ശേരിയിലെ പടിഞ്ഞാറന്‍ മേഖലയില്‍ നൂറുകണക്കിനുവീടുകള് വെള്ളത്തിനടിയിലായി. ചങ്ങനാശ്ശേരി താലൂക്കില്‍ 12ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. എ.സി റോഡിലും വെള്ളം കയറിയതോടെ ഇരുചക്ര വാഹനയാത്ര ദുഷ്കരമായി. വാഹനങ്ങള്‍ നിന്നുപോവുകയും വലിയ വാഹനങ്ങള്‍ കടന്നുപോവുമ്പോള്‍ എ.സി റോഡരികിലെ വീടുകളിലേക്ക് വെള്ളം ഇരച്ചുകയറുകയും ചെയ്യുന്ന സാഹചര്യമുണ്ട്. പാറയ്ക്കല്‍ കലുങ്ക്, മനയ്ക്കച്ചിറ, കിടങ്ങറ, ഒന്നാംപാലം എന്നിവിടങ്ങളിലും റോഡില്‍ വെള്ളമുണ്ട്. എ.സി കനാല്‍ കവിഞ്ഞതോടെ എ.സി കോളനിയിലും താഴ്ന്ന പ്രദേശങ്ങളിലെ നൂറുകണക്കിന് വീടുകളില്‍ വെള്ളം കയറി. ആലപ്പുഴ-ചങ്ങനാശ്ശേരി റോഡില്‍ കെ.എസ്.ആര്.ടി.സി സര്‍വിസ് നടത്തി. പറാല്‍- കുമരങ്കരി റൂട്ടില്‍ കെ.എസ്.ആര്.ടി.സി സര്‍വിസ് നടത്തിയില്ല. കൃഷ്ണപുരം -കാവാലം സര്‍വിസ് നാരകത്തറയില്‍ അവസാനിപ്പിച്ചു. കൈനടി-കാവാലം റൂട്ടില്‍ സര്‍വിസ് പൂര്‍ണമായും നടത്തി.
ചങ്ങനാശ്ശേരി ബോട്ട് ജെട്ടിയില്‍നിന്ന് ഒരു ബോട്ട് കിടങ്ങറ വരെ സര്‍വിസ് നടത്തുന്നുണ്ട്. കെ.സി പാലത്തിന്റെ ഉയരക്കുറവ് മൂലം പാലത്തിനടിയിലൂടെ ബോട്ട് സര്‍വിസ് നടത്താന്‍ സാധിക്കുന്നില്ല. ബോട്ട് ജെട്ടിയില്‍ വലിയ തിരക്കും ഇല്ല. വെള്ളിയാഴ്ച കിടങ്ങറ വരെ നാല് സര്‍വിസുകളാണ് വൈകീട്ട് ഏഴുമണി വരെ നടന്നത്.
ചങ്ങനാശ്ശേരി താലൂക്കില്‍ 12 ദുരിതാശ്വാസ ക്യാമ്പുകളിലായി 191 കുടുംബങ്ങളിലെ 634 അംഗങ്ങളാണുള്ളത്. നഗരസഭ പരിധിയിലെ താഴ്ന്ന പ്രദേശങ്ങള്‍, പോത്തോട്, പായിപ്പാട്, വാഴപ്പള്ളി, കുറിച്ചി പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിലെ പൂവം, എ.സി റോഡ്, നക്രാല്‍ പുതുവല്‍, മൂലേല് പുതുവേല്‍, മനയ്ക്കച്ചിറ, കോമങ്കേരിച്ചിറ, പായിപ്പാട് പഞ്ചായത്ത് ഒന്നാംവാര്‍ഡ്, പെരുമ്പുഴക്കടവ്, പൂവം, പാറക്കല്‍ കലുങ്ക് തുടങ്ങിയ പ്രദേശങ്ങള്‍, വാഴപ്പള്ളി പഞ്ചായത്തിലെ പുതുച്ചിറ, പറാല്‍, ചെത്തിപ്പുഴ, കുറിച്ചി പഞ്ചായത്തിലെ കണ്ണന്തറക്കടവ്, അഞ്ചലശ്ശേരി, പാട്ടാശ്ലേരി, ചാലച്ചിറ തൃക്കൊടിത്താനം പഞ്ചായത്തിലെ ആഞ്ഞിലിവേലിക്കുളം, എന്നിവിടങ്ങളിലെ വീടുകളിലാണ് വെള്ളംകയറിയത്.
ചങ്ങനാശ്ശേരി പടിഞ്ഞാറ് പാടശേഖരങ്ങളിലും വെള്ളം കയറിക്കിടക്കുകയാണ്. നഗരസഭയുടെയും പായിപ്പാട് പഞ്ചായത്തിന്റെയും പടിഞ്ഞാറന്‍ പ്രദേശങ്ങളാണ് ഇപ്പോള്‍ ദുരിതത്തിലായിരിക്കുന്നത്. താഴ്ന്ന പ്രദേശങ്ങളിലെല്ലാം തന്നെ ജലനിരപ്പ് ഉയര്‍ന്നുതന്നെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.