പോളയും പുല്ലും മൂടി എ.സി കനാൽ; മനക്കച്ചിറ ടൂറിസം പദ്ധതി നാശത്തിലേക്ക്
text_fieldsചങ്ങനാശ്ശേരി: കോടികൾ ചെലവഴിച്ച എ.സി കനാലിലെ മനക്കച്ചിറ ടൂറിസം പദ്ധതി പോളയും പുല്ലും മൂടി. മുമ്പ് ഇറിഗേഷൻ വകുപ്പിന്റെയും നഗരസഭയുടെയും നേതൃത്വത്തിൽ കനാലിലെ പോള നീക്കിയിരുന്നെങ്കിലും പിന്നീട്, ആരും തിരിഞ്ഞുനോക്കാതായി. എ.സി കനാലിന്റെ നടുവിൽ ടൂറിസം പദ്ധതിക്കായി പണിത പവിലിയനുകളും നാശത്തിന്റെ വക്കിലാണ്. ചുറ്റുമതിലും മറ്റും ഇടക്കാലത്ത് നവീകരണത്തിന്റെ ഭാഗമായി അറ്റകുറ്റപ്പണി നടത്തിയിരുന്നു.
പോളക്ക് പുറമെ പ്ലാസ്റ്റിക് കുപ്പികളും മാലിന്യവും നിറഞ്ഞ് കിടക്കുകയാണ്. എ.സി റോഡിന്റെ നവീകരണ പ്രവർത്തങ്ങളുടെ ഭാഗമായി മനക്കച്ചിറയുടെ പ്രധാന ഗേറ്റ് ഉൾപ്പെടെ അടച്ചിട്ട നിലയിലാണ്. ഇതോടെ, ഇങ്ങോട്ടേക്ക് സന്ദർശകരും എത്താതായി. സാമൂഹികവിരുദ്ധരുടെ താവളമായും ഇവിടം മാറി.
മനക്കച്ചിറ ടൂറിസം പദ്ധതിക്ക് പുറമെ കനാലിലെ പോളകൾ വാരിമാറ്റാൻ കോടികളാണ് ചെലവാക്കുന്നത്. പോള വർധിക്കുന്നതിനു മുമ്പ് നീക്കാൻ ആളെ നിയമിക്കുമെന്നും കനാൽ സംരക്ഷിക്കുമെന്നും വാഗ്ദാനങ്ങൾ നടത്തിയെങ്കിലും നടപ്പായില്ല.
എ.സി കനാലിൽ നടന്നിരുന്ന ചങ്ങനാശ്ശേരി ജലോത്സവം നടക്കാതായതോടെ, പോളയിൽനിന്നും കനാലിന് മോക്ഷവും ലഭിക്കാതായി.
മുമ്പ് പോള മാത്രമായിരുന്നു കനാലിന് ശാപം എങ്കിൽ ഇപ്പോൾ പടർന്ന് പന്തലിച്ച് പുല്ലും ചെറുമരങ്ങളും നിറഞ്ഞതോടെ നീരൊഴുക്ക് നിലച്ചു. ഇവ നീക്കുകയാണെങ്കിൽ കിടങ്ങറാക്ക് മുമ്പുള്ള ചെറു കൈവഴികളിലൂടെ കൂടുതൽ വെള്ളം ഒഴുകിപ്പോവുമായിരുന്നു.
കനാലിലെ നീരൊഴുക്ക് തടസ്സപ്പെട്ടതും കഴിഞ്ഞ ദിവസം പെയ്ത മഴയെ തുടർന്ന് ഒഴുകിയെത്തിയ കിഴക്കൻ വെള്ളം താഴാത്തതിന് കാരണമാകുന്നുണ്ട്. ആറിന് തീരത്തായി നിരവധി കുടുംബങ്ങളാണ് താമസിക്കുന്നത്. പോളയും പുല്ലും അഴുകുന്ന മലിനജലമാണ് പ്രദേശവാസികൾ പ്രാഥമികാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത്.
കനാലിലെ കാട് കൂടുതൽ ഉയരത്തിൽ വളർന്നതോടെ എ.സി റോഡിൽനിന്ന് നോക്കിയാൽ അക്കരെയുള്ള വീടുകൾ കാണാൻ കഴിയാത്ത സ്ഥിതിയാണ്, കനാൽ എത്രയും വേഗം വൃത്തിയാക്കി നീരൊഴുക്ക് സുഗമമാക്കി ഉപയോഗയോഗ്യമാക്കണമെന്നാണ് ഇരുകരയിലും താമസിക്കുന്ന കുടുംബങ്ങൾ ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.