ആവേശോജ്ജ്വലമായി നീലംപേരൂർ പൂരം പടയണി
text_fieldsചങ്ങനാശ്ശേരി: നീലംപേരൂർ പൂരം പടയണിക്ക് ആവേശോജ്ജ്വല സമാപനം. അവിട്ടം നാളിൽ ചൂട്ടുപടയണിയോടെ ആരംഭിച്ച പടയണി ചടങ്ങുകൾ വല്യന്നം എഴുന്നള്ളിയതോടെ സമാപിച്ചു. രാത്രി പത്തിന് ചേരമാൻ പെരുമാൾ കോവിലിൽ പോയി അനുവാദം വാങ്ങിയ ശേഷമാണ് ചടങ്ങുകൾ തുടങ്ങിയത്. ഒരു വല്യന്നവും രണ്ടു ചെറിയ അന്നങ്ങളുമാണ് ഇത്തവണ പൂരത്തിന് എഴുന്നള്ളിയത്. ഇതോടൊപ്പം ദേവിയുടെ തിരുനടയിൽ ഭക്തർ 90 ചെറിയ പുത്തൻ അന്നങ്ങളെയും കാഴ്ചവെച്ചു. 30 അടി ഉയരമുള്ള ഒരു വല്യന്നവും 15 അടി വീതം ഉയരമുള്ള രണ്ട് ചെറിയ അന്നങ്ങളും 90 ചെറിയ അന്നങ്ങളും പടയണിക്കളത്തിൽ എത്തി.
അരയന്നങ്ങൾക്കൊപ്പം എട്ടര അടി ഉയരമുള്ള നീലംപേരൂർ നീലകണ്ഠൻ എന്ന കരക്കാർ വിളിക്കുന്ന പൊയ്യാന, രാവണൻ, ഹനുമാൻ, അമ്പലക്കോട്ട എന്നീ പതിവ് കോലങ്ങൾക്കു പുറമെ ഇത്തവണ അർധനാരീശ്വരൻ, മാർക്കണ്ഡേയചരിതം, സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം ഓർമിപ്പിച്ച് സൈനികരുടെ കോലവും പീരങ്കിയും ഇന്ത്യയുടെ മാപ്പും പുതിയ കോലങ്ങളായി പടയണി ദിനത്തിൽ എത്തി. വ്യത്യസ്ത അളവുകളുള്ള അന്നങ്ങളെയാണ് ഭക്തരുടെ നേർച്ചയായി ദേവിക്ക് സമർപ്പിച്ചത്.
അന്നങ്ങളും കോലങ്ങളും ക്ഷേത്രസന്നിധിയിൽ എത്തിയശേഷം ദേവി വാഹനമായ സിംഹം എഴുന്നള്ളുന്നതോടെ പടയണി ആരംഭിച്ചു. തുടർന്ന് പടയണിയുടെ വ്രതം അനുഷ്ഠിച്ച കാർമികനായ ഗോപകുമാർ മഠത്തിൽ അരിയും തിരിയും സമർപ്പിച്ചു.
പടയണി ദിവസം ക്ഷേത്രത്തിൽ പള്ളിയുണർത്തൽ, അഷ്ടാഭിഷേകം, ക്ഷേത്രചടങ്ങുകൾ, നിറപണികൾ, ഉച്ചപൂജ, കൊട്ടിപ്പാടി സേവ, മഹാപ്രസാദമൂട്ട്, ദീപാരാധന, അത്താഴപൂജ, പുത്തനന്നങ്ങളുടെ തേങ്ങാമുറിക്കൽ, കുടം പൂജകളി, സർവപ്രായശ്ചിത്തം, തോത്താകളി, പുത്തൻഅന്നങ്ങളുടെ തിരുനട സമർപ്പണം, വല്യന്നത്തിന്റെ എഴുന്നള്ളത്ത്, ചെറിയ അന്നങ്ങൾ, കോലങ്ങൾ, പൊയ്യാന, സിംഹം എന്നിവയുടെ എഴുന്നള്ളത്തും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.