ചങ്ങനാശ്ശേരിയില്‍ രണ്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ കൂടി
text_fieldsചങ്ങനാശ്ശേരി: കിഴക്കന്‍ വെള്ളത്തിന്റെ വരവ് കുറഞ്ഞതോടെ പടിഞ്ഞാറന്‍ നിവാസികളുടെ ആശങ്കയൊഴിയുന്നു. നേരിയതോതില്‍ വെള്ളം ഇറക്കം ഉണ്ടെങ്കിലും താഴ്ന്ന പ്രദേശങ്ങളും വീടുകളും വെള്ളത്തില്‍ തന്നെയാണ്. എ.സി റോഡില്‍നിന്ന് വെള്ളം ഇറങ്ങിത്തുടങ്ങി. ശനിയാഴ്ച രണ്ടു ക്യാമ്പുകള്‍കൂടി തുറന്നു. ളായിക്കാട് സെന്റ് ജോണ്‍സ് സ്‌കൂളില്‍ തുറന്ന ക്യാമ്പില്‍ 14 കുടുംബങ്ങളില്‍നിന്ന് 32പേരും വാഴപ്പള്ളി കിഴക്ക് എല്‍.പി.എസ് സ്‌കൂളില്‍ തുറന്ന ക്യാമ്പില്‍ 10 കുടുംബങ്ങളില്‍നിന്ന് 36 പേരുമാണുള്ളത്. ടൗണ്‍ എല്‍.പി.എസില്‍ പുതുതായി ഒമ്പത് കുടുംബത്തില്‍നിന്ന് 26 പേരും ശനിയാഴ്ച രാവിലെ എത്തി.
നിലവില്‍ ചങ്ങനാശ്ശേരി മേഖലയില്‍ ഏഴ് ക്യാമ്പുകളിലായി 107 കുടുംബങ്ങളാണ് താമസിക്കുന്നത്. പെരുന്ന ഗവ. യു.പി സ്‌കൂള്‍, പെരുന്ന ഗവ. എല്‍.പി.എസ്, സെന്റ് ജയിംസ് എല്‍.പി.എസ് പണ്ടകശാല കടവ്, പുഴവാത് ഗവ. എല്‍.പി, പൂവം ഗവ. യു.പി.എസ് എന്നീ സ്‌കൂളുകളിലാണ് ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. പൂവം, എ.സി റോഡ്, നക്രാല്‍ പുതുവല്‍, മൂലേല്‍ പുതുവേല്‍, മനക്കചിറ, കോമങ്കേരിചിറ, പായിപ്പാട് പഞ്ചായത്ത് ഒന്നാംവാര്‍ഡ്, പെരുംപുഴക്കടവ്, പൂവം, ടെങ്കോ പാലം, പാറക്കല്‍ കലുങ്ക് തുടങ്ങിയ പ്രദേശങ്ങള്‍, വാഴപ്പള്ളി പഞ്ചായത്തിലെ പറാല്‍, കുറിച്ചി പഞ്ചായത്തിലെ അഞ്ചലശ്ശേരി, പാട്ടാശ്ശേരി എന്നിവിടങ്ങളിലും തുരുത്തേല്‍, സസ്യമാര്‍ക്കറ്റ്, പറാല്‍ തുടങ്ങിയ ഭാഗങ്ങളിലും ജലനിരപ്പ് മാറ്റമില്ലതെ തുടരുന്നു.
കാവാലം സര്‍വിസ് മാത്രമാണ് നടത്തുന്നത്. മഴ മാറിയെങ്കിലും വെള്ളം പൂര്‍ണമായി വീടുകളില്‍നിന്ന് ഇറങ്ങാത്തതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ ക്യാമ്പുകളില്‍ തുടരേണ്ട സ്ഥിതിയാണ്. കനത്ത മഴയില്‍ ചങ്ങനാശ്ശേരി മേഖലയില്‍ ഭാഗികമായി മൂന്ന് വീടുകള്‍ തകര്‍ന്നിട്ടുണ്ടെന്ന് തഹസില്‍ദാര്‍ വിജയസേനന്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.