ഭൂമി തരംമാറ്റൽ; പാരിസ്ഥിതിക പ്രശ്നങ്ങളിലേക്ക് നയിക്കുമെന്ന് ആക്ഷേപം
text_fieldsകോട്ടയം: ഭൂമി തരംമാറ്റത്തിനുള്ള അപേക്ഷയിൽ തീരുമാനം എടുക്കുന്നതിന് കർഷകർ ഉൾപ്പെടുന്ന നിരീക്ഷണ സമിതിയുടെ ശിപാർശ ആവശ്യമില്ലെന്ന റവന്യൂ വകുപ്പ് അഡീഷനൽ സെക്രട്ടറിയുടെ സർക്കുലറിനെതിരെ പ്രതിഷേധവുമായി കർഷകർ. ടൂറിസത്തിന്റെ പേരിൽ വ്യാപക തരംമാറ്റൽ നടക്കുന്ന ജില്ലയിൽ പുതിയ നിർദേശം വലിയ പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നാണ് കർഷകരുടെ ആശങ്ക. ഭൂമി തരം മാറ്റുന്നതിന് അപേക്ഷ നൽകിയാൽ കൃഷി ഓഫിസിലേക്കാണ് ആദ്യം എത്തുക. കൃഷി ഓഫിസർ ഇത് നിരീക്ഷണസമിതിയുടെ മുന്നിൽവെക്കും. സമിതി സ്ഥലം സന്ദർശിച്ച് നൽകുന്ന ശിപാർശയുടെ അടിസ്ഥാനത്തിലാണ് ഭൂമി തരംമാറ്റി നൽകണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്.
ഭൂമി രൂപമാറ്റം വരുത്തുമ്പോൾ സമീപ ഭൂമിയിലുള്ളവരെ ബാധിക്കരുതെന്നതാണ് ഇത്തരത്തിൽ പ്രാദേശിക നിരീക്ഷണസമിതികളെ നിയോഗിക്കുന്നതിന്റെ ലക്ഷ്യം. സ്വാഭാവികമായി തരംമാറ്റലിന് അപേക്ഷ നൽകിയാൽ അക്കാര്യം തദ്ദേശസ്ഥാപനം അടക്കം നാട്ടിലുള്ളവർ അറിയും. സുതാര്യമായി നടപടിക്രമങ്ങൾ മുന്നോട്ടുനീങ്ങാനുള്ള ഈ സാഹചര്യമാണ് പുതിയ സർക്കുലർ ഇല്ലാതാക്കിയത്. അപ്പർ കുട്ടനാട്ടിൽ സമിതി ശിപാർശ ചെയ്യാത്ത ഭൂമി വ്യാപകമായി തരംമാറ്റിയതായി ആക്ഷേപമുണ്ട്. ഇത്തരത്തിൽ നിരവധി പരാതികൾ നിലനിൽക്കെയാണ് സമിതികളുടെ ഇടപെടൽ ഒഴിവാക്കുന്നത്.
പുതിയ സർക്കുലർ പ്രകാരം ഭൂമി തരംമാറ്റൽ, ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലേക്കു മാറ്റിയതോടെ നടപടിക്രമങ്ങൾ രഹസ്യസ്വഭാവത്തിലേക്കു മാറി. അപ്പർ കുട്ടനാട്ടിൽ ടൂറിസത്തിന്റെ പേരിൽ വൻകിടക്കാർ വലിയ തോതിൽ ഭൂമി വാങ്ങിക്കൂട്ടിയിട്ടുണ്ട്. സർക്കുലറിന്റെ മറവിൽ ഈ ഭൂമി തരംമാറ്റപ്പെടും. ഇതിന്റെ ഭാഗമായാണ് ഭൂമി തരംമാറ്റി നൽകാൻ സഹായിക്കും എന്ന രീതിയിൽ വ്യാപകമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത് പുതിയ നിർദേശം വൻകിടക്കാരെയാണ് സഹായിക്കുക. വീടുവെക്കാൻ അപേക്ഷ നൽകിയ സാധാരണക്കാരൻ അവഗണിക്കപ്പെടും. റവന്യ വകുപ്പിന്റെ ഒത്താശയോടെയാണ് ഇതെല്ലാം നടക്കുന്നതെന്നും കർഷകർ ആരോപിക്കുന്നു.
സർക്കുലർ പിൻവലിച്ചില്ലെങ്കിൽ നിയമ നടപടി
കോട്ടയം: ഭൂമി തരം മാറ്റത്തിനുള്ള അപേക്ഷയിൽ തീരുമാനം എടുക്കുന്നതിന് കർഷകർ ഉൾപ്പെടുന്ന നിരീക്ഷണ സമിതിയുടെ ശിപാർശ ആവശ്യമില്ലെന്ന റവന്യൂ വകുപ്പ് അഡീഷനൽ സെക്രട്ടറിയുടെ സർക്കുലർ കേരളത്തിലെ കർഷകരോടുള്ള അവഗണനയെന്ന് കർഷക കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി എബി ഐപ്പ്. നിരീക്ഷണ സമിതി ശിപാർശ ചെയ്യാത്ത നിരവധി തണ്ണീർത്തടങ്ങൾ റവന്യൂ വകുപ്പ് തരം മാറ്റാൻ അനുമതി നൽകിയിട്ടുണ്ട്. കടുത്ത പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് വഴിവെക്കുന്ന വിഷയത്തിൽ റവന്യൂ വകുപ്പ് മന്ത്രി തുടരുന്ന നിസ്സംഗത പ്രതിഷേധാർഹമാണ്. സർക്കുലർ പിൻവലിച്ചില്ലെങ്കിൽ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്നും എബി ഐപ്പ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.